1 GBP = 104.17
breaking news

ചർച്ച പരാജയം, സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരും

ചർച്ച പരാജയം, സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരും

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ ജനങ്ങളെ ദുരിതത്തിലാക്കിയ സ്വകാര്യ ബസ് സമരം അനിശ്ചിതകാലത്തേക്ക് തുടരും.
മൂന്നാം ദിവസത്തിലേക്ക് കടന്ന സ്വകാര്യ ബസ് സമരം പൊതുജീവിതത്തെ ബാധിച്ചതോടെയാണ് ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്‌ക്കൊരുങ്ങിയത്. കോഴിക്കോട് ഗസ്‌റ്റ് ഹൗസിലായിരുന്നു ചർച്ച. എന്നാൽ സ്‌‌കൂൾ വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ വർദ്ധനവ് ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ബസ് ഉടമകൾ നിലപാടെടുത്തതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

സ്‌‌കൂൾ കുട്ടികളെ കയറ്റിയാൽ നഷ്‌‌ടമെന്ന് ബസുടമകൾ
ഇന്ന് നടന്ന ചർച്ചയിൽ തങ്ങളുന്നയിച്ച കാര്യങ്ങൾ മന്ത്രിക്ക് മനസിലായെന്നും എന്നാൽ വിദ്യാർത്ഥികളുടെ ചാർജ് വർദ്ധനവ് കാര്യത്തിൽ ഒറ്റയ്‌ക്ക് തീരുമാനമെടുക്കാനാവില്ലെന്നുമാണ് അദ്ദേഹം അറിയച്ചതെന്ന് ബസുടമകൾ പ്രതികരിച്ചു. സർക്കാർ മിനിമം ചാർജ് വർദ്ധിപ്പിച്ചത് അംഗീകരിക്കുന്നു. എന്നാൽ അതിന് അനുസൃതമായി വിദ്യാർത്ഥികളുടെ യാത്രാ നിരക്കും വർദ്ധിപ്പിക്കണം. വിദ്യാർത്ഥികളുടെ യാത്രാക്കൂലി ബസ് ഉടമകളുടെ മേൽ വച്ച് കെട്ടരുതെന്ന് ബസ് ചാർജ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച രാമചന്ദ്രൻ കമ്മിഷൻ പറഞ്ഞിട്ടുണ്ട്. സർക്കാർ നിയോഗിച്ച കമ്മിഷന്റെ നിർദ്ദേശങ്ങളെ സർക്കാർ തന്നെ അട്ടിമറിക്കുകയാണ്. വിദ്യാർത്ഥികളെ കയറ്റിയാൽ ബസ് വ്യവസായം മുതലാകില്ലെന്നും ബസ് ഉടമകൾ കൂട്ടിച്ചേർത്തു.

അതേസമയം, മന്ത്രിയുമായുള്ള ചർച്ചയിൽ ചില സംഘടനകളെ മാത്രം വിളിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം ബസുടമകൾ രംഗത്ത് വന്നത് സംഘർഷത്തിനിടയാക്കി. 12 സംഘടനകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. എന്നാൽ ഏഴ് സംഘടനകളെയാണ് ചർച്ചയ്ക്ക് വിളിച്ചതെന്ന് അവഗണിക്കപ്പെട്ട സംഘടനാ ഭാരവാഹികൾ പറഞ്ഞു. തുടർന്ന് ചേംബറിന് മുന്നിൽ വച്ച് ഭാരവാഹികൾ തമ്മിൽ നേരിയ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. പൊലീസ് ഇടപെട്ടാണ് പ്രതിഷേധം ശമിപ്പിച്ചത്. എന്നാൽ പ്രതിഷേധവുമായെത്തിയവർ ഒരു സംഘടനയുടെയും ഭാഗമല്ലെന്നാണ് ബസ് ഉടമകളുടെ വാദം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more