1 GBP = 104.49

യുക്രെയ്നിൽ റഷ്യൻ പിന്തുണയുള്ള രാഷ്ട്രീയനേതാവിനെ അധികാരത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമം; ബ്രിട്ടൻ

യുക്രെയ്നിൽ റഷ്യൻ പിന്തുണയുള്ള രാഷ്ട്രീയനേതാവിനെ അധികാരത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമം; ബ്രിട്ടൻ

ലണ്ടൻ: യുക്രെയ്നിൽ റഷ്യൻ പിന്തുണയുള്ള രാഷ്ട്രീയനേതാവിനെ അധികാരത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമം നടത്തുകയാണെന്ന് ബ്രിട്ടൻ. ഇതി​ന്‍റെ ഭാഗമായി യുക്രെയ്നിലെ നിരവധി മുൻരാഷ്ട്രീയ നേതാക്കളുമായി റഷ്യൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ നിരന്തരം ബന്ധം പുലർത്തുകയാണെന്നും മുൻ എം.പി യുവേഗൻ മുറായേവിനെ മുന്നിൽ നിർത്തിയാണ് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നതെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ആരോപിച്ചു.

യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തുമോ എന്ന ആശങ്കക്കിടെയാണ് ബ്രിട്ട​ന്‍റെ ആരോപണം. മേഖലയിൽ സംഘർഷം വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് റഷ്യ പിന്തിരിയണമെന്നും ട്രസ് ആവശ്യപ്പെട്ടു. അതേസമയം, ആരോപണത്തി​ന്‍റെ സ്രോതസ്സിനെ കുറിച്ച് വെളിപ്പെടുത്താൻ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം തയാറായില്ല. യു​ക്രെയ്നിൽ അധിനിവേശം നടത്തി പാവസർക്കാർ സ്ഥാപിക്കാൻ മുതിർന്നാൽ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ചുമത്തുമെന്നും ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റഅബ് മുന്നറിയിപ്പു നൽകി.

2019ലെ തെരഞ്ഞെടുപ്പിൽ അഞ്ചുശതമാനം വോട്ടുകൾക്കാണ് മുറായേവി​ന്‍റെ പാർട്ടി പരാജയപ്പെട്ടത്. റഷ്യൻ അനുകൂല പ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് മുറായേവി​ന്‍റെ ഉടമസ്ഥതയിലുള്ള നാഷ് ടി.വി ചാനൽ കഴിഞ്ഞ വർഷം അടച്ചുപൂട്ടാൻ ശ്രമം നടന്നിരുന്നു. മൈകോള അസറോവ്, സെർജി അർബുസോവ്, ആൻഡ്രി ക്ലുയേവ്, വൊളോഡിമിർ സിവ്കോവിച് എന്നിവരാണ് റഷ്യൻ ബന്ധമുള്ള യുക്രെയ്നിലെ മറ്റ് രാഷ്ട്രീയ നേതാക്കളെന്നാണ് ബ്രിട്ടൻ വെളിപ്പെടുത്തിയത്.

ത​ന്‍റെ രാജ്യത്തിന് പുതിയ നേതൃത്വമാണ് ആവശ്യമെന്ന് കഴിഞ്ഞദിവസം മുറായേവ് പ്രസ്താവിച്ചിരുന്നു. അതിനിടെ, യുക്രെയ്നിൽ അധിനിവേശം നടത്താൻ പദ്ധതിയില്ലെന്ന് ആവർത്തിച്ച റഷ്യ ഇത്തരത്തിലുള്ള അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നത് ബ്രിട്ടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നിലവിൽ യുക്രെയ്ൻ അതിർത്തിയിൽ ഒരുലക്ഷം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more