1 GBP = 104.68
breaking news

ജി എം എ സമ്മർ ബാർബിക്യൂ ലഹരിയുടെ നുര അടങ്ങും മുൻപേ നവാഗതർക്കുള്ള മീറ്റ് & ഗ്രീറ്റ് സംഗമത്തിനും ഓണാഘോഷത്തിനും ഗോസ്റ്റർഷെയറിൽ അരങ്ങൊരുങ്ങുന്നു.

ജി എം എ സമ്മർ ബാർബിക്യൂ ലഹരിയുടെ നുര അടങ്ങും മുൻപേ നവാഗതർക്കുള്ള മീറ്റ് & ഗ്രീറ്റ് സംഗമത്തിനും ഓണാഘോഷത്തിനും ഗോസ്റ്റർഷെയറിൽ അരങ്ങൊരുങ്ങുന്നു.

അജിമോൻ ഇടക്കര

കോവിഡ് മഹാമാരിയെത്തുടർന്നുള്ള മാന്ദ്യത തെല്ലുമേശാതെ ഗ്ലോസ്റ്റർ ഷെയർ മലയാളി അസോസിയേഷന്റെ സമ്മർ ബാർബിക്യു ഒരു ഉത്സവമാക്കി മാറ്റിയ ജി എം എ പ്രസിഡന്റ് ജോ വിൽട്ടന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങൾ, അസോസിയേഷൻ അംഗങ്ങളുടെ ആവേശം ഹൃദയത്തിൽ ഏറ്റെടുത്തുകൊണ്ട് അടുത്ത രണ്ട് പ്രോഗ്രാമുകളും പ്രഖ്യാപിച്ചു ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഗ്ലോസ്റ്റർ ഏരിയയിൽ വന്നു താമസം ഉറപ്പിച്ചിരിക്കുന്ന ഒട്ടേറെ നവാഗത അംഗങ്ങളെ സ്വാഗതം ചെയ്യുവാനും അസോസിയേഷനിലെ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും പരസ്പരം നേരിൽ കണ്ട് പരിചയപ്പെടുവാനും പരിചയപ്പെടുത്തുവാനും ഉള്ള വേദി ആണ് ഈ വരുന്ന സെപ്തംബര് നാലാം തിയതി അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ഈ ‘മീറ്റ് & ഗ്രീറ്റ്’ കുടുംബ സംഗമത്തിലേയ്ക്ക് എല്ലാവരെയും പ്രത്യേകിച്ച് ഗ്ലോസ്റ്റർഷെയർ അസോസിയേഷനിലെ നവാഗതകരെ അസ്സോസിയേഷനുവേണ്ടി പ്രസിഡന്റ് ജോ വിൽട്ടൻ, സെക്രട്ടറി ദേവലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി പ്രത്യേകം ക്ഷണിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഈക്കഴിഞ്ഞ മാസം 25 നു നടത്തിയ സമ്മർ ബാർബിക്യൂ – ചാരിറ്റി ഭക്ഷ്യ മേള, ഔപചാരികതകളുടെയും സമയക്രമമനുസരിച്ചുള്ള പരിപാടികളുടെയും ഭാരമില്ലാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ തുറന്നിടപെടാനും പരസ്പരം വിശേഷങ്ങൾ പങ്കു വയ്ക്കാനും അംഗങ്ങൾക്ക് ലഭിച്ച ഒരു നല്ല അവസരം ആയിരുന്നു. ഒട്ടേറെ നവാഗതരെ അന്ന് സമൂഹത്തിന് പരിചയപ്പെടുത്തിയിരുന്നെങ്കിലും അതിന്റെ ഒരു തുടർച്ചയായിട്ടാണ് പുതുതായി ഗ്ലോസ്റ്ററിലേയ്ക്ക് എത്തിയിട്ടുള്ള കുടുംബങ്ങൾക്ക് മുൻഗാമികളെ പരിചയപ്പെടാനും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുവാനും വേണ്ടി ഈ മീറ്റ് & ഗ്രീറ്റ് കുടുംബ സംഗമം ഒരുക്കുന്നത് എന്ന് അസോസിയേഷൻ സെക്രട്ടറി ദേവലാൽ ഓർമ്മിപ്പിക്കുന്നു.

