1 GBP = 103.17
breaking news

കുഞ്ഞനുജൻ അമൽ പ്രസാദിന് ജന്മനാട്ടിൽ അന്ത്യവിശ്രമം; യു കെ മലയാളികളോട് തീർത്താൽ തീരാത്ത നന്ദിയോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ….

കുഞ്ഞനുജൻ അമൽ പ്രസാദിന് ജന്മനാട്ടിൽ അന്ത്യവിശ്രമം; യു കെ മലയാളികളോട് തീർത്താൽ തീരാത്ത നന്ദിയോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ….

നോര്‍വ്വിച്ചില്‍ കാറപകടത്തില്‍ മരിച്ച അമല്‍ പ്രസാദിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച  മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. യുക്മ നേതൃത്വം ഇടപെട്ട് നോർക്കയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ആംബുലൻസിൽ ആണ് മൃതദേഹം വർക്കലയിലെ വീട്ടിലെത്തിച്ചത്.

ദുഃഖവെള്ളിയാഴ്ച ദിവസം യുകെ മലയാളികൾക്ക് ഇരട്ടി ദുഃഖം സമ്മാനിച്ചാണ്  നോര്‍വ്വിച്ചിനടുത്ത്  നടന്ന വാഹനാപകടത്തില്‍ തിരുവനന്തപുരം വർക്കല പനയറ സ്വദേശിയായ മലയാളി വിദ്യാർത്ഥി അമൽ പ്രസാദിന് അകാല മൃത്യു സംഭവിച്ചത്. വ്യാഴാഴ്ച ലണ്ടൻ ഹീത്രു എയർപോർട്ടിൽ നിന്നും എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്. ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ദുഃഖാർത്തരായ ബന്ധുക്കൾ ഏറ്റുവാങ്ങി. ഏകദേശം രണ്ട് മാസം മുൻപ് ഉപരി പoനത്തിനായി യാത്ര പറഞ്ഞിറങ്ങിയ അമൽ തിരികെ എത്തിയ കാഴ്ച അച്ഛനും അമ്മയും സഹോദരനും മറ്റ് കുടുംബാംഗങ്ങൾക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും തീരാകണ്ണീരാണ് സമ്മാനിച്ചത്.തിരുവനന്തപുരം വര്‍ക്കല പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം രോഹിണിമംഗലം വീട്ടു വളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് അമൽ പ്രസാദിൻ്റെ  സംസ്‌കാരം നടന്നത്.

തിരുവനന്തപുരം മോഹന്‍ദാസ് എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ഉപരിപഠനത്തിനായിട്ടാണ് അമൽ (എം.എസ്. ഡിഗ്രി) യുകെയിലെത്തിയത്. എല്ലാവരേയും പോലെ വലിയ പ്രതീക്ഷയും സ്വപ്‌നങ്ങളുമായിട്ടാണ്  അമല്‍ പ്രസാദ് യുകെയിൽ കാലുകുത്തിയത്. എന്നാൽ അമലിൻ്റെ കാര്യത്തിൽഎല്ലാ സ്വപ്നങ്ങളും തകർന്നടിയുകയായിരുന്നു.25 വയസ് മാത്രമായിരുന്നു മരിക്കുമ്പോൾ അമലിൻ്റെ പ്രായം. 
ഏപ്രില്‍ രണ്ടിന് ലണ്ടന്‍ സമയം പുലര്‍ച്ചെ 4.50ന് ലണ്ടനിലെ നോര്‍വിച്ച് ഭാഗത്തായിരുന്നു അപകടം. അമല്‍, സഹപാഠികളായ കഴക്കൂട്ടം സ്വദേശി നിഷാല്‍, കണിയാപുരം സ്വദേശി ആകാശ് എന്നിവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് മരണകാരണമായത്. പരിക്കേറ്റ മൂന്നുപേരെയും ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അപകടം നടന്ന ഉടനെ നോർവിച്ച് അസോസിയേഷൻ ഓഫ് മലയാളീസ് ഭാരവാഹികളായ അജു ജേക്കബ്, ജയ്മോൻ, ബ്രയാൻ വർഗീസ് തുടങ്ങിയവർ യുക്മ ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് മരണമടഞ്ഞ അമൽ പ്രസാദിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നു. അമലിൻ്റെ നാട്ടിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അവരുടെ അനുവാദത്തോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് ഫണ്ട് ശേഖരണം ആരംഭിച്ചു. രാവിലെ 8.30 ന് ആരംഭിച്ച ഫണ്ട് ശേഖരണം ആവശ്യമായ തുക ലഭിച്ച സമയം തന്നെ ഉച്ചക്ക് 1.30 ന് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

