1 GBP = 104.29
breaking news

സോളാർ: പൊലീസിൽ അതൃപ്തി പുകയുന്നു

സോളാർ: പൊലീസിൽ അതൃപ്തി പുകയുന്നു

തിരുവനന്തപുരം: സോളാർ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ ക്രിമിനൽ, വിജിലൻസ് കേസെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇറങ്ങുന്നത് നീണ്ടുപോകുന്നതിനിടെ പൊലീസ് സേനയിൽ കടുത്ത അതൃപ്തിയും അമർഷവും പുകയുന്നു. നേരത്തെ സോളാർ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള തീരുമാനമാണ് സേനയുടെ ഉൾതലങ്ങളിൽ പുകയുന്നത്. സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കി അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രൻ പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയത് വലിയ ചർച്ചയ്ക്കാണ് ഇടയാക്കിയത്. അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തെ ശക്തമായി എതി‌ർത്താണ് ഹേമചന്ദ്രൻ കത്ത് നൽകിയത്. അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്ന് കാട്ടിയാണ് കത്ത് നൽകിയത്. കത്ത് വിവരങ്ങൾ പുറത്തുവന്നതോടെ സർക്കാരും വെട്ടിലായി. ഇതുസംബന്ധിച്ച പൊലീസ് സേനയിലും അതൃപ്തി പുകഞ്ഞു തുടങ്ങി.

പൊലീസ് ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള തീരുമാനത്തിൽ അസംതൃപ്തരാണ് സേനയിലെ പല സീനിയർ ഉദ്യോഗസ്ഥരും. അച്ചടക്കം പാലിക്കേണ്ടതിനാൽ അതവർ പുറത്തുപറയുന്നില്ലെന്ന് മാത്രം. അതിനിടെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും സർക്കാരിന് കത്ത് നൽകാൻ ഒരുങ്ങുന്നുവെന്നാണ് വിവരം. തങ്ങൾക്ക് പറയാനുള്ളത് സോളാർ കമ്മിഷൻ കേട്ടില്ലെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ കത്തിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കുമായിരിക്കും കത്ത് നൽകുക. ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. അന്വേഷണം നടത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സംഘത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ സ്വയം വിരമിക്കാൻ തയാറെടുക്കുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഹേമചന്ദ്രൻ നൽകിയ കത്തിൽ ഇനി സർക്കാർ എന്ത് തീരുമാനമെടുക്കുമെന്നതാണ് ശ്രദ്ധേയം. അന്വേഷണ ഉത്തരവ് പുറത്തിറക്കാനുള്ള ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് സർക്കാരിന് കിട്ടുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനുള്ള തീരുമാനം സർക്കാർ എടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവിയായ ഹേമചന്ദ്രനെ കെ.എസ്.ആർ.ടി.സി എം.ഡിയായി നിയമിച്ചിരുന്നു. അദ്ദേഹം ഇന്നലെ ചുമതലയേൽക്കുകയും ചെയ്തിരുന്നു. അതേസമയം, സംഭവങ്ങൾ സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

സോളാർ അന്വേഷണ ഉത്തരവ് ഇറങ്ങാൻ വൈകുന്നത് പല സംശയങ്ങൾക്കും ഇടയാക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കത്ത് നൽകുന്നത്. വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ഉമ്മൻചാണ്ടിക്ക് കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് സർക്കാർ നൽകിയിട്ടില്ല. അതിനെ നിയമപരമായി നേരിടുമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയിരിക്കെയാണ് പുതിയ സംഭവ വികാസങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. അന്വേഷണം നടത്താനുള്ള തീരുമാനത്തിൽ പൊലീസ് സേനയിലുണ്ടായ അതൃപ്തി മറികടക്കാൻ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റനോക്കുന്നത്. ഇത് വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചയ്ക്ക് വഴിവച്ചേക്കാം. കമ്മിഷൻ റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ നിയമോപദേശം എന്ന പേരിൽ എഴുതിച്ചേർത്ത് പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് ചില ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ, ഇക്കാര്യത്തിൽ പൊലീസ് സേനയിൽ ചേരിത്തിരിവ് ഉണ്ടായതായും സൂചനയുണ്ട്. നടപടിയെ ചില ഉദ്യോഗസ്ഥർ അനുകൂലിക്കുന്നതാണ് അതൃപ്തിക്കും ചേരിതിരിവിനും ഇടയാക്കിയത്. അന്വേഷണസംഘത്തിലുണ്ടായിരുന്ന എസ്‌. പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദർശനൻ, ഡിവൈ.എസ്‌.പി ജെയ്സൺ കെ.ഏബ്രഹാം എന്നിവർക്കെതിരെ നടപടി പാടില്ലെന്നാണ് കത്തിൽ ഹേമചന്ദ്രൻ പറയുന്നത്. അതേസമയം, എ.ഡി.ജി.പി കെ.പദ്മകുമാർ, ഡിവൈ.എസ്‌.പി കെ.ഹരികൃഷ്ണൻ എന്നിവരുടെ പേരുകൾ കത്തിൽ പരാമർശിച്ചിട്ടില്ല. തെളിവു നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ചതിനും ഇരുവർക്കുമെതിരെ കേസെടുക്കാനാണ് സർക്കാർ തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more