1 GBP = 104.61
breaking news

ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത ട്രായ് ചെയര്‍മാന് എട്ടിന്റെ പണി നല്‍കി ഹാക്കര്‍മാര്‍

ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത ട്രായ് ചെയര്‍മാന് എട്ടിന്റെ പണി നല്‍കി ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാന്‍ ശ്രമിച്ച ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയ്ക്ക് എട്ടിന്റെ പണി നല്‍കി ഹാക്കര്‍മാര്‍. ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത ശര്‍മ്മയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടാണ് ഹാക്കര്‍മാര്‍ ‘സുരക്ഷാ വാദം’ പൊളിച്ചടുക്കിയത്.

ആധാര്‍ സുരക്ഷിതമാണെന്നും ആധാര്‍ വിവരങ്ങള്‍ വച്ച് ആര്‍ക്കും ആരേയും ഉപദ്രവിക്കാന്‍ കഴിയില്ലെന്ന് ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ ശര്‍മ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശര്‍മ്മയോട് തന്റെ ആധാര്‍ നമ്പര്‍ അയച്ച് തരാന്‍ ഒരാള്‍ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത ശര്‍മ്മ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്തു. ഇതു കൊണ്ട് തന്നെ ഏതെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കില്ലെന്ന ഉറപ്പും അദ്ദേഹം നല്‍കി.

ഇതിനു പിന്നാലെയാണ് ശര്‍മ്മയുടെ സ്വകാര്യ മൊബൈല്‍ നമ്പറും വാട്സപ്പ് പ്രൊഫൈല്‍ ഫോട്ടോയും ബാങ്ക് വിവരങ്ങളും ഉള്‍പ്പെടെയുള്ളവ ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയത്. എന്നാല്‍ ഈ വിവരങ്ങള്‍ ലഭിക്കാന്‍ ആധാറിന്റെ ആവശ്യമില്ലെന്നു ശര്‍മ്മ പ്രതികരിച്ചു. തൊട്ടു പിന്നാലെ മറുപടിയായി ഹാക്കര്‍മാര്‍ ശര്‍മ്മയുടെ പാന്‍കാര്‍ഡ് നമ്പറും പുറത്ത് വിട്ടു. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിരിക്കുന്നത് ആര്‍.എസ് ശര്‍മ്മയുടെ സെക്രട്ടറിയുടെ മൊബൈലുമായാണെന്നും ഹാക്കര്‍മാര്‍ കണ്ടെത്തി.

ശര്‍മയുടെ മെയില്‍ ഐഡിയുടെ സുരക്ഷാ ചോദ്യവും ഹാക്കര്‍മാര്‍ കണ്ടെത്തി. സെക്രട്ടറിയുടെ കൈവശമുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അത് ഐഫോണ്‍ ആണെന്നും അതിന്റെ കണക്ഷന്‍ എയര്‍ ടെല്‍ ആണെന്നും കണ്ടെത്തി. ഇതോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ഇന്‍കംടാക്സ് വിവരങ്ങളും, പാന്‍ നമ്പറും, വോട്ടര്‍ ഐഡിയും തുടങ്ങി സകലതും ഹാക്കര്‍മാര്‍ പുറത്തുവിട്ടു. എന്നാല്‍ ഇതൊന്നും ആധാര്‍ വഴി ലഭിച്ച വിവരമല്ല എന്ന ഉറച്ച നിലപാടിലാണ് ശര്‍മ്മ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more