1 GBP = 104.66
breaking news

ബി.ജെ.പി ഹർത്താലിനിടെ വ്യാപക അക്രമം, നടപടിയെടുക്കാതെ പൊലീസ്

ബി.ജെ.പി ഹർത്താലിനിടെ വ്യാപക അക്രമം, നടപടിയെടുക്കാതെ പൊലീസ്

എറണാകുളം: വരാപ്പുഴ വീടാക്രമണക്കേസിൽ ഗൃഹനാഥൻ തൂങ്ങിമരിക്കാനിടയായ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകൻ മരിച്ചതിൽ പ്രതിഷേധിച്ച് വരാപ്പുഴയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. രാവിലെ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ പോയ യുവാവിനെയും ബൈക്ക് യാത്രക്കാരനെയുമുൾപ്പെടെ നിരവധി പേരെ ഹർത്താലനുകൂലികളായ ബി.ജെ.പി പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചു. വരാപ്പുഴ – ഗുരുവായൂർ ദേശീയപാതയിൽ രാവിലെ എട്ടരയോടെയാണ് സംഭവം. അക്രമങ്ങൾ നടക്കുമ്പോൾ പൊലീസ് നോക്കിനിന്നതായി ആരോപണമുണ്ട്.
റോഡ് ഉപരോധിച്ച പ്രവർത്തകർ കൂട്ടമായി ബൈക്ക് യാത്രക്കാരനായ യുവാവിനെ മർദ്ദിക്കുകയായിരുന്നു. ബസ് യാത്രക്കാരായ ചിലർക്കും മർദ്ദനമേറ്റതായി വിവരമുണ്ട്. വാഹനങ്ങൾ തടയുന്നതിനാൽ വലിയ ഗതാഗതക്കുരുക്കും പ്രദേശത്ത് അനുഭവപ്പെടുന്നുണ്ട്. വിദ്യാർത്ഥിനികളോടും സ്ത്രീകളോടും അടക്കം വളരെ മോശമായ രീതിയിലാണ് പ്രവർത്തകർ പെരുമാറുന്നതെന്ന് പരാതികളുണ്ട്. പ്രദേശത്ത് നില ശാന്തമാക്കാൻ പൊലീസ് സന്നാഹം ആവശ്യത്തിനില്ലെന്നും ആക്ഷേപമുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിൽ രാവിലെ വരാപ്പുഴ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ചും സംഘടിപ്പിച്ചു. രാവിലെ പത്തോടെ കോൺഗ്രസിന്റെ നേതൃത്വത്തിലും പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രദേശത്ത് രാവിലെ മുതൽ പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്.

അതേസമയം, കസ്‌റ്റഡി മരണത്തെക്കുറിച്ച് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരമാണ് റേഞ്ച് ഐ.ജി സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തുന്നത്. വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പിൽ എസ്.ആർ ശ്രീജിത്ത് (26) പൊലീസ് കസ്റ്റഡിയിലിരിക്കെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എഴുമണിയോടെയാണ് മരിച്ചത്.

വരാപ്പുഴ പൊലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോഴും അതിനുശേഷം സ്റ്റേഷനിൽ വച്ചും തനിക്ക് ക്രൂരമായി മർദ്ദനമേറ്റെന്ന് ശ്രീജിത്ത് ഭാര്യയോടും അമ്മയോടുമെല്ലാം വെളിപ്പെടുത്തിയിരുന്നു. ശ്രീജിത്തിനേയും സഹോദരൻ സജിത്തിനേയുമാണ് ശനിയാഴ്ച രാത്രി മഫ്തിയിലെത്തിയ വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, മരിച്ച ശ്രീജിത്തിന് വീടാക്രമിച്ച കേസുമായി ബന്ധമുണ്ടായിരുന്നില്ല. കേസിലെ മുഖ്യപ്രതിയായ തുളസീദാസെന്ന ശ്രീജിത്ത് ആണെന്ന തെറ്റിദ്ധാരണയിലാണ് മരിച്ച എസ്.ആർ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ അശ്രദ്ധയാണ് ശ്രീജിത്തിന്റെ അറസ്റ്റിലേക്കും ക്രൂരമായ കസ്റ്റഡി മർദ്ദനത്തിലേക്കും നയിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ 24 മണിക്കൂറിനകം തന്നെ കോടതിയിൽ ഹാജരാക്കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു എന്നും ആരോപണമുണ്ട്.

ഇന്നലെ മനുഷ്യാവകാശ കമ്മിഷൻ അംഗം സന്ദർശിച്ചതിന് പിന്നാലെയാണ് വൈകിട്ട് ഏഴു മണിയോടെ ശ്രീജിത്ത് മരിച്ചത്. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിലുള്ള മൃതദേഹം ഇൻക്വസ്റ്റിന് ശേഷം കളമശ്ശേരി മെഡിക്കൽ കോജേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. ശ്രീജിത്തിന്റെ മൃതദേഹം ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കുമെന്ന് റൂറൽ എസ്.പി എ.വി ജോർജ്ജ് പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിൽ മുതിർന്ന ഡോക്ടർമാരുടെ ടീമായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ മരണപെട്ടതിനാൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. 174 വകുപ്പ് ചുമത്തിയായിരിക്കും അന്വേഷണം നടത്തുകയെന്നും എസ്.പി പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടതിനാണ് കേസെടുത്തിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more