1 GBP = 104.13
breaking news

കുട്ടികൾക്കും യുവജനങ്ങൾക്കും ശുശ്രുഷകൾ; അഭിഷേകാഗ്നി കൺവെൻഷൻ വിശ്വാസോർജ്ജകമാവും…

കുട്ടികൾക്കും യുവജനങ്ങൾക്കും ശുശ്രുഷകൾ; അഭിഷേകാഗ്നി കൺവെൻഷൻ വിശ്വാസോർജ്ജകമാവും…

അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പ്രഥമ വാർഷികം രൂപതയിലുടനീളം തിരുവചനങ്ങൾക്കു കാതോർക്കുവാനും, വിവേചനത്തിന്റെയും, ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ചൈതന്യ നിറവിനുതകുന്ന പരിശുദ്ധാത്മ ശുശ്രുഷകളുമായി രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ്. രൂപതയുടെ പ്രാഥമിക വർഷത്തിനിടയിലെ വിജയക്കുതിപ്പിന്റെ സന്തോഷവേളയിൽ തന്റെ മുഖ്യ ദൈവീക കർമ്മ പദ്ധതിയായ ‘സുവിശേഷവൽക്കരണ’ത്തിനു നാന്ദി കുറിക്കുവാൻ പിതാവ് തന്നെ വിഭാവനം ചെയ്തു സംഘടിപ്പിക്കുന്ന ഒന്നാമത് അഭിഷേകാഗ്നി കൺവെൻഷൻ രൂപതയിൽ ‘വിശ്വാസൈക്യ’ വിളംബരം ആയി മാറും.
‘അല്ലിൻസ് പാർക്ക്’ അഭിഷേകാഗ്നി കൺവെൻഷനു മൂന്നു ഹാളുകളിലായി അനുഗ്രഹ പറുദീസ തീർക്കുമ്പോൾ കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടി വെവ്വേറെ ഹാളുകളിലായി സെഹിയോൻ യുകെ മിനിസ്ട്രിയുടെയും, നാട്ടിൽ നിന്നുമുള്ള പ്രമുഖ സുവിശേഷകരെയും ഉൾപ്പെടുത്തി പ്രശസ്ത വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രുഷകൾ നടത്തപ്പെടുന്നതാണ്. നാളിന്റെ വിശ്വാസ ദീപങ്ങൾക്കു ആല്മീയമായ ഊർജ്ജവും, ജ്ഞാനവും, നന്മകളും കൂടുതലായി പകരുവാൻ സൗകര്യപ്രദമായി കിട്ടുന്ന ഈ സുവർണ്ണാവസരം മക്കൾക്കായി നൽകാവുന്ന ഏറ്റവും അമൂല്യമായ സംഭാവനയാവും.
പരിശുദ്ധാത്മ ശുശ്രുഷകളിലൂടെ കോടിക്കണക്കിനു ക്രൈസ്തവ-അക്രൈസ്തവർക്കിടയിൽ ദൈവീക സാന്നിദ്ധ്യവും, അനുഗ്രഹ സ്പർശവും അനുഭവവേദ്യമാക്കുവാൻ അഭിഷേകം ലഭിച്ചിട്ടുള്ള പ്രമുഖ സുവിശേഷകരിൽ ഒരാളും, സെഹിയോൻ ശുശ്രുഷകളുടെ സ്ഥാപകനും ആയ ഫാ.സേവ്യർഖാൻ വട്ടായിൽ അച്ചനെ തന്നെയാണ് സ്രാമ്പിക്കൽ പിതാവ് തന്റെ സുവിശേഷ യജ്ഞത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് . ഇമ്പം പകരുന്ന കുടുംബങ്ങളായി മാറുവാനും, ദൈവ സന്താനങ്ങളായി വിളങ്ങുവാനും ഉതകുന്ന ദൈവ കൃപയുടെ, അനുഗ്രഹങ്ങളുടെ, നവീകരണത്തിന്റെ,വിശ്വാസോർജ്ജകമായ ശുശ്രുഷയുമായി അഭിഷേകാഗ്നി കൺവെൻഷൻ വേദിയെ അക്ഷരാർത്ഥത്തിൽ പരിശുദ്ധാത്മാവ് നയിക്കുമ്പോൾ സേവ്യർഖാൻ അച്ചൻ അതിലെ ശുശ്രുഷകനാവും.
ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷൻ ഒക്ടോബർ 29 നു ഞായറാഴ്ച രാവിലെ 9:30 നു പരിശുദ്ധ അമ്മക്ക് ജപമാല സമർപ്പിച്ചു കൊണ്ട് ആരംഭിക്കുന്നതായിരിക്കും.വൈകുന്നേരം ആറു മണി വരെയാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പരിശുദ്ധാത്മ ശുശ്രുഷകളിലേക്കു ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതോടൊപ്പം ഏവർക്കും അഭിഷേകാഗ്നി കൺവെൻഷനിലൂടെ കൃപകളുടെയും, വരദാനങ്ങളുടെയും അനുഗ്രഹങ്ങൾ ലഭിക്കുമാറാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായി കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര, ഫാ. മാത്യു കട്ടിയാങ്കൽ, ഫാ.സാജു പിണക്കാട്ട്, കൺവെൻഷൻ സംഘാടക സമിതി എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more