1 GBP = 104.78
breaking news

യു.എസ് സെൻട്രൽ കമാൻഡ് മേധാവി മൈക്കൽ കുറില ഇസ്രെയേലിലെത്തി

യു.എസ് സെൻട്രൽ കമാൻഡ് മേധാവി മൈക്കൽ കുറില ഇസ്രെയേലിലെത്തി

തെൽ അവീവ്: പശ്ചിമേഷ്യൻ മേഖലയിലെ അമേരിക്കൻ സൈനിക വിഭാഗമായ സെൻട്രൽ കമാൻഡിന്റെ തലവൻ ജനറൽ മൈക്കൽ കുറില ഇസ്രായേലിലെത്തി. ഡമസ്കസിൽ ഇറാൻ സ്ഥാനപതി കാര്യാലയം ഇസ്രായേൽ ആക്രമിച്ച് മുതിർന്ന നേതാവിനെ വധിച്ചതിന് പ്രതികാര നടപടികൾ ഉടനുണ്ടാകുമെന്ന സൂചനകൾക്കിടെയാണ് സന്ദർശനം.

ഇസ്രായേൽ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ്, സൈനിക മേധാവി ഹിർസി ഹലെവി എന്നിവരടക്കം പ്രമുഖരെ കുറില കാണും. മേഖലയിലെ ഇസ്രായേൽ സൈനിക, സർക്കാർ കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

യു.എസ് പശ്ചിമേഷ്യ പ്രതിനിധി ബ്രെറ്റ് മഗ്കർക്ക് ഇറാന്റെ അയൽ രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഇറാഖ് എന്നിവയുടെ വിദേശകാര്യ മന്ത്രിമാരെ വിളിച്ചതായും റിപ്പോർട്ടുണ്ട്. സംയമനം പാലിക്കാൻ ഇറാനോട് ആവശ്യപ്പെടാനായാണ് ഫോണിൽ ബന്ധപ്പെട്ടത്. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസ തെഹ്റാനിലേക്കുള്ള എല്ലാ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്.

ഏപ്രിൽ ഒന്നിനാണ് മേഖലയെ കൂടുതൽ ആശങ്കയിലാഴ്ത്തി ഡമസ്കസിൽ ഇസ്രായേൽ ആക്രമണം നടത്തിയത്. ഖുദ്സ് ഫോഴ്സ് സീനിയർ കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റിസ സഹേദിയടക്കം 13 പേർ സംഭവത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും സൈനിക വൃത്തത്തിലെ പ്രമുഖർ ഇത് സമ്മതിച്ചിട്ടുണ്ട്.

അതിനിടെ, ഡമസ്കസിൽ ഇറാൻ എംബസി ആക്രമിച്ചതിന് തിരിച്ചടിച്ചാൽ ഇസ്രായേലിന്റെ സുരക്ഷക്ക് ആവശ്യമായതെന്തും ചെയ്യുമെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. മേഖലയിൽ കനത്ത സന്നാഹങ്ങളുമായി യു.എസ് ഒരുങ്ങുന്നതിനിടെയാണ് ബൈഡന്റെ പ്രഖ്യാപനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more