കൊറോണ കാലത്തും നാടിനോടുള്ള കരുതൽ മറക്കാതെ മൂന്ന് വീടുകൾക്ക് തുടക്കം കുറിച്ച് ഇടുക്കി ജില്ലാ സംഗമം
Jun 06, 2021
ജസ്റ്റിൻ എബ്രഹാം
അപരനോടു കനിവും, കരുതലും ഉണ്ടായിരിക്കുക എന്നത് ഒരു ഇടുക്കികാരൻ്റെ സ്വഭാവ സവിശേഷതയാണ്. സഹ്യയൻ്റെ മടിത്തട്ടിൽ നിന്ന് അങ്ങകലെ ആയിരകണക്കിന് മൈലുകൾക്കപ്പുറം ബ്രിട്ടീഷുകാരുടെ ഇടയിൽ ജീവിക്കുമ്പോഴും അവർ സ്വന്തം നാട്ടിലുള്ളവരോട് ആ കനിവും കരുതലും സൂക്ഷിക്കുന്നു എന്നത് ആ നാടിൻ്റെ പുണ്യം എന്നു തന്നെ പറയാം. ഇംഗ്ലണ്ടിൽ താമസിക്കുന്ന ഇടുക്കിക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ല സംഗമം രൂപീകരണമായിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളുവെങ്കിലും ഇതുവരെ ഒരു കോടി പത്ത് ലക്ഷം രൂപാ നാട്ടിൽ ദുരിതനുഭവിക്കുന്നവർക്ക് വേണ്ടി ചിലവഴിച്ചു കഴിഞ്ഞിരിക്കുന്നു.
ലോകം കൊറോണ വൈറസിൻ്റെ ഭയാനകതയിൽ ജീവിക്കമ്പോഴും ഈ വർഷവും നാട്ടിലെ മൂന്നു കുടംബങ്ങൾക്ക് കൈത്താങ്ങ് ആകുവാൻ സാധിച്ചുവെന്നത് ചാരിതാർത്ഥ്യകരമായ കാര്യം തന്നെ.
ഇടുക്കി ജില്ലാ സംഗമത്തിൻ്റെ ഇരുപത്തിയഞ്ചാമത് സഹായഹസ്തം നീട്ടിയിരിക്കുന്നത് രാജാക്കാട്ട് മുക്കുടിയിലുള്ള ബിജു-ഏലിയാമ്മ കുടുംബത്തിനു വേണ്ടിയാണ്. അവർക്കു വേണ്ടിയുള്ള വീടിനായിയുട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇടുക്കി ജില്ലാ സംഗമത്തിൻ്റെ നേതൃത്വത്തിൽ തുടങ്ങി കഴിഞ്ഞു. ഈ കുടുംബത്തിന് ഒരു ഭവനത്തിനായി ഇടുക്കി ജില്ലാ സംഗമത്തിനെ സമീപിച്ചത് രാജാക്കാടുള്ള SH കോൺവെൻ്റാണ്, ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി ജോമോൻ ജോസ് കോട്ടൂര് തുക കൈമാറി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കുമാരി കൊച്ച്ത്രേസൃ പൗലോസ് നേത്യത്യം നല്കി.
ആറ് ലക്ഷത്തോളം ചിലവ് വരുന്ന ഈ ഭവനത്തിൻ്റെ മുഴുവൻ ചിലവും വഹിക്കുന്നത് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സംഗമത്തിൻ്റെ ഒരു നന്മരമാണ് എന്നത് ഇടുക്കികാർക്ക് അഭിമാനകരമായ കാര്യം കൂടിയാണ്.
അടിമാലി-വെള്ളത്തൂവലിലുള്ള പൗലോസിൻ്റ കുടുംബത്തെ സഹായിക്കാനാണ് ഇടുക്കി കൂട്ടായ്മ അടുത്തതായി മുന്നോട്ട് വന്നിരിക്കുന്നത്. ഇവരുടെ ചിരകാല സ്വപ്നമായിരുന്ന വീടു പണി പൂർത്തിയാക്കുവാനായി ഒന്നര ലക്ഷം രൂപാ സംഘടനയുടെ പ്രവർത്തകനായ ശ്രീകുമാർ വരകിലിൻ്റെ പിതാവ് ജനാർദ്ധനൻ വരകിൽ, പൗലോസിനും കുടുംബത്തിനും തുക കൈമാറി.
കുഞ്ചിതണ്ണി വില്ലേജിൽ എല്ലകല്ലിൽ താമസിക്കുന്ന രോഗിയും, വിധവയുമായ 58 വയസുള്ള അമ്മിണി എന്ന സഹോദരിക്ക് ചികിത്സാ സഹായത്തിനായി യാണ് സംഘടന പണം സമാഹരിച്ചതെങ്കിലും, അമ്മിണി ചേച്ചിയുടെ ചികിൽസ ചിലവിന് ആവിശ്യമായ സഹായം രാജകുമാരിയിലുള്ള SH കോൺവെൻ്റ് ഏറ്റെടുത്തതിനാൽ കോൺവെൻറിലെ സിസ്റ്റേഴ്സിൻ്റ അഭ്യർത്ഥന പ്രകാരം അമ്മിണി ചേച്ചിക്ക് വീട് വെക്കാനാവിശ്യമായി കോൺവെൻ്റ് നല്കിയ സ്ഥലത്ത് നിർമ്മാണം ആരംഭിക്കുവാനായി ഇടുക്കി ജില്ലാ സംഗമം ജോയിൻ്റ് കൺവീനർ സാൻ്റോ ജേക്കബിൻ്റെ പിതാവ് ജേക്കബ് എമ്പ്രഹാം കീഴോട്ട്കുന്നേൽ ഒന്നരെ ലക്ഷം രൂപാ കൈമാറി. പഞ്ചായത്ത് മെമ്പർ ഡെയിസി ജോയിയും, SH കോൺവെൻ്റ് സിസ്റ്റർ: ഗ്ലാഡിസ്, മർജൻ്റ് അസോസിയേഷൻ ഭാരവാഹിയായ ബേസിൽ റ്റി ജേക്കബ്, ജോണി മംഗലത്ത്, ജോയി മങ്ങാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇടുക്കി ജില്ലാ സംഗമത്തിൻ്റെ ഈ വർഷത്തെ ചാരിറ്റിക്കായി ഇതുവരെ ലഭിച്ചത് 8000 പൗണ്ടാണ്. ഈ ഭവനങളുടെ പണി പൂർത്തിയാക്കുവാനായി പലരും മുന്നോട്ട് വന്നിട്ടുണ്ട്. ഇടുക്കി ജില്ലാ സംഗമത്തിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സഹായിച്ച് കൊണ്ട് ഇരിക്കുന്ന സംഗമത്തിൻ്റെ പ്രിയ കൂട്ടുകാർക്ക് ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി രേഖപെടുത്തുന്നതായി കൺവീനർ ജിമ്മി ജേക്കബ് അറിയിച്ചു.
click on malayalam character to switch languages