1 GBP = 104.29
breaking news

ഉത്തരധ്രുവത്തിലൂടെ ദൈർഘ്യമേറിയ വ്യോമപാത താണ്ടി ഇന്ത്യൻ വനിത പൈലറ്റുമാർ

ഉത്തരധ്രുവത്തിലൂടെ ദൈർഘ്യമേറിയ വ്യോമപാത താണ്ടി ഇന്ത്യൻ വനിത പൈലറ്റുമാർ

‘കേരള’ എന്നു പേരിട്ട എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം സാന്‍ഫ്രാന്‍സിസ്‌കോ വിമാത്താവളത്തില്‍ നിന്ന് ബെംഗളൂരു നഗരം ലക്ഷ്യമിട്ട് മുപ്പതിനായിരം അടി ഉയരത്തിലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍ രണ്ട് കാര്യത്തിലാണ് ചരിത്രം കുറിക്കപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ആദ്യത്തെ വിമാന സര്‍വീസ്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ വനിതകള്‍ മാത്രമടങ്ങുന്ന കോക്പിറ്റ് സംഘവും.

സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.30 ന് പുറപ്പെട്ട വിമാനം ഇന്നു പുലര്‍ച്ചെ 4 മണിയോടെയാണ് ബെംഗളൂരുവിലെത്തിയത്. ക്യാപ്റ്റന്‍ സോയ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പാപാഗിരി തന്മയി, അകാംക്ഷ സോനവാരെ, ശിവാനി മാനസ് എന്നീ നാലു വനിതാ ക്യാപ്റ്റന്മാരാണ് വിമാനം നിയന്ത്രിച്ചത്. ഇവര്‍ക്ക് കൂട്ടായി എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റ് സേഫ്റ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ നിവേദിത ഭാസിനുമുണ്ടായിരുന്നു. ഏറെ ആകാംഷഭരിതരായിരുന്നു തങ്ങളെന്നും ഒരുപാട് കഠിനാധ്വാനം ഇതിന്റെ പിന്നിലുണ്ടെന്നും കോക്പിറ്റ് ടീമിനെ പ്രശംസിച്ചുകൊണ്ട് ക്യാപ്റ്റന്‍ സോയ പറഞ്ഞു.

എട്ട് ഫസ്റ്റ് ക്ലാസ്, 35 ബിസിനസ് ക്ലാസ്, 195 ഇക്കോണമി ക്ലാസ്, നാല് കോക്ക്പിറ്റ് അംഗങ്ങള്‍, 12 ക്യാബിന്‍ ക്രൂ എന്നിവയുള്‍പ്പെടെ 238 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ബോയിങ് 777-200 എല്‍ആര്‍ വിമാനം. അടിമുടി അണിഞ്ഞൊരുങ്ങി വലിയ ആഘോഷത്തോടെയാണ് സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളം ഈ സര്‍വീസിന് യാത്രയാക്കിയത്.

നമ്മുടെ സ്ത്രീശക്തി ചരിത്രം കുറിച്ചുവെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തത്. 17 മണിക്കൂര്‍ യാത്രയില്‍ 16,000 കിലോമീറ്ററാണു കേരള താണ്ടിയത്. ഉത്തരധ്രുവത്തിനു മീതേയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയാണിതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. അനുഭവപരിചയവും സാങ്കേതികവൈദഗ്ധ്യവും ആവശ്യമായ ഈ യാത്രയുടെ ഉത്തരവാദിത്തം വനിതാ പൈലറ്റുമാരെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നു ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാനസര്‍വീസാണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more