എച്ച്1ബി വീസക്കാര്‍ക്ക് മാസ്റ്റര്‍ ബിരുദത്തിലുള്ള ഇളവ് ഒഴിവാക്കി, കുറഞ്ഞ ശമ്പളം ഒരുലക്ഷം ഡോളര്‍


എച്ച്1ബി വീസക്കാര്‍ക്ക് മാസ്റ്റര്‍ ബിരുദത്തിലുള്ള ഇളവ് ഒഴിവാക്കി, കുറഞ്ഞ ശമ്പളം ഒരുലക്ഷം ഡോളര്‍

അമേരിക്കയില്‍ എച്ച്1ബി വീസ വ്യാപകമായി തൊഴിലുടമകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി ഉള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍ വീണ്ടും അവതരിപ്പിച്ചു. വിദേശത്ത് നിന്ന് നിയമിക്കപ്പെടുന്നവര്‍ക്കും സ്വദേശികള്‍ക്ക് നല്‍കുന്ന അതേ ശമ്പളം തന്നെ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുന്ന പ്രൊട്ടക്ട് ആന്‍ഡ് ഗ്രോ അമേരിക്കന്‍ ജോബ്‌സ് ആക്ട് ആണ് സഭയില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയയില്‍ നിന്നുള്ള ജനപ്രതിനിധികളായ ഡാറല്‍ ഇസ്സയും സ്‌കോട്ട്് പീറ്റേഴ്‌സുമാണ് ബില്‍ അവതരിപ്പിച്ചത്. അതിവൈദഗ്ദ്ധ്യം ആവശ്യമുളള തസ്തികകളില്‍ രാജ്യത്ത് ആളെ ലഭ്യമല്ലാത്തപ്പോള്‍ മാത്രം പുറത്ത് നിന്ന് ആളുകളെ നിയമിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ളതാണ് ബില്‍. എച്ച്1 ബി വീസയില്‍ ബിരുദാനന്തര ബിരുദക്കാര്‍ക്ക് നല്‍കിവന്നിരുന്ന ഇളവുകളും ഒഴിവാക്കും.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഐടി പ്രൊഫഷണലുകള്‍ അടക്കമുള്ളവരെ കമ്പനികള്‍ റിക്രൂട്ട് ചെയ്തിരുന്നത് എച്ച്1ബി വീസ പ്രകാരമായിരുന്നു. വൈദഗദ്ധ്യം ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ വിദേശത്ത് നിന്നുള്ളവരെ നിയമിക്കുന്നത് മൂലം കമ്പനികള്‍ക്ക് കുറഞ്ഞ തുക ശമ്പളമായി നല്‍കിയാല്‍ മതിയായിരുന്നു. ഇത് മൂലം നിരവധി അമേരിക്കക്കാര്‍ ഒഴിവാക്കപ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നടപടി.

ഇനി സ്വദേശികള്‍ക്ക് നല്‍കുന്ന മിനിമം ശമ്പളം തന്നെ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്നവര്‍ക്കും നല്‍കേണ്ടി വരുന്നതോടെ കുറഞ്ഞ ശമ്പളം നല്‍കി കമ്പനികള്‍ ലാഭമെടുക്കുന്നത് തടയാന്‍ സാധിക്കും. കുറഞ്ഞ വേതനം പ്രതിവര്‍ഷം ഒരുലക്ഷം ഡോളറാണ്. എന്നാല്‍ നിലവില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അറുപതിനായിരം ഡോളര്‍ മാത്രമാണ് ലഭിക്കുന്നത്. പുതിയ ബില്‍ നിയമം ആകുന്നതോടെ ലാഭമുണ്ടാക്കാനായി കുറഞ്ഞ ശമ്പളത്തില്‍ വിദേശത്ത് നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന നടപടി കമ്പനികള്‍ അവസാനിപ്പിക്കുമെന്നും ലോകത്ത് എവിടെനിന്ന് ആയാലും മികച്ച പ്രതിഭകളെ തന്നെ നിയമിക്കുന്നതിന് കമ്പനികള്‍ തയ്യാറാകുമെന്നും കരുതുന്നു.

ബിരുദാനന്തര ബിരുദക്കാര്‍ക്ക് വീസ നടപടിയില്‍ അനുവദിച്ചിരുന്ന ഇളവ് റദ്ദാക്കാനും തീരുമാനമായിട്ടുണ്ട്. ഈ ആനുകൂല്യത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ വ്യാപകമായി യാതൊരു ഗുണനിലവാരവുമില്ലാത്ത ഉന്നത ബിരുദങ്ങള്‍ സമ്പാദിക്കുന്നതായി അധികൃതര്‍ കണ്ടെത്തിയിരുന്നു.

താന്‍ സ്ഥാനമേറ്റെടുത്താല്‍ ആദ്യനടപടിയായി തൊഴില്‍ വീസ പരിഷ്‌കരണം നടത്തുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. പ്രത്യേക തൊഴില്‍ മേഖലകളില്‍ ശാസ്ത്രജ്ഞര്‍, എഞ്ചിനിയര്‍മാര്‍ തുടങ്ങി അതിവിദഗ്ദ്ധരായ വിദേശികള്‍ക്ക് യുഎസ് നല്‍കുന്ന വീസയാണ് എച്ച്1ബി വീസ.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates