1 GBP = 104.30
breaking news

ശബരിമല: പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ശബരിമല: പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ദില്ലി: ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഇന്ന് സുപ്രിം കോടതി പരിഗണിക്കും. 49 പുനഃപരിശോധന ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ചേമ്പറില്‍ വൈകിട്ട് മൂന്ന് മണിക്ക് ഭരണഘടന ബെഞ്ച് പരിഗണിക്കും. നാല് റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് രാവിലെ തുറന്ന കോടതിയില്‍ പരിഗണിക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ റോഹിംഗ്ടണ്‍ നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്ര ചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബഞ്ചിലെ അംഗങ്ങള്‍. വിരമിച്ച ജസ്റ്റിസ് ദീപക് മിശ്രക്ക് പകരമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. 3 മണിക്ക് 49 പുനപരിശോധന ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ പരിഗണിക്കും.ചേംബറിലേക്ക് ജഡ്ജിമാര്‍ക്കും കോര്‍ട്ട് മാസ്റ്റര്‍ക്കും മാത്രമാണ് പ്രവേശനം. അഭിഭാഷകര്‍ക്കോ, കക്ഷികള്‍ക്കോ, മാധ്യമ പ്രവര്‍ത്തകര്‍ക്കോ പ്രവേശനമില്ല. എന്‍എസ്എസ്, വിഎച്ച്പി, ക്ഷേത്ര സംരക്ഷണ സമിതി, ബ്രാഹ്മണ സഭ തുടങ്ങി വിവിധ സംഘടനകളും തന്ത്രി കണ്ഠരര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ വ്യക്തികളും പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. ഹര്‍ജികള്‍ അഞ്ച് ജഡ്ജിമാരും ചേര്‍ന്ന് പരിശോധിച്ച് തീരുമാനമെടുക്കും. ഉത്തരവ് കോര്‍ട്ട് മാസ്റ്റര്‍ക്ക് നല്‍കും. അദ്ദേഹം അത് സുപ്രിം കോടതി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും.

അതേസമയം വിധിക്കെതിരെ നല്‍കിയ നാല് റിട്ട് ഹര്‍ജികള്‍ രാവിലെ ചീഫ് ജസ്റ്റിസ്, ജസ്റ്റിസു്മാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് തുറന്ന കോടതിയില്‍ പരിഗണിക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകനായ ജി വിജയകുമാര്‍, വിശ്വ ഹിന്ദു പരിഷത്ത് കേരള അധ്യക്ഷന്‍ എസ്‌ജെആര്‍ കുമാര്‍, അയ്യപ്പ ഭക്ത ഷൈലജ വിജയന്‍, അഖില ഭാരതീയ മലയാളി സംഘ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തെ കേള്‍ക്കാതെയുള്ള ഭരണഘടന ബഞ്ച് വിധി ആരാധന സ്വാതന്ത്രത്തിന്റെ ലംഘനമാണെന്നാണ് റിട്ട് ഹര്‍ജിയിലെ വാദം. വിഎച്ച്പിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്യമ സുന്ദരവും അഖില ഭാരതീയ മലയാളി സംഘിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കൈലാസ് നാഥ് പിള്ളയും ഹാജരാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിയു സിംഗ് ഹാജര്‍ ആകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more