1 GBP = 105.08

പുജാരക്കു പിന്നാലെ ഋഷഭ് പന്തിനും സെഞ്ച്വറി, ഇന്ത്യ 622ന് ഡിക്ലയര്‍ ചെയ്തു

പുജാരക്കു പിന്നാലെ ഋഷഭ് പന്തിനും സെഞ്ച്വറി, ഇന്ത്യ 622ന് ഡിക്ലയര്‍ ചെയ്തു

സിഡ്നിയിലെ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ 622 എന്ന കൂറ്റന്‍ സ്കോറില്‍ ഡിക്ലയര്‍ ചെയ്തു. പൂജാരക്കു പിന്നാലെ പന്തും സെഞ്ച്വറി സ്വന്തമാക്കി ഔട്ടാവാതെ നിൽക്കെയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. 189 പന്തിൽ നിന്നും 159 റൺസെടുത്ത് ഋഷഭ് പന്ത് ഇന്ത്യയുടെ റണ്‍സ് 600 കടത്തുകയായിരുന്നു. 15 ബൗണ്ടറികളും ഒരു സിക്സറിന്റേയും അകമ്പടിയോടെയാണ് പന്തിന്റെ മിന്നും പ്രകടനം. ഇതോടെ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരിക്കുകയാണ് ഋഷഭ് പന്ത്.

ഇന്ത്യന്‍ സ്കോര്‍ 418ല്‍ നില്‍ക്കുമ്പോഴായിരുന്നു പുജാരയുടെ വിക്കറ്റ് നഷ്ടമായത്. തുടര്‍ന്നു വന്ന രവീന്ദ്ര ജഡേജ പന്തുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ പെട്ടെന്ന് പടുത്തുയര്‍ത്തുകയായിരുന്നു. 114 പന്തില്‍ ഒരു സിക്സും ഏഴ് ഫോറുമായി 81 റണ്‍സെടുത്താണ് ജഡേജ പുറത്തായത്. പന്തിന്‍റെയും ജഡേജയുടെയും അതിവേഗ ഇന്നിംഗ്സാണ് ഇന്ത്യക്ക് രണ്ടാം ദിനം അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്കോര്‍ 600 കടത്തി ഓസ്ട്രേലിയയെ ബാറ്റിങ്ങിനയക്കാനായത്.

193 റണ്‍സെടുത്തായിരുന്നു പുജാര പുറത്തായത്. ലിയോണാണ് പുജാരയുടെ ഇരട്ട സെഞ്ച്വറി സ്വപ്നം തകര്‍ത്ത്. രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 96 പന്തില്‍ 42 റണ്‍സെടുത്ത വിഹാരിയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ പൂജാരക്കൊപ്പം 101 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് വിഹാരി ക്രീസ് വിട്ടത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കും (23) വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്കും (18) തുടക്കം മുതലാക്കാനാവാതെപോയപ്പോള്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ രാഹുലിന് (ഒമ്പത്) ഈ ഇന്നിങ്‌സിലും കഴിഞ്ഞില്ല. പരിചിതമല്ലാത്ത ഓപണിങ്ങില്‍നിന്നുമാറി ആറാം നമ്പറില്‍ തിരിച്ചെത്തിയ ഹനുമ വിഹാരിയാണ് 39 റണ്‍സുമായി പുജാരക്കൊപ്പം ക്രീസില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി അഗര്‍വാളിനൊപ്പം രാഹുല്‍ ഓപണിങ്ങിനെത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷം ജനുവരിക്കുശേഷം വിദേശത്തെ 12ാം ടെസ്റ്റില്‍ ഇന്ത്യയുടെ ആറാമത് ഓപണിങ് ജോടിയായിരുന്നു ഇത്. ആദ്യ ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ രണ്ടുവട്ടം എഡ്ജ് ചെയ്ത രാഹുല്‍ ഹാസല്‍വുഡിന്റെ അടുത്ത ഓവറില്‍ ഫസ്റ്റ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന് പിടികൊടുത്ത് മടങ്ങി.

എന്നാല്‍, അഗര്‍വാളിന് പുജാര കൂട്ടത്തിയതോടെ കളി മാറി. പരമ്പരയിലുടനീളം പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് ഓസിസ് ബൗളിങ്ങിനെ ചെറുത്തുനിന്ന പുജാരയും അരങ്ങേറ്റ ഇന്നിങ്‌സില്‍ തന്നെ അര്‍ധസെഞ്ച്വറിയുമായി വരവറിയിച്ച അഗര്‍വാളും ഒത്തുചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനീക്കി. മുന്‍ മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി വേഗത്തിലായിരുന്നു സ്‌കോറിങ്. സ്‌കോര്‍ 126ലെത്തിയപ്പോള്‍ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് അഗര്‍വാള്‍ മടങ്ങി. 112 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറുമടങ്ങിയതായിരുന്നു കര്‍ണാടകക്കാരെന്റ ഇന്നിങ്‌സ്.

തുടര്‍ന്നെത്തിയ കോഹ്ലിക്കും അഞ്ചാം നമ്പറിലെത്തിയ രഹാനെക്കും എതിരെ ലെഗ്സ്റ്റമ്പ് ബൗളിങ് തന്ത്രമായിരുന്നു ഓസിസ് പുറത്തെടുത്തത്. സ്വതന്ത്രമായി ബാറ്റുവീശാന്‍ അവസരംനല്‍കാതെ കോഹ്‍ലിയെ ഒടുവില്‍ ഹാസല്‍വെഡ് ലെഗ് സൈഡില്‍ പൈനിന്റെ കൈയിലെത്തിച്ചപ്പോള്‍ രഹാനെ സ്റ്റാര്‍ക്കിെന്റ പന്തില്‍ ഓഫ് സൈഡിലും ഓസിസ് നായകന് ക്യാച്ച് നല്‍കി. മൂന്നാം വിക്കറ്റില്‍ പുജാര – കോഹ്‍ലി സഖ്യം 54ഉം നാലാം വിക്കറ്റില്‍ പുജാര രഹാനെ ജോടി 48ഉം റണ്‍സെടുത്തു. ഋഷഭ് പന്തും പുജാരയും കൂടെ 89 റണ്‍സെടുത്തപ്പോള്‍ പന്ത് ജഡേജയോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ബോഡിലേക്ക് ചേര്‍ത്തത് 204 റണ്‍സാണ്.

രണ്ടാം ദിനം കളി തീരുമ്പോള്‍ പത്ത് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റണ്‍സുമായി ഓസ്ട്രേലിയ ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. 19 റണ്‍സുമായി മാര്‍ക്കസ് ഹാരിസും അഞ്ച് റണ്‍സുമായി ഉസ്മാന്‍ ഖ്വാജയുമാണ് ക്രീസില്‍.

സിഡ്നിയിൽ ജയിക്കുകയോ സമനിലയാവുകയോ ചെയ്താല്‍ ഓസ്ട്രേലിയൻ മണ്ണിൽ കോഹ്‍ലിക്കും കൂട്ടർക്കും ആദ്യ ടെസ്റ്റ് വിജയമെന്ന ചരിത്രം നേട്ടം സ്വന്തമാക്കാനാവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more