1 GBP = 104.33
breaking news

തെറ്റിയോടിയ ആ സെക്കൻഡ് സൂചി നിലച്ചിട്ട് 11 വർഷം

തെറ്റിയോടിയ ആ സെക്കൻഡ് സൂചി നിലച്ചിട്ട് 11 വർഷം

ഭാഷാ ശൈലിയിലും അവതരണത്തിലും മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വം സമ്മാനിച്ച എ അയ്യപ്പൻ ഓർമ്മായിട്ട് 11 വർഷം തികയുന്നു. നിഷേധി, അരാജകവാദി, തെരുവിന്റെ കവി എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ടായിരുന്നു എ അയ്യപ്പന്.

2010 ലെ ആശാൻ പുരസ്‌കാരം ഏറ്റുവാങ്ങാൻ ചെന്നൈയിലേക്ക് പുറപ്പെടാനിരുന്നതാണ് അയ്യപ്പൻ. ഒക്ടോബർ 21ന് തിരുവനന്തപുരം തമ്പാനൂരിൽ അബോധാവസ്ഥയിൽ കാണപ്പെട്ട അജ്ഞാതനെ പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരണത്തോടൊപ്പം അജ്ഞാതൻ ആരെന്നും സ്ഥിരീകരിച്ചു. ആരോടും പറയാതെ, പ്രിയകവി എ. അയ്യപ്പൻ തെരുവിറങ്ങി പോയി.

1949 ഒക്ടോബർ 27ന് ബാലരാമപുരത്താണ് എ അയ്യപ്പന്റെ ജനനം. എ അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസിൽ അമ്മയും. കാലം അത്രമേൽ അനാഥമാക്കിയത് കൊണ്ടാവാം, തെരുവിന്റെ ആകാശക്കൂരക്ക് കീഴിൽ, ജീവിച്ച കാലഘട്ടത്തെ എ അയ്യപ്പൻ അക്ഷരങ്ങൾകൊണ്ട് വെല്ലുവിളിച്ചുകൊണ്ടേയിരുന്നു. കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിൻകുട്ടിയും, ബലിക്കുറുപ്പുകൾ, പ്രവാസിയുടെ ഗീതം, വെയിൽ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിത്തരോഗ ആസ്പത്രിയിലെ ദിനങ്ങൾ, ഓർമക്കുറിപ്പുസമാഹാരമായി തെറ്റിയോടുന്ന സെക്കന്റ് സൂചി. അനാഥനായി അലഞ്ഞുതീർത്ത ആ ജീവിതം സനാഥനായ കൃതികൾ ഇരുപതോളം വരും.

യാത്ര പറഞ്ഞിട്ട് പതിറ്റാണ്ടുപിന്നിട്ടെങ്കിലും കേരളത്തിലെ തെരുവുകൾ എ. അയ്യപ്പനെ തെരയുകയാണ്. സ്വപ്‌നംപോലെ സ്വതന്ത്രമായിരുന്ന ആ ജീവിതം കവിതകളിൽ ബാക്കിവച്ച വിടവുകളും വിരാമങ്ങളും അവർ പൂരിപ്പിച്ചെടുക്കുന്നു. സാധാരണവാക്കുകളെപ്പോലും രഹസ്യങ്ങൾ നിറഞ്ഞ മുത്തുച്ചിപ്പികളാക്കി മാറ്റുന്ന ആ കാവ്യഭംഗിയോർത്ത് അവർ ആശ്ചര്യപ്പെടുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more