1 GBP = 104.33
breaking news

റഫാല്‍: സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വെച്ചേക്കും

റഫാല്‍: സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വെച്ചേക്കും

റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വെച്ചേക്കും. പോര്‍വിമാനങ്ങളുടെ വിലവിവരങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയില്‍ കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

റഫാല്‍ പോര്‍വിമാന കരാറില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സി.എ.ജി റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നത്. എന്നാല്‍ അഴിമതി ആരോപണത്തിന്റെ കാതലായ, വിമാനങ്ങളുടെ വില സംബന്ധിച്ച പരാമര്‍ശങ്ങളോ നിരീക്ഷണങ്ങളോ റിപ്പോര്‍ട്ടിലുണ്ടാവില്ലെന്നാണ് സൂചന. പകരം കരാറിന്റെ നടപടിക്രമങ്ങള്‍ മുന്‍നിര്‍ത്തി യു.പി.എയുടെയും എന്‍.ഡി.എയുടെയും കരാറുകളുടെ താരതമ്യമാകും ഉണ്ടാവുക. രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യമെന്ന ചൂണ്ടിക്കാട്ടി വിലവിവരങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പ്രതിരോധ മന്ത്രാലയം സി.എ.ജിയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓഫ്സെറ്റ് പങ്കാളിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊണ്ടിട്ടില്ല. പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നാണ് വിശദീകരണം.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇന്നലെ രാഷ്ട്രപതിക്കും സര്‍ക്കാരിനും കൈമാറി. രാഷ്ട്രപതി ഈ റിപ്പോര്‍ട്ട് ലോക്സഭ സ്പീക്കര്‍ക്കും രാജ്യസഭ ചെയര്‍മാനും കൈമാറും. ബുധനാഴ്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പൂര്‍ത്തിയാവുന്നതിനാല്‍ ഇന്ന് തന്നെ റിപ്പോര്‍ട്ട് സഭയില്‍ വെക്കാനാണ് സാധ്യത. അതേസമയം നിലവിലെ സി.എ.ജി രാജീവ് മെഹ്റിഷി യു.പി.എ കരാര്‍ റദ്ദാക്കി പുതിയ കരാര്‍ കൊണ്ടുവരാന്‍ തീരുമാനിച്ച കാലത്ത് ധനമന്ത്രാലയ സെക്രട്ടറിയായിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more