ഗ്ലോസ്ടർഷെയർ മലയാളി അസോസിയേഷന്റെ കിതപ്പില്ലാത്ത കുതിപ്പ് ഇരുപതാം വർഷത്തിൽ എത്തിയിരിക്കുന്ന ഈ സുപ്രധാന മുഹൂർത്തം അതിന്റെ എല്ലാ വിധ ചാരുതകൾക്കും മിഴിവേകുന്ന പ്രവർത്തനങ്ങൾ ആണ് യുവ നിരക്ക് പ്രാമുഖ്യം ഉള്ള നിലവിലെ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത്. ഇരട്ട ദശാബ്‌ധി ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടുള്ള ഓണാഘോഷം അരങ്ങേറുക സെപ്റ്റംബർ 24 ശനിയാഴ്ച ചെൽറ്റനാം ക്ളീവ് സ്‌കൂളിൽ ആയിരിക്കും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വാദിഷ്ടവും വിഭവ സമൃദ്ധവും ആയ ഓണസദ്യക്കും വടംവലിക്കും, മെഗാ തിരുവാതിരയ്ക്കും അംഗങ്ങളുടെ കലാപരിപാടികൾക്കും പുറമേ രണ്ട് വർഷം മുൻപ് നടന്ന ഓൾ യൂക്കെ നാടക മത്സരത്തിൽ ഒന്നാം സമ്മാനാർഹമായ ‘മാവോയിസ്റ്’ എന്ന നാടകവും പ്രശസ്ത ഗായികയായ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം വാണി ജയറാമിന്റെ നേതൃത്വത്തിൽ ലൈവ് ബാൻഡും ഉണ്ടാകും എന്ന് ഓണാഘോഷ കമ്മിറ്റി കൺവീനർമാർ അറിയിച്ചിട്ടുണ്ട്.

ജി എം എ അംഗങ്ങളുടെ നിറസാന്നിധ്യവും ആവേശവും കണ്ടപ്പോൾ നാണത്തോടെ ഓടിയൊളിച്ച മഴയുടെ അഭാവത്തിൽ ജി എം എയുടെ സമ്മർ ബാർബിക്യൂ ഒരു ഉത്സവം തന്നെ ആയിരുന്നു. സ്വാദിഷ്ടമായ ഹോം മെയ്ഡ് ഭക്ഷണ വിഭവങ്ങൾ കൊണ്ട് സമൃദ്ധമായ ചാരിറ്റി ഭക്ഷ്യ മേളയിലെ പ്രധാന ആകർഷണം പോൾസൺ ജോസ് ഒരുക്കിയ ലൈവ് ഷവർമ്മ സ്റ്റാൻഡ് ആയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ആയി നടത്തിയ വടം വലി, വിവിധ ഇനം കായിക വിനോദ പരിപാടികൾ തുടങ്ങി ദിവസം മുഴുവൻ നീണ്ടു നിന്ന ഈ മേള കോവിഡ് മഹാമാരിയുടെ എല്ലാ ആലസ്യങ്ങളും മറക്കാനും ഉല്ലസിക്കാനും അംഗങ്ങളെ സഹായിച്ചു. ഒട്ടേറെ നവാഗതർ ഈ മേളയിലേക്ക് കടന്നു വരികയും അവരെയൊക്കെ ഹൃദയംഗമമായി സ്വാഗതം ചെയ്ത് സമൂഹത്തിനു പരിചയപ്പെടുത്തുവാനും സംഘാടകർ ഈ മേളയ്‌ക്കിടയിൽ സമയം കണ്ടെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more