1 GBP = 104.33
breaking news

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; പി ജെ ജോസഫ് ഹൈക്കോടതിയിലേക്ക്

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; പി ജെ ജോസഫ് ഹൈക്കോടതിയിലേക്ക്

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനനുവദിച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പി ജെ ജോസഫ് വിഭാഗം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണെമെന്നും ചിഹ്നവും പാര്‍ട്ടിയുടെ പേരും ജോസ് കെ മാണിക്കനുവദിച്ച ഉത്തരവില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളായിരിക്കും പിജെ ജോസഫ് വിഭാഗം പ്രധാനമായും ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഉന്നയിക്കുക. അപ്പീല്‍ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിക്കുമെന്നാണ് ജോസഫ് പക്ഷത്തിന്റെ പ്രതീക്ഷ.

കേരളാ കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പി ജെ ജോസഫ് ഹൈക്കോടതിയിലെത്തുകയും ഹൈക്കോടതി പാര്‍ട്ടി ചിഹ്നമായ രണ്ടില മരവിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കുകയും ജോസഫ് വിഭാത്തിന്റെ ഹര്‍ജി തള്ളുകയുമായിരുന്നു. കെ എം മാണിയുടെ മരണത്തിനു ശേഷം ഇരുവിഭാഗമായാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന കമ്മീഷന്റെ നിരീക്ഷണവും കോടതി അംഗീകരിച്ചു. ഇത് പ്രകാരം അംഗബലം കൂടുതലുള്ള ജോസ് പക്ഷത്തിന് ഔദ്യോഗിക ചിഹ്നവും അംഗീകാരവും കോടതി വിധിക്കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ജോസ് വിഭാഗത്തിന് ചിഹ്നം ലഭിച്ചത് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് ജോസഫ് വിഭാഗം. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സിംഗിള്‍ ബഞ്ച് വിധിയില്‍ അടിയന്തര സ്‌റ്റേ ആവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ ജോസഫ് വിഭാഗം നീക്കം നടത്തുന്നത്. ജോസ് പക്ഷത്തിന് ചിഹ്നമനുവദിച്ചുള്ള കോടതി വിധിയോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരുടെ ഗണത്തിലേക്ക് മാറുമോ എന്നും ജോസഫ് പക്ഷത്തിന് ആശങ്കയുണ്ട്.

എന്നാല്‍ സിംഗിള്‍ ബെഞ്ച് മാസങ്ങള്‍ നീണ്ട വാദത്തിനൊടുവിലാണ് വിധി പുറപ്പെടുവിച്ചതെന്നും തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നും ജോസ് പക്ഷവും കോടതിയെ അറിയിക്കും. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ ജോസ് പക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില ചിഹ്നമായി ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ജോസഫ് വിഭാഗം ചെണ്ട ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇന്നു വൈകുന്നേരം മൂന്നിനു മുമ്പാണ് ഔദ്യോഗിക രാഷ്ട്രീയപാര്‍ട്ടികള്‍ ചിഹ്നത്തിനായി കത്ത് നല്‍കേണ്ട അവസാന സമയം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more