1 GBP = 99.87
breaking news

അകാലത്തിൽ വേർപിരിഞ്ഞ മകളെയോർത്ത് ഹൃദയം നുറുങ്ങി മാതാപിതാക്കൾ … കുഞ്ഞനുജത്തിയുടെ വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹോദരി …. ബോൾട്ടൺ മലയാളികളുടെ പ്രിയപ്പെട്ട എവലിൻ ചാക്കോയ്ക്ക് യുകെ മലയാളികൾ കണ്ണീർ നനവാർന്ന മിഴികളോടെ വിട നൽകി…..

അകാലത്തിൽ വേർപിരിഞ്ഞ മകളെയോർത്ത് ഹൃദയം നുറുങ്ങി മാതാപിതാക്കൾ … കുഞ്ഞനുജത്തിയുടെ വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹോദരി …. ബോൾട്ടൺ മലയാളികളുടെ പ്രിയപ്പെട്ട എവലിൻ ചാക്കോയ്ക്ക് യുകെ മലയാളികൾ കണ്ണീർ നനവാർന്ന മിഴികളോടെ വിട നൽകി…..

ബോൾട്ടൺ: ഇക്കഴിഞ്ഞ ജൂലൈ 13-ാം തീയതി തന്റെ പ്രിയപ്പെട്ടവരെയെല്ലാം സങ്കട കടലിലാഴ്ത്തി കടന്ന് പോയ ബോൾട്ടണിലെ കോളേജ് വിദ്യാർത്ഥിനി എവലിൻ ചാക്കോയ്ക്ക് (16) യാത്രാമൊഴി. പ്രകൃതി പോലും കണ്ണീർ വാർത്ത് നിന്ന അന്തരീക്ഷത്തിലാണ് എവലിന്റെ മൃതദേഹം രാവിലെ 10.30 ന് വീട്ടിൽ എത്തിച്ചത്. കുടുംബാംഗങ്ങൾക്ക് വേണ്ടി മാത്രം ഒരുക്കിയിരുന്ന കുറച്ച് സമയത്തിന് ശേഷം 10.50 ന് എവലിന്റെ മൃതദേഹം അന്ത്യ ശുശ്രൂഷകൾക്കായി ഒരുക്കിയിരുന്ന ബോൾട്ടൺ ഫാൺവർത്ത് ഔവ്വർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ ഫ്യൂണറൽ ഡയറക്ടേഴ്സ് എത്തിച്ചു.


11 മണിയോട് കൂടി ബോൾട്ടൺ സീറോ മലബാർ സെന്റ് ആൻഡ് പ്രൊപ്പോസ്ഡ് മിഷൻ വികാരി ഫാ: ഫാൻസുവ പത്തിലിന്റെ കാർമ്മികത്വത്തിൽ പള്ളിയിലെ ശുശ്രൂഷകൾ ആരംഭിച്ചു. ശുശ്രൂഷകളുടെ ആദ്യ ഭാഗത്തിന് ശേഷം സീറോ മലബാർ രൂപത മാഞ്ചസ്റ്റർ റീജിയണൽ കോ ഓർഡിനേറ്റർ ഫാ: ജോസ് അഞ്ചാനിക്കൽ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.


ഗവൺമെന്റും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇംഗ്ളണ്ട് ആന്റ് വെയിൽസും നിർദ്ദേശിച്ചിട്ടുള്ള കോവിസ് പ്രോട്ടോകോൾ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് ദേവാലയത്തിലും സിമിത്തേരിയിലും സർവ്വീസുകൾ ക്രമീകരിച്ചിരുന്നത്. എവലിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെ 30 പേർക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിരുന്നു. കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് പൊതുദർശനത്തിന് ആളുകൾക്ക് സൌകര്യം ഒരുക്കിയിരുന്നത്. മൃതദേഹത്തിൽ പുഷ്പങ്ങൾ അർപ്പിക്കുന്നതിന് കോവിഡുമായിട്ട് ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ മുൻകൂട്ടി അനുവാദം വാങ്ങിയിരുന്ന സെന്റ്. ആൻസ് മിഷൻ, ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ പ്രതിനിധികൾ മാത്രമാണ് എവലിന് പുഷ്പചക്രങ്ങൾ അർപ്പിച്ചത്.

ശുശ്രൂഷകൾക്കിടയിൽ അനുശോചനം അറിയിച്ച ഫാ. ഫാൻസുവ, കുറച്ച് നാളുകളിലെ പരിചയമേ ഉള്ളുവെങ്കിലും എവലിനെക്കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്ക് വെയ്ക്കുകയും എവലിന്റെ മരണ വാർത്ത അറിഞ്ഞത് മുതൽ കുടുംബത്തിന് ആവശ്യമായ പിന്തുണയുമായി എവലിന്റെ കുടുംബത്തോട് ചേർന്ന് നിൽക്കുന്ന ബോൾട്ടണിലെ മലയാളി സമൂഹത്തിനെ അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് അനുശോചനം അറിയിച്ച ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ പ്രതിനിധി, ബോൾട്ടൺ സെന്റ്. ആൻസ് മിഷൻ പ്രതിനിധി, എവലിന്റെ പ്രിയ കൂട്ടുകാർ തുടങ്ങിയവരൊക്കെ എവലിനെക്കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്ക് വെയ്ക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. കുടുംബത്തെ പ്രതിനിധീകരിച്ചെത്തിയ ആഷ്ലിൻ തന്റെ പ്രിയ കുഞ്ഞനുജത്തിയെ കുറിച്ചുള്ള ഓർമ്മകളിൽ വിങ്ങിപ്പൊട്ടുകയായിരുന്നു. കരച്ചിലടക്കാനാവാതെ ഏറെ പണിപ്പെട്ടാണ് ആഷ്ലിൻ തന്റെ വാചകങ്ങൾ മുഴുമിപ്പിച്ചത്.


ദേവാലയത്തിൽ വെച്ച് തങ്ങളുടെ പ്രിയ മകൾക്ക് അന്ത്യചുംബനമർപ്പിച്ച സണ്ണിയുടേയും വൽസമ്മയുടേയും എവലിന്റെ സഹോദരി ആഷ്ലിന്റേയും സങ്കടം ദേവാലയത്തിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളുടേയും കണ്ണ് നനയിക്കുന്നതായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് എവലിന്റെ കൂട്ടുകാർ പലരും തങ്ങളുടെ പ്രിയ കൂട്ടുകാരിക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കാനെത്തിയത്. ദേവാലയത്തിലും പുറത്തും സിമിത്തേരിയിലുമൊക്കെ കാണുവാൻ കഴിഞ്ഞത് മുഴുവൻ സങ്കട കാഴ്ചകളായിരുന്നു.


ദേവാലയത്തിലെ ശുശ്രൂഷകളും പൊതുദർശനവും കഴിഞ്ഞതിന് ശേഷം എവലിന്റെ മൃതദേഹം 1 മണിയോട് കൂടി ബോൾട്ടൺ ഓവർഡെയിൽ സിമിത്തേരിയിലേക്ക് യാത്രയായി. 1.45 ന് സിമിത്തേരിയിലെ ശുശ്രൂഷകൾ പൂർത്തിയായതിനെ തുടർന്ന് എവലിന്റെ ഭൌതിക ദേഹം ആറടി മണ്ണിൽ വിലയം പ്രാപിച്ചു. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ കഴിയാതിരുന്നവർക്ക് വേണ്ടി സംസ്ക്കാര ശുശ്രൂഷകൾ ലൈവിൽ സംപ്രേക്ഷണം ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more