1 GBP = 104.29
breaking news

ഗാറ്റ്‌വിക് എയർപോർട്ട് ഡ്രോൺ ഭീഷണി; 36 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ദമ്പതികളെ വെറുതെ വിട്ടു

ഗാറ്റ്‌വിക് എയർപോർട്ട് ഡ്രോൺ ഭീഷണി; 36 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ദമ്പതികളെ വെറുതെ വിട്ടു

ബ്രിട്ടനെ അക്ഷരാർത്ഥിൽ ഞെട്ടിച്ച് നടമാടിയ ഗാറ്റ്‌വിക്ക് എയർപോർട്ട് ഡ്രോൺ ഭീഷണി പൊലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ സൈന്യം വരെ രംഗത്തിറങ്ങിയ ഡ്രോണ്‍ അക്രമത്തിലെ ട്വിസ്റ്റുകള്‍ സിനിമാ കഥകള്‍ക്ക് പോലും പിടികൊടുക്കാത്ത തരത്തിലുള്ളതാണ്. കേസിലെ പ്രതികളെന്ന് ആരോപിച്ച് ദമ്പതികളെ അറസ്റ്റ് ചെയ്ത് 36 മണിക്കൂറിന് ശേഷം പ്രതികളല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ വെറുതെവിടുകയായിരുന്നു. രണ്ട് ദിവസത്തോളം ഭാര്യയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്ത ശേഷമാണ് ഈ നാടകം. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഡ്രോണുകള്‍ തന്നെ ഉണ്ടായിരുന്നോയെന്ന സംശയമാണ് അധികൃതര്‍ പങ്കുവെയ്ക്കുന്നത്. നാണംകെട്ട പോലീസ് അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഏകദേശം ആയിരത്തിലധികം വിമാനങ്ങളും യാത്രക്കാരുമാണ് ഡ്രോൺ ഭീഷണി നേരിട്ടത്.

ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ച ഡ്രോണ്‍ അക്രമങ്ങളുടെ പേരില്‍ 36 മണിക്കൂര്‍ നേരം ചോദ്യം ചെയ്യലിന് വിധേയരായ ശേഷമാണ് പോള്‍, എലെയിന്‍ കിര്‍ക് ഗെയ്റ്റ് ദമ്പതികള്‍ വെസ്റ്റ് സസെക്‌സ് ക്രോളിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. പ്രതികള്‍ ഇവരല്ലെന്ന് വ്യക്തമായതോടെ ഇനി ആര് എന്ന ചോദ്യമാണ് ഉയരുന്നത്. അക്രമം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ആയിരം വിമാനങ്ങള്‍ നിലത്തിറക്കുകയും, 140,000 യാത്രക്കാരെ ബാധിക്കുകയും ചെയ്ത ഭീഷണിയില്‍ ദമ്പതികള്‍ക്ക് പങ്കില്ലെന്ന് ഇവരുടെ കുടുംബവും, സുഹൃത്തുക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

പോലീസ് പറയുന്നത് പോലെ ഇവര്‍ക്ക് ഇക്കോ വാരിയേഴ്‌സുമായി ബന്ധമില്ല. അറസ്റ്റ് വൈകിയത് മൂലം ഉയര്‍ന്ന സമ്മര്‍ദത്തിന്റെ പേരില്‍ ദമ്പതികളെ ബലിയാടാക്കുകയാണ് ചെയ്തതെന്നാണ് ആരോപണം. ഗാറ്റ്‌വിക്കിന് സമീപം കേടായ നിലയില്‍ ഒരു ഡ്രോണ്‍ കണ്ടെത്തിയതായി സസെക്‌സ് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇത് പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതുവരെ കിട്ടിയിട്ടില്ല. ദൃക്‌സാക്ഷികളുടെ മൊഴികള്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ജേസണ്‍ ടിംഗ്ലി വ്യക്തമാക്കി. ഇപ്പോള്‍ ഡ്രോണ്‍ യഥാര്‍ത്ഥത്തില്‍ പറന്നിരുന്നോയെന്ന സംശയത്തിലാണ് പോലീസ്.

ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 പൗണ്ട് സമ്മാനം പ്രഖ്യാപിച്ച് കാത്തിരിക്കുകയാണ് എയര്‍പോര്‍ട്ട്. അതേസമയം നിരപരാധികളെ അറസ്റ്റ് ചെയ്ത് ജനമദ്ധ്യത്തിൽ അവഹേളിതരാക്കിയതിന് പോലീസും ഭരണകൂടവും സമാധാനം പറയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more