1 GBP = 104.33
breaking news

നിയന്ത്രണരേഖ ഇന്ത്യന്‍ സൈന്യത്തിന്റെ കൈയില്‍ തന്നെ; അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം പൂര്‍ണ്ണ സജ്ജം: ജയ്റ്റ്‌ലി

നിയന്ത്രണരേഖ ഇന്ത്യന്‍ സൈന്യത്തിന്റെ കൈയില്‍ തന്നെ; അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം പൂര്‍ണ്ണ സജ്ജം: ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖ ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം അടുത്തിടെ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ജയ്റ്റ്‌ലിയുടെ പ്രസ്താവന.
കാശ്മീരില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയെന്നത് പാകിസ്ഥാന്‍ ജീവിതചര്യ പോലെയാണ് കാണുന്നത്. പഠാന്‍കോട്ട് വ്യോമ താവളവും ഉറി സൈനിക ബേസും ആക്രമിക്കുകയാണ് പാകിസ്ഥാന്‍ ചെയ്തത്. എന്നിട്ടും ചര്‍ച്ച തുടരാനുള്ള മനസാണ് ഇന്ത്യ കാണിക്കുന്നത്. എന്നാല്‍, സൈന്യം എന്തിനും തയ്യാറാണെന്ന കാര്യം മറക്കരുത്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ല.

കാശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചമായി ഉപയോഗിച്ച സൈനിക ഓഫസറുടെ നടപടിയെ ജയ്റ്റ്‌ലി ന്യായീകരിച്ചു. സാഹചര്യങ്ങള്‍ മനസിലാക്കിയാണ് ഉദ്യോഗസ്ഥന്‍ അത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാനുള്ള എല്ലാ നടപടികളും സൈന്യം സ്വീകരിക്കുന്നുണ്ട്. രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്തു മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാകിസ്ഥാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നുഴഞ്ഞു കയറ്റത്തിന് പൂര്‍ണമായും തടയിടുന്നതിനാണ് സൈന്യം മുഖ്യ പരിഗണന നല്‍കുന്നതെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളോട് ഇന്ത്യയ്ക്ക് മൃദുസമീപനമില്ല. പ്രതിരോധ മന്ത്രാലയവും സൈന്യവും തമ്മില്‍ ഏകോപനത്തിന്റെ കുറവുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more