1 GBP = 104.30
breaking news

ബ്രിട്ടൻ ലോക്ക്ഡൗൺ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; നിയന്ത്രണങ്ങളിലെ ഇളവുകൾ ഞായറാഴ്ച്ച പ്രഖ്യാപിക്കും

ബ്രിട്ടൻ ലോക്ക്ഡൗൺ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; നിയന്ത്രണങ്ങളിലെ ഇളവുകൾ ഞായറാഴ്ച്ച പ്രഖ്യാപിക്കും

ലണ്ടൻ: കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്നുള്ള ലോക്ക്ഡൗൺ ബ്രിട്ടൻ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ആറാഴ്ചയായി തുടരുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ ഇന്നലെ നടന്ന കോബ്ര മീറ്റിങ്ങിന് ശേഷമാണ് ലോക്ക്ഡൗൺ കാലാവധി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. അതേസമയം ലോക്ക്ഡൗൺ ഇളവുകൾ നൽകുന്നത് സംബന്ധിച്ച സ്ഥിരീകരണവും പ്രധാനമന്ത്രി നൽകി.

തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന സ്ഥിരീകരണമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നൽകിയത്. ‘സ്‌റ്റേ അറ്റ് ഹോം’ സന്ദേശം ഉപേക്ഷിക്കുന്ന സര്‍ക്കാര്‍ അഞ്ച് ഘട്ടങ്ങളിലായാണ് വിലക്കുകള്‍ നീക്കുക.

രാജ്യത്തിന് നിബന്ധനകളില്‍ അനുവദിക്കുന്ന ഇളവുകള്‍ ക്യാബിനറ്റ് യോഗത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ട ശേഷം ഞായറാഴ്ച പ്രഖ്യാപിക്കും. ഇതിന് ശേഷം വീടുകളില്‍ തുടരുകയെന്ന നിലപാട് ഉപേക്ഷിച്ച് ‘പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കുക’ എന്ന മന്ത്രം സ്വീകരിക്കുമെന്ന് ഒരു ക്യാബിനറ്റ് മന്ത്രി വെളിപ്പെടുത്തി. ഇളവുകള്‍ ഓരോ ഘട്ടത്തിലും അനുവദിക്കുമ്പോള്‍ ഇന്‍ഫെക്ഷന്‍ നിരക്കിനെ ഏത് തരത്തിലാണ് ബാധിക്കുകയെന്ന് നിരീക്ഷിച്ച ശേഷമാകും അടുത്ത ഇളവുകളിലേക്ക് കടക്കുക. മെയ് മാസം മുതല്‍ ഒക്ടോബര്‍ മാസം വരെ നീളുന്ന ദീര്‍ഘകാല പദ്ധതിയാണ് സര്‍ക്കാരിന് ഈ വിഷയത്തിലുള്ളത്.

ശരത്കാലത്തോടെ മാത്രമാകും ബ്രിട്ടന്‍ സമ്പൂര്‍ണ്ണമായി ലോക്ക്ഡൗണില്‍ നിന്നും പുറത്ത് കടക്കുക. ആളുകള്‍ക്ക് സുരക്ഷിതമായ രീതിയില്‍ ജോലിയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെങ്കില്‍ ഇതിന് പ്രോത്സാഹനം നല്‍കാനാണ് ബോറിസ് താല്‍പര്യപ്പെടുന്നത്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കേണ്ടി വരും. തിങ്കളാഴ്ച തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ ഗാര്‍ഡന്‍ സെന്ററുകള്‍ പുനരാരംഭിക്കാനും, ലോക്ക്ഡൗണില്‍ തുറന്നുപ്രവര്‍ത്തിച്ച ബിസിനസ്സുകളിലേക്ക് ജോലിക്കാര്‍ക്ക് മടങ്ങിയെത്താനും സാധിക്കും. ദിവസത്തില്‍ ഒരു വ്യായാമം എന്ന നിബന്ധന മാറ്റും. സണ്‍ബാത്തിംഗ് ചെയ്യുന്നവരും, ബെഞ്ചുകളില്‍ ഇരിക്കുന്നവരും രണ്ട് മീറ്റര്‍ അകലം പാലിച്ചാല്‍ പോലീസ് ഇടപെടില്ല. കൂടാതെ കണ്‍ട്രിസൈഡിലേക്ക് നടക്കാനും, പിക്‌നിക്കിനും പോകുന്നവരെയും തടയില്ല.

രണ്ടാം ഘട്ടം മെയ് അവസാനത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്ത് പ്രൈമറി സ്‌കൂളുകള്‍ പതിയെ ക്ലാസുകളിലേക്ക് മടങ്ങും. ജൂണ്‍ അവസാനത്തില്‍ മൂന്നാം ഘട്ടം നടപ്പാക്കുമ്പോള്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ തുറക്കും. കൂടാതെ ചില ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ്, കഫെ എന്നിവയും തിരിച്ചെത്തും. പബ്ബും, റെസ്റ്റൊറന്റും ആഗസ്റ്റ് അവസാനത്തില്‍ അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യമാകും തുറക്കുക. ജിമ്മുകള്‍ക്ക് ഒക്ടോബര്‍ വരെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയില്ല. എന്നാല്‍ ഇതിനിടയില്‍ മാരക വൈറസിന്റെ രണ്ടാം ഘട്ടം ആഞ്ഞടിച്ചാല്‍ പദ്ധതി മാറ്റുമെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more