1 GBP = 104.61
breaking news

വി എസ് സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായി തുടരും, എ എന്‍ ഷം‌സീര്‍ ഇടം പിടിക്കും

വി എസ് സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായി തുടരും, എ എന്‍ ഷം‌സീര്‍ ഇടം പിടിക്കും
സി പി എം സംസ്ഥാന സമ്മേളനത്തില്‍ പുതുതായി രൂപീകരിക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായി തുടരാന്‍ സാധ്യത. ഒഴിയാന്‍ വി എസ് താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ നിലവിലത്തെ സ്ഥിതി തുടരും.
 എണ്‍പത് വയസ് തികഞ്ഞവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിയണമെന്ന കേന്ദ്രനിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായേക്കില്ല. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന് ഇളവ് നല്‍കാന്‍ തീരുമാനിക്കുമെന്നാണ് അറിയുന്നത്.
ആനന്ദന് 80 വയസായെങ്കിലും ഇപ്പോഴും സജീവമായി പ്രവര്‍ത്തനരംഗത്തുണ്ട്. മാത്രമല്ല, പാര്‍ട്ടിക്കെതിരായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന നേതാവ് കൂടിയാണ് ആനത്തലവട്ടം. മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ തുടരാന്‍ അനുവദിച്ചേക്കും.
എന്നാല്‍ ടി കെ ഹംസ, പി കെ ഗുരുദാസന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് മാറ്റി ക്ഷണിതാക്കളാക്കാന്‍ സാധ്യതയുണ്ട്. പ്രായപരിധി കഴിഞ്ഞ വരെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം കര്‍ശനമായി പാലിച്ചാല്‍ മാത്രമാണ് യുവാക്കള്‍ക്ക് സംസ്ഥാന കമ്മിറ്റിയില്‍ പ്രവേശനം ലഭിക്കുക. കോലിയക്കോട് കൃഷ്ണന്‍ നായരെ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പിരപ്പന്‍‌കോട് മുരളിയെ നിലനിര്‍ത്താനാണ് സാധ്യത. കാരണം, പിരപ്പന്‍‌കോടിനെ ഒഴിവാക്കിയാല്‍ വി എസ് പക്ഷത്തിനെതിരായ നീക്കമെന്ന് വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്.
ഡി വൈ എഫ് ഐ നേതാവ് എ എന്‍ ഷംസീര്‍ സംസ്ഥാന കമ്മിറ്റിയിലെത്താന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഷം‌സീറിന് ഇടം കിട്ടിയില്ലെങ്കില്‍ പകരം പി എ മുഹമ്മദ് റിയാസിനെ പരിഗണിച്ചേക്കും.
വയനാടിന്‍റെയും മലപ്പുറത്തെയും പുതിയ ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന കമ്മിറ്റിയിലെത്തും. എറണാകുളത്തുനിന്ന് ഗോപി കോട്ടമുറിക്കല്‍ സംസ്ഥാനകമ്മിറ്റിയില്‍ ഇടം‌പിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. കാസര്‍കോട്ട് നിന്ന് സി എച്ച് കുഞ്ഞമ്പുവിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more