1 GBP =

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെക്ക് ഇനി നാല് ദിനങ്ങൾ കൂടി മാത്രം………. എട്ടു മാസങ്ങളും എട്ട് റൗണ്ടുകളും പിന്നിട്ട് താരത്തിളക്കവുമായി ലെസ്റ്റർ അഥീനയിലേക്ക് നടന്നു കയറുന്ന ഇവരെ പരിചയപ്പെടൂ…

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെക്ക്  ഇനി നാല് ദിനങ്ങൾ കൂടി മാത്രം………. എട്ടു മാസങ്ങളും എട്ട് റൗണ്ടുകളും  പിന്നിട്ട് താരത്തിളക്കവുമായി ലെസ്റ്റർ അഥീനയിലേക്ക് നടന്നു കയറുന്ന ഇവരെ പരിചയപ്പെടൂ…
സജീഷ്  ടോം 
 (സ്റ്റാർസിംഗർ ചീഫ് പ്രോഗാം കോഡിനേറ്റർ)
ലെസ്റ്റർ:- ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലക്ക് ഇനി നാലുനാളുകൾ കൂടി മാത്രം.  മെയ് 26  ശനിയാഴ്ച ലെസ്റ്റർ അഥീന തീയറ്ററിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. 2017 അവസാനം  യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ ഒഡിഷൻ വേദികളിൽനിന്നാരംഭിച്ച ഈ  സംഗീത യാത്ര  ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തുമ്പോൾ, യൂറോപ് മലയാളികളുടെ സംഗീത സംസ്ക്കാരത്തിൽ പുത്തനൊരേട് കൂടി എഴുതിചേർക്കപ്പെടുകയാണ്.

ഒഡിഷൻ മുതൽ സെമിഫൈനൽസ് വരെ എട്ട് റൗണ്ടുകളിലായി മുപ്പത്തിയഞ്ചോളം പ്രതിഭകളുടെ മാറ്റുരക്കലിന് ശേഷമാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് അഞ്ച് ഗായകർക്ക് നടതുറന്ന് ലഭിച്ചത്. ആദ്യന്തം ആകാംഷാഭരിതവും ആവേശോജ്വലവുമായ എട്ടുമാസങ്ങൾ നീണ്ട മത്സരങ്ങൾക്കൊടുവിൽ ഗ്രാൻഡ് ഫിനാലെയിലേക്കെത്തിയവരെ ഇവിടെ പരിചയപ്പെടുത്തുകയാണ്. മെയ് 26 ശനിയാഴ്ച ലെസ്റ്റർ അഥീനയിൽ നിങ്ങൾ എത്തുമ്പോൾ ഈ മുഖങ്ങൾ നിങ്ങൾക്ക് തീർച്ചയായും പരിചിതങ്ങളായി കഴിഞ്ഞിരിക്കും.