തുടർന്ന് പോലീസ് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് അയക്കാൻ സാധിച്ചത്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ അപ്പീലിലൂടെ സമാഹരിച്ച തുകയായ 4189.02 പൗണ്ട് നെക്സ്റ്റ് ഓഫ് കിൻ ആയ വിപിൻ നായർക്ക് കൈമാറിയിട്ടുള്ളതാണ്. കെൻ്റ് ഗില്ലിംങ്ങ്ഹാംഹാം സ്വദേശിയായ വിപിൻ നായരാണ് അമലിൻ്റെ അപകടത്തെ തുടർന്ന് പോലീസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ശരിയാക്കി ഇത്രയും വേഗത്തിൽ മൃതദേഹം നാട്ടിലെത്തിക്കുവാൻ മുൻപിൽ നിന്ന് പ്രവർത്തിച്ചത്. ലണ്ടൻ ഇൻഡ്യൻ ഹൈക്കമ്മീഷനിൽ നിന്നും  യുക്മ നേതൃത്വത്തിൽ നിന്നും ഇക്കാര്യത്തിന് വിപിന് പൂർണ പിന്തുണ കൊടുത്തിരുന്നു. നിയമപരമായ സഹായം നൽകിയത് ജെ ജെ വിൽ നെറ്റേഴ്സിലെ അഡ്വ.ജേക്കബ് എബ്രഹാം ആയിരുന്നു. ലിലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ബർമിംങ്ങ്ഹാം മൃതദേഹം പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് മുതൽ വ്യാഴാഴ്ച എയർപോർട്ടിൽ നിന്നും കയറ്റി അയച്ചത് വരെയുള്ള കാര്യങ്ങൾ നിർവഹിച്ചത്. അമലിൻ്റെ കാര്യങ്ങൾ സുഗമമാക്കി നാട്ടിലെത്തിച്ചതിന് പിന്നിൽ പ്രവർത്തിച്ച യുക്മ, ഹൈക്കമ്മീഷൻ മറ്റ് വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങി എല്ലാവർക്കും അമലിൻ്റെ കുടുംബം നന്ദി പറഞ്ഞു.

അടിയന്തിര ഘട്ടത്തിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF) നടത്തിയ അപ്പീലിനോട് യുകെ മലയാളി സമൂഹം വളരെ അനുകമ്പാപൂർണമായ പ്രതികരണമാണ് നടത്തിയത്. അപ്പീൽ അവസാനിപ്പിച്ചിട്ടും ധാരാളം ആളുകൾ സഹായം ചെയ്യാൻ മുന്നോട്ട് വരികയുണ്ടായി എന്നത് യുക്മ ചാരിറ്റി ഫൗണ്ടേഷന് യു കെ മലയാളി സമൂഹത്തിലുള്ള  സ്വീകാര്യതയെ സൂചിപ്പിക്കുന്നു. യുകെ മലയാളി സമൂഹത്തിന് യുക്മയുടെയും യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെയും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുവാൻ കൂടി ഈ അവസരം ഞങ്ങൾ വിനിയോഗിക്കുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റി ബോർഡിൽ അലക്സ് വർഗ്ഗീസ്, എബി സെബാസ്റ്റ്യൻ, മാമ്മൻ ഫിലിപ്പ്, ടിറ്റോ തോമസ്, വർഗീസ് ഡാനിയേൽ, ബൈജു തോമസ്, ഷാജി തോമസ് തുടങ്ങിയവരാണ് അംഗങ്ങൾ. അടുത്തയിടെ യു കെയിൽ ലണ്ടനിൽ മരണമടഞ്ഞ അനിത ജയമോഹനുവേണ്ടി സമാഹരിച്ച തുകയും കുടുംബത്തിന് കൈമാറുവാൻ സാധിച്ചു. യു കെയിലെ പൊതു സമൂഹത്തിൽ യുക്മയുടെയും യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ഉത്തരവാദിത്വം കൂടുതൽ വർധിക്കുകയാണ്. വര്‍ക്കല പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം രോഹിണിമംഗലം വീട്ടില്‍ ജയപ്രസാദിന്റെയും സന്ധ്യാ പ്രസാദിന്റെയും മകനാണ് അമൽ പ്രസാദ്. സഹോദരന്‍: അതുല്‍ പ്രസാദ്.

ലണ്ടനിലെ വിച്ച് ഗേറ്റ് വേ ഗ്രീന്‍ യൂണിവേഴ്സിറ്റിയില്‍ ആയിരുന്നു അമല്‍ പഠിച്ചിരുന്നത്. കോവിഡ് കാരണം ക്ലാസ് തുടങ്ങാൻ വൈകുന്നതിനാൽ പഠനത്തിനൊപ്പം നോര്‍വിച്ചില്‍  താല്‍ക്കാലികമായി ലഭിച്ച ജോലി ചെയ്യാന്‍ അമല്‍ തയ്യാറായിരുന്നു. അങ്ങനെയാണ് അമൽ നോർവിച്ചിലെത്തിച്ചേർന്നത്. അപകട ദിവസം രാവിലെ ജോലിക്ക് എത്തേണ്ടതിനാല്‍ കൂട്ടുകാരുമായി ലണ്ടനില്‍ നിന്നും പുലർകാലത്ത് നാലുമണിക്ക് മുന്‍പ് തന്നെ യാത്ര പുറപ്പെടുക ആയിരുന്നു എന്നാണ് വിവരം. ഒരു മണിക്കൂറിനു ശേഷം സംഭവിച്ച അപകടം യാത്രയിലെ ക്ഷീണം മൂലം ഡ്രൈവ് ചെയ്ത ആള്‍ ഉറങ്ങിപ്പോയതാണെന്ന് അന്വേഷണത്തിൽ നിന്നും അറിയുന്നത്. എ 14 റോഡിൽ അതിരാവിലെ തിരക്കില്ലാത്തതിനാൽ വേഗത്തില്‍ യാത്ര ചെയ്തു ലക്ഷ്യ സ്ഥാനത്തെത്താനുള്ള തിടുക്കം അപകട കാരണമായിട്ടുണ്ടാകാമെന്ന് വിലയിരുത്തപ്പെടുന്നു. എതിരെ എത്തിയ ട്രക്കിലേക്ക് നേര്‍ക്ക് നേര്‍ എന്ന വിധത്തിലാണ് അപകടത്തില്‍ പെട്ട കാര്‍ ഇടിച്ചു കയറിയതെന്ന് സൂചനയുണ്ട്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ സുരക്ഷിതരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more