1 GBP = 104.49

രേഖയുടെ ഒഴിവില്‍ നടന്‍ മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാന്‍ ആര്‍.എസ്.എസ്

രേഖയുടെ ഒഴിവില്‍ നടന്‍ മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാന്‍ ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാന്‍ ആര്‍.എസ്.എസ് നീക്കം. രാജ്യസഭയില്‍ കലാരംഗത്തു നിന്നും 2018 ല്‍ വരുന്ന ഒഴിവിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുക.

ഇതു സംബന്ധിച്ച നിര്‍ദ്ദേശം മോഹന്‍ലാലുമായി ആശയവിനിമയം നടത്തിയ ശേഷം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് വ്യക്തമാക്കി. നിലവില്‍ കലാരംഗത്ത് നിന്നും നോമിനേറ്റഡ് ചെയ്യപ്പെട്ട പ്രമുഖ ബോളിവുഡ് നടി രേഖയുടെ കാലാവധി 2018 ഏപ്രില്‍ 26നു കഴിയും. ഈ ഒഴിവിലേക്ക് മോഹന്‍ ലാലിനെ പരിഗണിക്കാനാണ് നീക്കം.

ഇതോടൊപ്പം തന്നെ കായിക രംഗത്ത് നിന്നുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബിസിനസ്സ് രംഗത്തു നിന്നുള്ള അനി ആഗ എന്നിവരുടെ രാജ്യസഭയിലെ കാലാവധിയും അവസാനിക്കും. മറ്റു നോമിനേറ്റഡ് അംഗങ്ങളായ നരേന്ദ്ര ജാദവ്, മേരി കോം, സ്വപ്ന ദാസ് ഗുപ്ത, രൂപ ഗാംഗുലി, സാംബാജി രാജെ, സുരേഷ് ഗോപി ,സുബ്രമണ്യം സ്വാമി എന്നിവര്‍ക്ക് 2022 വരെ കാലാവധിയുണ്ട്. നിയമ രംഗത്ത് നിന്നുള്ള കെ.ടി.എസ് തുളസിക്ക് 2020 വരെയാണ് കാലാവധി.

നിലവില്‍ സുരേഷ് ഗോപിയെ കേരളത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നോമിനേറ്റഡ് ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ പരിഗണിക്കാന്‍ അതൊന്നും തടസ്സമല്ലന്നാണ് ആര്‍.എസ്.എസ് നിലപാട്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരില്‍ പ്രമുഖ സ്ഥാനമാണ് നിരവധി തവണ ദേശീയ പുരസ്‌കാരം നേടിയ ലാലിന് ഉള്ളത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് പോലും ഇന്നുവരെ ഒരു ദേശീയ അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഓര്‍ക്കണമെന്നും ആര്‍.എസ്.എസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ താല്‍പ്പര്യപ്രകാരമുള്ള പരിഗണനയല്ല, മറിച്ച് അര്‍ഹതക്കുള്ള അംഗീകാരമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്നും മോഹന്‍ലാലിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ നിലപാട് സ്വീകരിക്കുകയുള്ളുവെന്നും ബി.ജെ.പി കേന്ദ്രങ്ങളും വെളിപ്പെടുത്തി.

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വ ശാന്തി ട്രസ്റ്റിന്റെ രക്ഷാധികാരിയായി കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ തിരഞ്ഞെടുത്തിരുന്നു. കേരളത്തിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് പി.ഇ.ബി മേനോന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാപ്രമുഖ് വിനോദ് സംവിധായകന്‍ മേജര്‍ രവി എന്നിവരും പങ്കെടുത്തിരുന്നു.

മുമ്പ് സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ ഡയറക്ടറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചതിനു ശേഷം വിവാദം ഭയന്ന് പിന്‍വാങ്ങിയ ലാല്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ തലപ്പത്ത് എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു. കൈരളി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത മമ്മുട്ടിയും മുതിര്‍ന്ന സി.പി.എം നേതാക്കളും നിര്‍ബന്ധിച്ചിട്ട് പോലും ലാല്‍ അന്ന് കൈരളിയെ കൈവിടുകയായിരുന്നു.

ഈ സംഭവം ഓര്‍മ്മയിലുള്ളതിനാല്‍ രൂക്ഷമായ പ്രതികരണമാണ് സി.പി.എം അണികള്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയകളിലൂടെ നടത്തി വരുന്നത് മോഹന്‍ലാലിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കുമെന്ന പ്രചരണം വരെ ഇപ്പോള്‍ വ്യാപകമാണ്.

ഇതിനെതിരെ പ്രത്യാക്രമണവുമായി സംഘ പരിവാര്‍ പ്രവര്‍ത്തകരും സജീവമാണ്. മുകേഷിനും ഇന്നസെന്റിനുമെല്ലാം പരസ്യമായി രാഷ്ട്രീയമാകാമെങ്കില്‍ മോഹന്‍ലാലിനും ആകാമെന്നതാണ് അവരുടെ നിലപാട്.

ഒരു ട്രസ്റ്റിന്റെ രക്ഷാധികാരി ആയതിന് ‘കാവി കണ്ട തീവ്രവാദികളെ ‘പോലെ പ്രതികരിക്കരുതെന്ന മറുപടിയും ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. അതേ സമയം സോഷ്യല്‍ മീഡിയകളില്‍ ചേരിതിരിഞ്ഞ പോര് നടക്കുമ്പോഴും ഇതു സംബന്ധമായി ഒരു പരസ്യ പ്രതികരണത്തിനും മോഹന്‍ലാല്‍ ഇതുവരെ തയ്യാറായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more