യുക്മ സ്റ്റാർസിംഗർ ഗ്രാൻഡ്‌ഫിനാലെകളിൽ സ്ഥിരമായി സാന്നിധ്യം അറിയിക്കുന്ന പുകൾപെറ്റ നോർത്താംപ്ടണിൽനിന്നും ഇത്തവണയും പതിവുതെറ്റിക്കാതെ ഒരു മത്സരാർത്ഥി ഗ്രാൻഡ് ഫിനാലെയിൽ എത്തിയിട്ടുണ്ട് – വിവിധ റൗണ്ടുകളിൽ തന്റേതായ മുദ്രപതിപ്പിച്ചുകൊണ്ട് കടന്നുവന്നിരിക്കുന്ന ആനന്ദ് ജോൺ. ഇക്കുറി സ്റ്റാർസിംഗർ പട്ടം തങ്ങളുടെ നാട്ടിലേക്കാണോ എന്നറിയാൻ ലെസ്റ്ററിലെത്തുന്ന നൂറുകണക്കിന് നോർത്താംപ്ടൻകാരുടെ സാന്നിധ്യം ഗ്രാൻഡ്‌ഫിനാലെയിൽ ആനന്ദിന് മുതൽകൂട്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് യു കെ മലയാളി സംഗീതലോകം.
യുക്മ ദേശീയ കലാമേളകളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥിരം ജേതാവായി വെന്നിക്കൊടി പാറിക്കുന്ന ഷെഫീൽഡിൽ നിന്നുള്ള ഹരികുമാർ വാസുദേവൻ ആണ് അടുത്ത മത്സരാർത്ഥി. ലളിത സംഗീതവും ശാസ്ത്രീയ സംഗീതവും തനിക്ക് അസ്സലായി വഴങ്ങും എന്ന് തെളിയിച്ചുകഴിഞ്ഞ ഹരി സ്റ്റാർസിംഗർ 3 ഗ്രാൻഡ്‌ഫിനാലെയിലേക്ക് കരുതിവച്ചിരിക്കുന്ന അസ്ത്രങ്ങൾ ഏതൊക്കെയാണെന്നറിയാൻ ഇനി നാലുനാളുകൾ കൂടി കാത്തിരുന്നാൽ മതിയാവും.
യു കെ മലയാളികളുടെ മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്ന യുക്മ സ്റ്റാർസിംഗറിനെ യൂറോപ് മലയാളികളുടെ സ്വന്തമാക്കി മാറ്റിയ ‘സ്റ്റാർസിംഗർ 3’ യിൽ ഡബ്ലിനിൽനിന്നും കടൽകടന്നെത്തിയ അനുഗ്രഹീത ഗായിക ജാസ്മിൻ പ്രമോദ് ആണ് മറ്റൊരു മത്സരാർത്ഥി. ഇത്തവണത്തെ ഗ്രാൻഡ്‌ഫിനാലെ വേദിയിലെ ഒരേ ഒരു സ്ത്രീ സാന്നിദ്ധ്യം കൂടിയാണ് ജാസ്മിൻ.
ഒഡിഷൻ മുതൽ വ്യത്യസ്തമായ ഗാനങ്ങൾ തെരഞ്ഞെടുത്തു ആത്മവിശ്വാസത്തോടെ ഓരോ കടമ്പകളും വിജയകരമായി കടന്നെത്തിയ ഗായകനാണ് സാൻ ജോർജ് തോമസ്. ഹള്ളിൽനിന്നും കൂട്ടുകാരുടെ വലിയൊരു സംഘവുമായാണ് സാൻ ഗ്രാൻഡ്‌ഫിനാലെക്കെത്തുന്നത്.  മത്സരത്തിലുടനീളം കാത്തുസൂക്ഷിച്ച കൃത്യമായ പ്ലാനിംഗ് ഗ്രാൻഡ്‌ഫിനാലെയിലും സാനിന് ആവർത്തിക്കാൻ കഴിയുമോ എന്നറിയാൻ ഇനി ഏറെ കാത്തിരിപ്പ് വേണ്ട.
സ്റ്റാർസിംഗർ 3 യിലെ വിവിധ റൗണ്ടുകളിലെ പ്രകടനംകൊണ്ട് തികഞ്ഞ ഒരു ഭാവഗായകൻ എന്ന് പേരെടുത്ത ഫൈനലിസ്റ്റ് ആണ് വിനു ജോസഫ്. തനിക്ക് ഇണങ്ങുന്ന ഗാനങ്ങൾ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്തുള്ള വിനുവിന്റെ പടയോട്ടം ഗ്രാൻഡ്‌ഫിനാലെയിൽ എത്തിയിരിക്കുകയാണ്. യു കെ യിലെ മറ്റുപല ട്രോഫികളും പോരാടി നേടിയിട്ടുള്ള വൂസ്റ്ററിന്റെ മണ്ണിലേക്ക് സ്റ്റാർസിംഗർ ട്രോഫിയും എത്തുമെന്ന പ്രതീക്ഷയിലാവും വിനുവിനെ സപ്പോർട്ട് ചെയ്തുകൊണ്ട് വൂസ്റ്ററിൽ നിന്നുള്ള നിരവധി  സംഗീതപ്രേമികൾ ലെസ്റ്ററിലെത്തുക.
ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 1000 പൗണ്ട് ക്യാഷ് പ്രൈസും യുക്മ സമ്മാനിക്കുന്ന ട്രോഫിയും പ്രശംസാപത്രവുമാണ് സ്റ്റാർസിംഗർ വിജയിയെ കാത്തിരിക്കുന്നത്.  ട്രോഫിക്കും പ്രശംസാ പത്രത്തിനുമൊപ്പം രണ്ടാം സമ്മാനജേതാവിന്  മുത്തൂറ്റ് ഗ്ലോബൽ യുകെ നൽകുന്ന 750 പൗണ്ടും  മൂന്നാം സമ്മാനജേതാവിന് അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 500 പൗണ്ടും സമ്മാനമായി ലഭിക്കുന്നതാണ്.
 
ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടുവാൻ “വേണുഗീതം” മെഗാഷോ 
പ്രശസ്‌ത മലയാള സിനിമ പിന്നണി ഗായകൻ ശ്രീ  ജി വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ – “വേണുഗീത”വും   സ്റ്റാർസിംഗർ ഗ്രാൻഡ്‌ഫിനാലെക്ക് മാറ്റുകൂട്ടുവാനായ് യുക്മ ഒരുക്കിയിട്ടുണ്ട്. വേണുഗോപാലിനെ കൂടാതെ മൃദുല വാര്യർ , വൈഷ്ണവ് ഗിരീഷ് , വാണി ജയറാം, ഫാദർ വിൽ‌സൺ മേച്ചേരിൽ എന്നീ ഗായകരും, മജീഷ്യൻ രാജമൂർത്തി, ചിരിയുടെ ബാദുഷ സാബു തിരുവല്ല തുടങ്ങിയവരും അടങ്ങിയ വലിയൊരു താരനിരയും ഈ മെഗാ ഷോയിൽ പങ്കെടുക്കുന്നുണ്ട്.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി, ആദ്യ സെഷൻ സ്റ്റാർസിംഗർ ഗ്രാന്റ്‌ ഫിനാലെക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്നു എന്നത് ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട സവിഷേതയാണ്.  നാലുമണിമുതൽ ആറുമണിവരെയാണ് ഗ്രാന്റ് ഫിനാലെ അരങ്ങേറുന്നത്. തുടർന്ന് തുടർച്ചയായ മൂന്നു മണിക്കൂർ “വേണുഗീതം”  മെഗാഷോ നടക്കുന്നതാണ്. മെയ് 26 ശനിയാഴ്ച ലെസ്റ്റർ അഥീന തീയറ്ററിൽവച്ചു നടക്കുന്ന പരിപാടിയുടെ വിജയത്തിനായി ഏവരുടെയും നിസീമമായ പങ്കാളിത്തം യുക്മ അഭ്യർത്ഥിക്കുകയാണ്.
“ഗ്രാൻഡ്‌ഫിനാലെ – വേണുഗീതം” പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. സംഗീത പ്രേമികളിൽനിന്നും വളരെ നല്ല പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.  ഇനിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാത്തവർ എത്രയും വേഗം യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് (07885467034), ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ് (07883068181), ട്രഷറർ അലക്സ് വർഗീസ് (07985641921), സുരേഷ്‌കുമാർ നോർത്താംപ്ടൺ (07903986970), 
ഡിക്സ്  ജോർജ് നോട്ടിങ്ഹാം (07403312250) എന്നിവരെയോ, വിവിധ റീജിയണൽ ഭാരവാഹികളെയോ, യുക്മ പോഷക സംഘടനാ ഭാരവാഹികളെയോ, യുക്മയിൽ അംഗങ്ങളായ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ഭാരവാഹികളെയോ  ബന്ധപ്പെടേണ്ടതാണ്. വിശാലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ, യു കെ യിലെ തന്നെ ഏറ്റവും പ്രൗഢഗംഭീരമായ തീയറ്ററുകളിൽ ഒന്നായ ലെസ്റ്റർ അഥീന മെയ് 26 ശനിയാഴ്ചത്തേക്കായി ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച ടിക്കറ്റുകൾക്ക് കൗണ്ടർ വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more