1 GBP = 104.38
breaking news

ബാങ്ക് വായ്പാതട്ടിപ്പ്: മോദി സര്‍ക്കാരിനെതിരെ അഞ്ഞടിക്കാന്‍ ആയുധം കിട്ടിയ ആവേശത്തില്‍ കോണ്‍ഗ്രസ്

ബാങ്ക് വായ്പാതട്ടിപ്പ്: മോദി സര്‍ക്കാരിനെതിരെ അഞ്ഞടിക്കാന്‍ ആയുധം കിട്ടിയ ആവേശത്തില്‍ കോണ്‍ഗ്രസ്

ദില്ലി: നീരവ് മോദിയടക്കം ഇന്ത്യയിലെ വമ്പന്‍ കോടീശ്വരന്‍മാര്‍ ബാങ്കുകളെ കബളിപ്പിച്ച് ദശകോടികള്‍ തട്ടിയെടുത്ത കുഭകോണങ്ങള്‍ ആയുധമാക്കി നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കഴിഞ്ഞ നാലുവര്‍ഷമായി മോദിയുടെ ബിജെപി സര്‍ക്കാരിനെതിരേ ഉപയോഗിക്കാന്‍ ഫലപ്രദമായ ആയുധം തേടിനടക്കുകയായിരുന്ന കോണ്‍ഗ്രസിന് പൊതുതെരഞ്ഞെടുപ്പിന് തൊട്ടുതലേവര്‍ഷം കിട്ടിയ സുവര്‍ണഖനികളായി ഈ അഴിമതിക്കേസുകള്‍.

രണ്ടാം യുപിഎ സര്‍ക്കാരിന് തകര്‍ത്ത് തരിപ്പണമാക്കിയ ടുജി അഴിമതിയുടെ പിന്‍ബലത്തില്‍ അധികാരം പിടിച്ച നരേന്ദ്ര മോദിയുടെ ഭരണം അവസാനത്തിലേക്ക് കടന്നപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷകക്ഷികള്‍ക്ക് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കാര്യമായി കഴിഞ്ഞിരുന്നില്ല. എന്നാല്‍ പെട്ടെന്നാണ് ചാകര കണക്കെ കുംഭകോണക്കഥകള്‍ ഒന്നിന് പുറകെ ഒന്നായി ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി എത്തിയത്.

ആദ്യം പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് വജ്രവ്യാപാരി നീരവ് മോദി 11,346 കോടി രൂപ തട്ടിച്ച കേസ്. ഇതിന് പിന്നാലെ വിക്രം കോത്താരിയുടെ അഞ്ച് പൊതുമേഖല ബാങ്കുകളെ കബളിപ്പിച്ച് 3,695 കോടി തട്ടിയെടുത്ത കേസ്, ഇതിന് തൊട്ടുപിന്നാലെയെത്തി ദില്ലിയിലെ ദ്വാരക ജൂവലറി ഗ്രൂപ്പിനെതിരേ ഉയര്‍ന്ന ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിനെ കബളിപ്പിച്ച് 390 കോടി രൂപ തട്ടിയ കേസ്. ഇതിനിടെ സിറ്റി യൂണിയന്‍ ബാങ്കില്‍ 12 കോടിയലധികം വെട്ടിപ്പ് നടന്നുവെന്ന വാര്‍ത്തയും വന്നിരുന്നു. ഇങ്ങനെ സാമ്പത്തിക കുംഭകോണങ്ങള്‍ നിരിനിരയായി എത്തുന്നത് ഫലപ്രദമായി ഉപയോഗിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന് പക്ഷെ അത് എത്രമാത്രം സാധ്യമാകുമെന്ന ചോദ്യവുമുയരുന്നുണ്ട്.

യുപിഎ സര്‍ക്കാരിനെ ബിജെപി കുറ്റപ്പെടുത്തിയത് ടുജി സ്‌പെക്ട്രം ഇടപാടില്‍ 1.7 ലക്ഷം കോടി ഖജനാവിന് നഷ്ടം വന്നുവെന്ന് ആരോപിച്ചാണ്. എ്ന്നാല്‍ ഖജനാവിന് നഷ്ടമുണ്ടായി എന്നത് ഊഹാപോഹം മാത്രമാണ്. തെളിയിക്കപ്പെട്ടതല്ല. എന്നാല്‍ നീരവ് മോദി നടത്തിയ വെട്ടിപ്പ് എത്രയെന്ന് കൃത്യമായി കണക്കുള്ളതാണ്- കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

നീരവ് മോദി നടത്തിയ വെട്ടിപ്പില്‍ നിന്ന് മാധ്യമശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്നും എന്നാല്‍ ഇത് വിജയിക്കാന്‍ പോകുന്നില്ലന്നും രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. അഴിമതി രാജ്യശ്രദ്ധയില്‍ കൊണ്ടുവരാന്‍ കാണിച്ച ജാഗ്രതയില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് പ്രത്യേകം അഭിനന്ദിക്കുന്നതായും ആസാദ് പറഞ്ഞു.

ഇതിനിടെ നീരവ് മോദിയുടെ അഴിമതിക്കാര്യം ഓരോദിവസവും മാധ്യമശ്രദ്ധയില്‍ കൊണ്ടുവന്ന് സജീവമാക്കി നിര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും ശ്രദ്ധിക്കുന്നുവെന്നതും ചൂണ്ടിക്കാട്ടപ്പെടേണ്ടതാണ്. എല്ലാദിവസവും ഈ അഴിമതിയുടെ കാര്യം രാഹുല്‍ പരാമര്‍ശിക്കുന്നു. നീരവ് മോദിയുടെ പിഎന്‍ബിയിലെ തട്ടിപ്പിന് തൊട്ടുമുന്‍പ് റാഫല്‍ വിമാന ഇടപാടില്‍ 58,000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന രാഹുല്‍ ആരോപിച്ചിരുന്നു. ഈ ആരോപണം ഇപ്പോഴും രാഹുല്‍ തുടരുകയാണ്. രാഹുല്‍ ഗാന്ധിയുടെ അഴിമതി ആരോപണങ്ങള്‍ സജീവമാക്കി നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സെല്ലും കാര്യമായി പരിശ്രമിക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിലും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണാടയിലും കോണ്‍ഗ്രസിനെതിരെയുണ്ടാകാന്‍ സാധ്യതയുള്ള ഭരണവിരുദ്ധ വികാരത്തെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് കീഴില്‍ നടക്കുന്ന അഴിമതി കേസുകള്‍ കൊണ്ട് പ്രതിരോധിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

അഴിമതി ആരോപണങ്ങള്‍ സജീവമാക്കി നിര്‍ത്തി ബിജെപിയെ പ്രതിരോധത്തിലാക്കിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ വഴി നിയമസഭാ തെരഞ്ഞെടുപ്പിലും അടുത്ത പൊതു തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മേല്‍ക്കൈയുണ്ടാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. പക്ഷെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം ഒരു പരിധിക്കപ്പുറം ചലനമുണ്ടാക്കില്ലെന്ന് യുപിയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമ്മതിക്കുന്നു. നീരവ് മോദിയുടെത് അടക്കമുള്ള അഴിമതിക്കഥകള്‍ സജീവമാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ കോണ്‍ഗ്രസിന് കഴിയുന്നുണ്ട്. പക്ഷെ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് സ്ഥാനാര്‍ത്ഥികളും സംഘടനയുമാണ്. അതിനാല്‍ കടുത്ത മത്സരത്തിന് സ്വയം ഒരുങ്ങുകയാണ് പാര്‍ട്ടി ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more