അപ്പച്ചൻ കണ്ണഞ്ചിറ
എൻഫീൽഡ്: എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് വെസ്റ്റ്മിൻസ്റ്റർ ചാപ്ലൈൻസിയുടെ കീഴിലുള്ള എൻഫീൽഡ് പാരീഷിൽ ഊഷ്മള സ്വീകരണം ഒരുക്കുന്നു. എൻഫീൽഡ് സന്ദർശനത്തിനെത്തുന്ന അഭിവന്ദ്യ പിതാവ് അന്നേ ദിവസം എൻഫീൽഡ് പാരീഷ് കമ്മ്യുണിറ്റി ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്ന പരിശുദ്ധ മാതാവിന്റെ തിരുന്നാളിന് നേതൃത്വം നൽകുകയും, തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുകയും ചെയ്യുന്നതാണ്. വെസ്റ്റ്മിൻസ്റ്റർ ചാപ്ലയിൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, സെക്രട്ടറി ഫാ.ഫാൻസുവ പത്തിൽ എന്നിവർ ആഘോഷമായ തിരുന്നാൾ സമൂഹ ബലിയിൽ സഹകാർമ്മികരാവും.
എൻഫീൽഡ് ഔർ ലേഡി ഓഫ് വാൽസിങ്ങാം റോമൻ കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ് തിരുന്നാൾ തിരുക്കർമ്മങ്ങൾ നടത്തപ്പെടുക. മാതാവിന്റെ തിരുന്നാൾ ഏറ്റവും ഗംഭീരമാക്കുന്നതിനും, അഭിവന്ദ്യ പിതാവിന് ഉജ്ജ്വലമായ സ്വീകരണം ഒരുക്കുന്നതിനുമായി എൻഫീൽഡ് പാരീഷ് കമ്മ്യുണിറ്റി രൂപം കൊടുത്ത വിപുലമായ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
നവംബർ 19ന് ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് എൻഫീൽഡ് ദേവാലയത്തിൽ എത്തിച്ചേരുന്ന പിതാവിനെ പള്ളിക്കമ്മിറ്റി ട്രസ്റ്റി ബൊക്കെ നൽകി സ്വീകരിക്കും. ദേവാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തിൽ കത്തിച്ച മെഴുകുതിരി നൽകി കൊണ്ട് പ്രീസ്റ്റ് ഇൻ ചാർജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാല പിതാവിനു സ്വാഗതമർപ്പിക്കുന്നതാണ്. പെരുന്നാൾ പ്രസുദേന്തിമാരെ വാഴിച്ച ശേഷം പരിശുദ്ധ മാതാവിന്റെ തിരുന്നാളിന് നാന്ദി കുറിച്ചു കൊണ്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ച ശേഷം പിതാവിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹ ബലി അർപ്പിക്കപ്പെടും.
വിശുദ്ധ തിരുന്നാൾ കുർബ്ബാനക്ക് ശേഷം പരിശുദ്ധ മാതാവിന്റെ രൂപം ഏന്തിക്കൊണ്ടു പ്രദക്ഷിണം, നേർച്ച വെഞ്ചിരിപ്പ് അടുത്ത വർഷത്തേക്കുള്ള പ്രസുദേന്തിമാരെ വാഴിക്കൽ, കൊടിയിറക്ക്, സമാപന ആശീർവാദം, ഉൽപ്പന്ന ലേലം വിളി തുടർന്ന് നേർച്ച ഭക്ഷണ വിതരണത്തോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം ആവും.
ആദരണീയനായ സ്രാമ്പിക്കൽ പിതാവിന്റെ സ്വീകരണത്തിനും, പരിശുദ്ധ മാതാവിന്റെ തിരുന്നാളിലും ഏവരുടെയും പങ്കാളിത്തവും, സഹകരണവും അഭ്യർത്ഥിക്കുകയും, നിത്യ സഹായവും, അഭയകേന്ദ്രവുമായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ ഏവർക്കും ദൈവ കൃപകളും, അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നതായി സെബാസ്റ്റ്യൻ അച്ചനും, പള്ളിക്കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ജോർജ്ജ് വർഗ്ഗീസ് (07882643201)
ജോർജ്ജ് ജെ അധികാരി (07830638234)
വിലാസം:
Our Lady of Walsingham & the English Martyrs
John Gooch Drive, Enfield, EN2 8HG
click on malayalam character to switch languages