1 GBP = 104.89

വിവാദങ്ങള്‍ക്കിടെ വികസനങ്ങള്‍ കാണാതെ പോകരുത്

വിവാദങ്ങള്‍ക്കിടെ വികസനങ്ങള്‍ കാണാതെ പോകരുത്

കൊച്ചി: വികസനത്തേക്കാള്‍ വിവാദങ്ങള്‍ ആഘോഷിക്കപ്പെടുന്ന കേരളത്തില്‍ ശ്രദ്ധിക്കപ്പെടാതെപോയ ഒന്നാണ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സുപ്രധാന നേട്ടം. ഇച്ഛാശക്തിയുടെ അഭാവം മൂലം വര്‍ഷങ്ങള്‍ ഇഴഞ്ഞും മുടന്തിയും നീങ്ങിയ കൊച്ചി മംഗലാപുരം പ്രകൃതി വാതക (എല്‍.എന്‍.ജി) പൈപ്പ് ലൈന്‍ പദ്ധതിക്ക് ശാപമോക്ഷം ലഭിച്ചത് ഭരണമാറ്റത്തിന് ശേഷമാണ്. ദുഷ്പ്രചാരണം സൃഷ്ടിച്ച ആശങ്ക മൂലം മലബാര്‍ ഭാഗത്ത് ഉയര്‍ന്ന എതിര്‍പ്പായിരുന്നു വിലങ്ങുതടി. എന്നാല്‍, പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാട് ദുഷ്പ്രചാരണത്തിന്റെ മുനയൊടിച്ചു. പ്രതിവര്‍ഷം 750 കോടി രൂപയുടെ വരെ നികുതി വരുമാനം അടക്കം സംസ്ഥാനത്ത് പല നേട്ടങ്ങള്‍ക്കും വഴിയൊരുക്കുന്ന പദ്ധതി അതോടെ സാക്ഷാത്കാരത്തിന്റെ രാജവീഥിയില്‍ എത്തി. ഗെയിലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബി.സി. ത്രിപാഠി രണ്ട് മാസത്തോളം മുമ്പ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചിരുന്നു.

2010 ല്‍ ആരംഭിച്ച പദ്ധതി 2013 ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. പക്ഷേ, വോട്ട്ബാങ്ക് പ്രീണനം തടസമായി. വികസനരംഗത്തെ ഒരു ശുഭസൂചനയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഈ പദ്ധതി. കക്ഷിഭേദമില്ലാതെ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളും തദ്ദേശഭരണസമിതികളും പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കൈകോര്‍ത്ത് നീങ്ങുകയാണ്. രാഷ്ട്രീയത്തിന് അതീതമായിരിക്കണം വികസനമെന്ന സന്ദേശം പേറുന്ന ഈ പദ്ധതി പൂര്‍ത്തിയാക്കിയാല്‍ ഏത് പദ്ധതിക്കും ധനസഹായം നല്‍കാമെന്നാണ് കേന്ദ്രവാഗ്ദാനം. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പുരോഗതി വിലയിരുത്തുന്നത്.

കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന് പൈപ്പ് വഴി മംഗലാപുരം, കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലെ വ്യവസായശാലകള്‍ക്ക് ഇന്ധനമായി പ്രകൃതിവാതകം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) ആണ് പദ്ധതി നടപ്പാക്കുന്നത്. പൈപ്പ്‌ലൈന്‍ മംഗലാപുരം കടന്ന് ബംഗളൂരുവില്‍ എത്തുമ്പോള്‍ പ്രതിവര്‍ഷ നികുതിവരുമാനം ഏറെ വര്‍ദ്ധിക്കും. രണ്ടു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്താണ് പൈപ്പിടുന്നത്. പൈപ്പിന് മുകളില്‍ ഒരു മീറ്റര്‍ മണ്ണുണ്ടാകും. കൊച്ചി മുതല്‍ കൂറ്റനാട് വരെ 30 ഇഞ്ച് പൈപ്പാണ് ഇടുന്നത്. കൂറ്റനാട് മുതല്‍ മംഗലാപുരം വരെ 24 ഇഞ്ച് പൈപ്പാണ്. ഇറക്കുമതി ചെയ്ത പൈപ്പുകള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഓരോ 18 കിലോമീറ്ററിനുമിടയില്‍ വാല്‍വ് സ്‌റ്റേഷന്‍ നിര്‍മ്മിക്കും. ഏതെങ്കിലും ഭാഗത്ത് ചോര്‍ച്ചയോ സമ്മര്‍ദ്ദമോ കണ്ടെത്തിയാല്‍ രണ്ട് സ്‌റ്റേഷനുകള്‍ക്കിടയിലെ വാതകനീക്കം കൊച്ചിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഓട്ടോമാറ്റിക്കായി തടയും. ഏറ്റവും ഭാരം കുറഞ്ഞ വാതകമാണ് സി.എന്‍.ജി. ചോര്‍ന്നാലും വേഗത്തില്‍ മുകളിലേക്ക് ഉയര്‍ന്ന് അന്തരീക്ഷത്തില്‍ ലയിക്കും. തീപിടിക്കാന്‍ സാദ്ധ്യത കുറവാണ്. ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more