1 GBP = 104.33
breaking news

അഭയാർഥി സംഘത്തെ ബഹിഷ്കരിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിനെതിരെ അമേരിക്കയിലെ ഫെ‍ഡറൽ കോടതി

അഭയാർഥി സംഘത്തെ ബഹിഷ്കരിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിനെതിരെ അമേരിക്കയിലെ ഫെ‍ഡറൽ കോടതി

തെക്കൻ അതിർത്തിയിലൂടെയുള്ള അഭയാർഥി സംഘത്തെ ബഹിഷ്കരിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിനെതിരെ അമേരിക്കയിലെ ഫെ‍ഡറൽ കോടതിയുടെ വിധി. സാൻഫ്രാൻസിസ്ക്കോ സംസ്ഥാനത്തെ കോടതിയാണ് പ്രസിഡന്റ് ഒപ്പു വെച്ച വിധിയെ തള്ളി കൊണ്ട് രംഗത്ത് വന്നത്.

മധ്യ അമേരിക്കൻ രാജ്യങ്ങളായ ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവദോർ എന്നിവിടങ്ങളിൽ നിന്നും അഭയാർഥി സംഘങ്ങൾ അമേരിക്ക-മെക്സിക്കൻ അതിർത്തിയിലേക്ക് നീങ്ങുന്നതായുള്ള വാർത്ത നേരത്തെ വന്നിരുന്നു‌. ഇതിന്റെ പശ്ചാത്തലത്തിൽ ഇൗ മാസം ആദ്യമാണ് ട്രംപ് അഭയാർഥികളെ വിലക്കി കൊണ്ടുള്ള വിധിക്ക് അംഗീകാരം നൽകിയത്. ഇതിനാണ് കോടതി വിലക്കിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനിടെ അഭയാർഥികൾക്കെതിരെ കടുത്ത വിമർശനമാണ് പ്രസി‍ഡന്റ് ട്രംപ് ഉയർത്തിയിരുന്നത്. അഭയാർഥികളായി വരുന്നവർ ക്രിമിനലുകളാണെന്നും, രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അഭയാർഥി സംഘങ്ങളാണെന്നും പ്രസി‍‍ഡന്റ് പറഞ്ഞിരുന്നു. അഭയാർഥികളുടെ വരവ് രാഷ്ട്രീയപ്രേരിതവും, ഇവരുടെ തള്ളിക്കയറ്റം തടയാൻ അതിർത്തിയിൽ കൂടുതൽ സെെന്യത്തെ വിന്യസിക്കുമെന്നും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ട്രംപിന്റെ വിധിയെ മനുഷ്യാവകാശ സംഘടനകൾ കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.

ട്രംപിന്റെ വിധി നിയമവിരുദ്ധമാണെന്നാണ് കോടതി പറഞ്ഞത്. നംവംബർ ഒൻപതിന് ട്രംപ് ഒപ്പിട്ട് നൽകിയ വിധി രാജ്യത്തെ അഭയാർഥി ചട്ടങ്ങൾക്ക് വിരുദ്ധവും, നിയമ സാധുതയില്ലാത്തതാണെന്നും കോടതി കണ്ടെത്തി. പ്രസിഡന്റിന് രാജ്യത്തിന്റെ ഇമിഗ്രേഷൻ നിയമങ്ങൾ ഏകപക്ഷീയമായി മാറ്റി എഴുതാനുള്ള അധികാരമില്ലെന്നും കോടതി പറഞ്ഞു.

മധ്യ അമേരിക്കൻ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥയും, രാഷ്ട്രീയ പ്രതിസന്ധിയും, ദാരിദ്ര്യവും കാരണം ആയിരക്കണക്കിന് അഭയാർഥികളാണ് കാരവൻ സംഘങ്ങളായി അമേരിക്കൻ-മെക്സിക്കോ അതിർത്തി ലക്ഷ്യമാക്കി ദിവസവും നീങ്ങികൊണ്ടിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more