1 GBP = 104.26
breaking news

അഭിനന്ദൻ ഇന്ന് മുതൽ അവധിയിലേക്ക്

അഭിനന്ദൻ ഇന്ന് മുതൽ അവധിയിലേക്ക്

ന്യൂഡല്‍ഹി ∙ പാക്കിസ്ഥാന്റെ പിടിയില്‍നിന്നു മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഡീബ്രീഫിങ് അവസാനിച്ചതായി വാർത്താഎജൻസി എഎൻഐ. ഇന്ത്യന്‍ വ്യോമസേനയും മറ്റ് അന്വേഷണ ഏജന്‍സികളുമാണു വര്‍ധമാനില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

ഇനി കുറച്ച് ആഴ്ചകൾ വര്‍ധമാന്‍ അവധിയില്‍ പ്രവേശിക്കും. തുടര്‍ന്ന് മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം എത്രനാളിനുള്ളില്‍ യുദ്ധവിമാനം പറത്താനാകുമെന്നു റിപ്പോര്‍ട്ട് നല്‍കും.

പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ പാക്കിസ്ഥാൻ പ്രകോപനം തുടർന്നു. ആക്രമണം നടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ മിഗ് 21-ല്‍ പിന്തുടര്‍ന്നു വെടിവച്ചു വീഴ്ത്തിയത് അഭിനന്ദനാണ്.

ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടിൽ താഴെയിറങ്ങവേ പാക്കിസ്ഥാന്റെ പിടിയിലായ അഭിനനന്ദനെ മാര്‍ച്ച് ഒന്നിനാണു മോചിപ്പിച്ചത്. പാക്ക് തടവില്‍ മാനസിക പീഡനം നേരിടേണ്ടിവന്നെന്ന് അഭിനന്ദന്‍ ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നു.

‘ഡീബ്രീഫിങ്’ നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരാണ് അഭിനന്ദനില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. പാക്ക് അധികൃതരോട് അഭിനന്ദന്‍ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം.

വിമാനം തകര്‍ന്നത് എങ്ങനെ?, പാക്ക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ?, പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ ചോദ്യം ചെയ്‌തോ, പാക്ക് കസ്റ്റഡിയില്‍ മര്‍ദിക്കപ്പെട്ടോ? തുടങ്ങിയ കാര്യങ്ങള്‍ അഭിനന്ദനോടു ചോദിച്ചറിഞ്ഞു.

ചോദ്യം ചെയ്യലിനു മനഃശാസ്ത്രജ്ഞന്റെ സഹായവുമുണ്ടായിരുന്നു. അഭിനന്ദന്റെ മനഃസാന്നിധ്യം പരിശോധിച്ചു. പിന്നീട് മാധ്യമങ്ങള്‍ സമീപിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ വെളിപ്പെടുത്തണം എന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥര്‍ അഭിനന്ദനു വിശദമായ ക്ലാസെടുത്തെന്നാണ് അറിയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more