1 GBP = 104.29
breaking news

ട്രംപിന്റെ രഹസ്യ ഇറാഖ് യാത്ര ബ്രിട്ടനു മുകളില്‍ വെച്ച് പരസ്യമായപ്പോള്‍

ട്രംപിന്റെ രഹസ്യ ഇറാഖ് യാത്ര ബ്രിട്ടനു മുകളില്‍ വെച്ച് പരസ്യമായപ്പോള്‍

ഇന്റര്‍നെറ്റ് കാലത്ത് ഏത് രഹസ്യത്തിനും അധികം ആയുസുണ്ടാകുമെന്ന് കരുതാനാകില്ല. അത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ബന്ധപ്പെട്ടതാണെങ്കില്‍ പോലും. അമേരിക്കന്‍ അധികൃതര്‍ അതീവരഹസ്യമാക്കി വെച്ചിരുന്ന ട്രംപിന്റെ ഇറാഖ് യാത്ര അവസാനിക്കും മുമ്പേ ഇന്റര്‍നെറ്റില്‍ അങ്ങാടിപ്പാട്ടായി. രഹസ്യം പൊളിച്ചതാകട്ടെ ഒരു സാധാരണ ബ്രിട്ടീഷ് പൗരനും.

ട്രംപിന്റെ ഇറാഖ് യാത്രയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് യാതൊരു സൂചനയും നല്‍കിയിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റുമാരുടെ പ്രത്യേക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിന്റെ ലൈറ്റുകള്‍ പോലും ഓഫാക്കിയായിരുന്നു യാത്ര. പലഭാഗങ്ങളിലും പോര്‍വിമാനങ്ങളും പ്രസിഡന്റിന്റെ വിമാനത്തെ അനുഗമിച്ചിരുന്നു. അതീവരഹസ്യമായി ട്രംപ് നടത്തിയ ഈ യാത്രയുടെ വിവരങ്ങള്‍ വിമാനം ബ്രിട്ടന് മുകളിലെത്തിയപ്പോള്‍ പരസ്യമാവുകയും ചെയ്തു.

വിമാനങ്ങളെ നിരീക്ഷിക്കുന്നത് വിനോദമാക്കിയ അലന്‍ മെലോയ് എന്ന ബ്രിട്ടീഷുകാരനായിരുന്നു അമേരിക്കന്‍പ്രസിഡന്റിന്റെ രഹസ്യയാത്രയെ പൊളിച്ചുകളഞ്ഞത്. ക്രിസ്തുമസിന്റെ പിറ്റേന്ന് സ്വന്തം വീടിനു പുറത്ത് വെറുതെ ആകാശം നോക്കിയിരിക്കുമ്പോഴാണ് അലന്‍ മെലോയ് ആ കാഴ്ച്ച കണ്ടത്. ദൂരെ ഒരു തിളക്കമുള്ള വിമാനം പോകുന്നു. അകത്തുപോയി പക്ഷികളെ നിരീക്ഷിക്കുന്ന ലെന്‍സ് ഉപയോഗിച്ച് ആ വിമാനത്തിന്റെ ചിത്രം ഒരു കൗതുകത്തിനെടുക്കുകയായിരുന്നു. ചിത്രം സൂം ചെയ്തു നോക്കിയപ്പോഴാണ് അത് അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിക്കുന്ന വിമാനമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.

2005ന് ശേഷം സൗത്ത് യോര്‍ക്ക്‌ഷെയറിന് മുകളിലൂടെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം പറക്കുന്നത് കണ്ടിട്ടില്ലെന്നത് അലന്‍ മെലോയുടെ കൗതുകം വര്‍ധിപ്പിച്ചു. ഫോട്ടോ ഷെയറിംങ് സൈറ്റായ ഫ്ളിക്കറില്‍ ഈ എയര്‍ഫോഴ്‌സ് വണ്ണിന്റെ ചിത്രം അലന്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ലോകമെങ്ങുമുള്ള വിമാന നിരീക്ഷകരില്‍ ഇത് വൈകാതെ ചര്‍ച്ചാ വിഷയമാവുകയും ട്രംപ് പശ്ചിമേഷ്യയിലേക്കാണ് പോകുന്നതെന്ന നിഗമനത്തിലെത്തുകയും ചെയ്തു. ഇന്റര്‍നെറ്റില്‍ പ്രസിഡന്റിന്റെ യാത്ര ചര്‍ച്ചയായതോടെ ട്രംപ് പോയത് ഇറാഖിലേക്കാണെന്ന ഔദ്യോഗിക വിശദീകരണം വൈറ്റ് ഹൗസിന് തന്നെ നല്‍കേണ്ടി വന്നു. ചുരുക്കത്തില്‍ രഹസ്യ യാത്ര അവസാനിക്കും മുമ്പേ ഇന്റര്‍നെറ്റില്‍ പരസ്യമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more