1 GBP = 104.61
breaking news

ഇറാന് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ്

ഇറാന് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ്

വാഷിങ്ടൺ: ഇറാന് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് അറിയിച്ച് യു.എസ്. ഇറാന്റെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ് അറിയിപ്പ്. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവനാണ് ഉപരോധം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ഇറാന്റെ മിസൈൽ- ഡ്രോൺ പദ്ധതികൾ, ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ്, പ്രതിരോധ മന്ത്രാലയം എന്നിവക്ക് മേലാവും യു.എസ് പുതിയ ഉപരോധം ഏർപ്പെടുത്തുക.

ഇറാന്റെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡൻ ജി7 ഉൾപ്പടെയുള്ള യു.എസിന്റെ സഖ്യരാഷ്ട്രങ്ങളുമായി ഇറാന് ശക്തമായ മറുപടി നൽകുന്നതിനെ കുറിച്ച് ചർച്ച നടത്തിയെന്നും സള്ളിവൻ അറിയിച്ചു. വരും ദിവസങ്ങളിൽ ഇറാന് മേൽ യു.എസ് കൂടുതൽ ഉപരോധം ഏർപ്പെടുത്തും. മേഖലയിലെ മിസൈൽ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികളുമായി യു.എസ് മുന്നോട്ട് പോവുകയാണ്. മിസൈൽ ആക്രമണങ്ങൾ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകുന്ന സംവിധാനവും മെച്ചപ്പെടുത്തുമെന്നും സളളിവൻ പറഞ്ഞു.

യു.എസിന്റെ സഖ്യ രാഷ്ട്രങ്ങളും ഇറാന് മേൽ ഉപരോധമേർപ്പെടുത്തുമെന്നാണ് പ്രതീക്ഷ. പുതിയ ഉപരോധം ഇറാന് മേൽ സമ്മർദ്ദമുണ്ടാക്കുമെന്നും സള്ളിവൻ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇറാനിലെ 600ഓളം വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾ​ക്കെതിരെയും യു.എസ് ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. സഖ്യ രാജ്യങ്ങളുമായി ചേർന്ന് നടപടികൾ സ്വീകരിക്കാൻ തങ്ങൾക്ക് മടിയില്ലെന്നും സള്ളിവൻ പറഞ്ഞു.

ഇറാൻ ഇസ്രായേലിന് നേരെ നടത്തിയ ഡ്രോണാക്രമണത്തിന് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ദേശീയ സുരക്ഷാ ടീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് പിന്നാലെ ഇസ്രായേലിനെ സംരക്ഷിക്കാനുള്ള യു.എസിന്റെ പ്രതിജ്ഞാബദ്ധതയെ കുറിച്ച് അദ്ദേഹം പ്രസ്താവന നടത്തുകയും ചെയ്തു. ശനിയാഴ്ചയാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ ഇസ്രായേലിനെ ആക്രമിച്ചത്. സിറിയയിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിനുള്ള മറുപടിയായിരുന്നു ഇസ്രായേലിന് അവർ നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more