1 GBP = 104.17
breaking news

‘അഭിനയിക്കാതെ എഴുന്നേറ്റ് പോ’ മരിക്കുന്നതിന് തൊട്ടുമുമ്പ് യുവാവിനോട് പൊലീസ്

‘അഭിനയിക്കാതെ എഴുന്നേറ്റ് പോ’ മരിക്കുന്നതിന് തൊട്ടുമുമ്പ് യുവാവിനോട് പൊലീസ്

തൂത്തുക്കുടി വെടിവെപ്പിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വെടിയേറ്റ് കിടക്കുന്ന യുവാവിനോട് അഭിനയിക്കാതെ എഴുന്നേറ്റ് പോകാന്‍ പൊലീസുകാര്‍ പറയുന്ന വീഡിയോ പുറത്തുവന്നു. വീഡിയോയില്‍ കാണുന്ന 22കാരനായ കാളിയപ്പന്‍ പിന്നീട് മരിക്കുകയും ചെയ്തു.

കുറഞ്ഞത് 12 പേര്‍ തൂത്തുക്കുടിയിലുണ്ടായ പൊലീസ് വെടിവെപ്പുകളില്‍ മരിച്ച വിവരം സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് സമരക്കാര്‍ അവകാശപ്പെടുന്നതെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. വെടിയേറ്റു കിടക്കുന്നവരോട് പോലും തികച്ചും മനുഷ്യത്വവിരുദ്ധമായാണ് തൂത്തുക്കുടി പൊലീസ് പെരുമാറുന്നതെന്നതിന്റെ തെളിവാണ് പുറത്തുവന്ന വീഡിയോ.


റോഡില്‍ വെടിയേറ്റു കിടക്കുന്ന കാളിയപ്പന് ചുറ്റും പൊലീസുകാര്‍ കൂടി നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. എഴുന്നേല്‍ക്കാന്‍ പോലുമാകാതെ നിലത്തു കിടക്കുന്ന യുവാവിന് ചുറ്റും ആക്രോശങ്ങളോടെയാണ് പോലീസുകാര്‍ നില്‍ക്കുന്നത്. ഇതിനിടെ തല ചെറുതായി ഇളക്കാന്‍ കാളിയപ്പന്‍ ശ്രമിക്കുന്നുണ്ട്. അപ്പോഴാണ് അഭിനയം മതിയാക്കി എഴുന്നേറ്റ് പോകാന്‍ കൂട്ടത്തിലെ ഒരു പൊലീസുകാരന്‍ പറയുന്നത്. കാളിയപ്പന്റെ കാല്‍ പൊലീസുകാരന്‍ എടുത്തുപൊക്കുന്നതും അനക്കമില്ലെന്ന് കണ്ട് നിലത്തിടുന്നതും വീഡിയോയിലുണ്ട്.

തൂത്തുക്കുടിയിലെ വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലെറ്റ് പ്ലാന്റിനെതിരെ നടക്കുന്ന പ്രതിഷേധം പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് നിയന്ത്രണാതീതമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് തൂത്തുക്കുടിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നാളെ തമിഴ്‌നാട് ബന്ദിന് ഡിഎംകെ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. ഇന്റര്‍നെറ്റ് നിയന്ത്രണം അഞ്ച് ദിവസത്തേക്ക് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

തൂത്തുക്കുടിയിലെ പൊലീസ് അതിക്രമങ്ങളുടെ നിരവധി വീഡിയോകള്‍ പുറത്തുവന്നിരുന്നു. വാനിന് മുകളില്‍ കിടത്ത് പൊലീസുകാരന്‍ സമരക്കാര്‍ക്ക് നേരെ വെടിവെക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതില്‍ ‘കുറഞ്ഞത് ഒരാളെങ്കിലും ചാവണം’ എന്ന് പൊലീസുകാരന്‍ പറയുന്നത് വ്യക്തമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more