1 GBP = 104.17
breaking news

ആമസോൺ സാമ്രാജ്യം ഇനി ആൻഡി ജാസിയുടെ കരങ്ങളിൽ; ജെഫ് ബെസോസിന്റെ പിൻ​ഗാമിയെക്കുറിച്ച് അറിയാം

ആമസോൺ സാമ്രാജ്യം ഇനി ആൻഡി ജാസിയുടെ കരങ്ങളിൽ; ജെഫ് ബെസോസിന്റെ പിൻ​ഗാമിയെക്കുറിച്ച് അറിയാം

Andy Jassy takes hold of Amazon from Jeff Bezos | ബെസോസിന്റെ കസേരയിലെത്തുന്നതിന് മുമ്പ് ആമസോൺ വെബ് സർവീസസിന്റെ (എഡബ്ല്യുഎസ്) സിഇഒ പദവിയാണ് ആൻഡി ജാസി വഹിച്ചിരുന്നത്

അടുത്ത കാലത്തായി വാർത്തകളിൽ നിറഞ്ഞ ഒരു പേരാണ് ആൻ‌ഡി ജാസ്സി. ലോകമെമ്പാടുമുള്ള ആളുകൾ ആമസോണിന്റെ സ്ഥാപകനും സി‌ഇ‌ഒയുമായ ജെഫ് ബെസോസ് പടിയിറങ്ങുന്ന വാർത്ത അറിഞ്ഞതിനൊപ്പം ആൻഡി ജാസ്സിയെക്കുറിച്ചും കേട്ടിരിക്കും. ആമസോൺ സിഇഒ പദവിയിൽ നിന്ന് ജെഫ് ബെസോസ് ഇന്ന് വിരമിക്കുമ്പോൾ, ഈ സ്ഥാനം ഏറ്റെടുക്കുന്നത് ആൻഡി ജാസിയാണ്.

പിൻഗാമിയെ തിരഞ്ഞെടുത്തതും ജെഫ് ബെസോസ് തന്നെയാണ്. ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് ബിരുദം നേടിയ ജാസ്സി ആമസോണിന്റെ ഭാഗമായിട്ട് വർഷങ്ങളായി. ബെസോസിന്റെ നിഴലായി നിലകൊണ്ടിരിക്കുന്ന വ്യക്തിയാണ് ജാസിയെന്നാണ് വിവരം. ജാസ്സി ‘മാൻ ഓഫ് മെക്കാനിസം’ എന്നാണ് അറിയപ്പെടുന്നതെന്ന് ബ്ലൂംബെർഗ് പത്രപ്രവർത്തകൻ ബ്രാഡ് സ്റ്റോൺ എഴുതിയ ‘ആമസോൺ അൺബൗണ്ട്’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മണിക്കൂറുകളോളം മീറ്റിംഗുകളിൽ പങ്കെടുക്കുന്നതോ വിശ്രമമില്ലാതെ പേപ്പർവർക്കുകൾ ചെയ്ത് തീർക്കുന്നതോ ജാസിയ്ക്ക് ഒരു പ്രശ്നമേ അല്ലെന്നാണ് ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാകാം ജാസി ലോകത്തിലെ ഏറ്റവും വലിയ കമ്പനിയുടെ തലപ്പത്ത് എത്തിയതും.

ബെസോസിന്റെ കസേരയിലെത്തുന്നതിന് മുമ്പ് ആമസോൺ വെബ് സർവീസസിന്റെ (എഡബ്ല്യുഎസ്) സിഇഒ പദവിയാണ് ആൻഡി ജാസി വഹിച്ചിരുന്നത്. കമ്പനിയുടെ സോഫ്റ്റ്‌വെയർ ക്ലൗഡ്-കമ്പ്യൂട്ടിംഗ് വിഭാഗമായി പ്രവർത്തിച്ചിരുന്നതിനാൽ 2000 കളുടെ തുടക്കത്തിൽ ബിസിനസിന്റെ നട്ടെല്ലായി മാറിയത് ജാസിയുടെ നേതൃത്വത്തിലുള്ള ഈ വിഭാഗമായിരുന്നു. മഹാമാരിയുടെ ഘട്ടത്തിലും കൂടുതൽ നിക്ഷേപങ്ങളിലും സംരംഭങ്ങളിലും ഏർപ്പെടാൻ ആവശ്യമായ വരുമാനവും മൂലധനവും ഇത് ആമസോണിന് നൽകി.

ജാസ്സിയുടെ ജോലിയോടുള്ള ആത്മാർത്ഥത അദ്ദേഹത്തിന്റെ സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യയിൽ ജാസിയുടെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം.

പുസ്തകങ്ങൾ, സിനിമകൾ, ടിവി ഷോകൾ, ക്യാമറകൾ, മൊബൈൽ ഫോണുകൾ എന്നിവ വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ആമസോൺ ഇന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചത്. എന്നാൽ ആഭ്യന്തര ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ടുമായി നേർക്കുനേർ മത്സരിക്കാൻ തുടങ്ങിയതോട് വിൽപ്പന കൂടുതൽ വിപുലീകരിച്ചു. പ്രാദേശിക ഭീമൻമാരുമായുള്ള മത്സരവും വിദേശ നിക്ഷേപം (എഫ്ഡിഐ) സംബന്ധിച്ച ഇന്ത്യൻ സർക്കാരിന്റെ ചില നിയമമാറ്റങ്ങളും മറ്റും ആമസോൺ പോലുള്ള കമ്പനികൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കുന്നത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാക്കി.

എന്നാൽ വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ വിപണിയിൽ ബിസിനസ്സ് വികസിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക മാത്രമല്ല, ഇന്ത്യൻ സർക്കാരുമായി ആരോഗ്യകരമായ ബന്ധം പുനഃസ്ഥാപിക്കുക കൂടിയായിരിക്കും ഇന്ത്യയിൽ ജാസ്സിയുടെ പ്രധാന ലക്ഷ്യങ്ങൾ. സമീപഭാവിയിലെ ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പുതിയ സി‌ഇ‌ഒയുടെ സമീപനം എന്തായിരിക്കുമെന്ന് കണ്ടറിയാം.

തന്റെ എയ്‌റോസ്‌പേസ് കമ്പനിയായ ‘ബ്ലൂ ഒറിജിൻ’ വഴി ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത് പോലുള്ള മറ്റ് കാര്യങ്ങളിലാണ് ബെസോസ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റ് ചില പദ്ധതികളിലേക്ക് കൂടുതൽ സമയവും ഊർജ്ജവും ചെലവഴിക്കാനും ബെസോസ് പദ്ധതിയിടുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more