1 GBP = 103.43

കേരളാ പൂരം 2018ന്റെ സംഗീത സദസ്സിന് മാറ്റേകുവാന്‍ “അഗം ബാന്റ്”

കേരളാ പൂരം 2018ന്റെ സംഗീത സദസ്സിന് മാറ്റേകുവാന്‍ “അഗം ബാന്റ്”

അനീഷ് ജോണ്‍ (പി.ആര്‍. ഒ)            

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നും ബ്രിട്ടണിലേയ്ക്ക് കുടിയേറിയ മലയാളികള്‍ തങ്ങളുടെ ജന്മനാടിന്റെ കലാ-കായിക സാംസ്ക്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന “കേരളാ പൂരം 2018” ചരിത്രപ്രസിദ്ധമായ ഓക്​സ്​ഫഡ് നഗരത്തിനു സമീപമുള്ള ഫാര്‍മൂര്‍ തടാകത്തില്‍ ജൂണ്‍ 30ന് അരങ്ങേറും. യു.കെ മലയാളികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന കണ്ണിനും കാതിനും കരളിനും അനുഭൂതിയുടെ മാസ്മരികത പകര്‍ന്ന് നല്‍കുന്ന നിരവധി പരിപാടികളാണ് കേരളാ പൂരത്തിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. തടാകത്തിലെ ജലരാജാക്കന്മാരുടെ പോരാട്ടത്തിന് ഒപ്പം വേദിയില്‍ അരങ്ങേറുന്ന നിരവധി കലാപരിപാടികളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് മലയാളത്തിലെ  പ്രശസ്തമായ മ്യൂസിക്ക് ബാന്റ് “അഗം” ഒരുക്കുന്ന സംഗീതപരിപാടിയാവും.

ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി സ്റ്റേജ് പരിപാടികളും മെഗാ ഷോകളും വിജയകരമായി സംഘടിപ്പിച്ച് വരുന്ന ഗുരു നായര്‍ പ്രൊഡക്ഷന്‍സ് ആണ് “അഗം” ലൈവ്ബാന്റ് പരിപാടി യുക്മയുമായി ചേര്‍ന്ന് യു.കെ മലയാളികള്‍ക്കായി ഒരുക്കുന്നത്. തന്റെ കലാസപര്യയുടെ സ്വപ്നസാഫല്യമായി ഗുരു നായര്‍ ആരംഭിച്ച കമ്പനി ഇതിനോടകം സോനു നിഗം, കെ.എസ്. ചിത്ര, ഉദിത് നാരായണന്‍, ദെലര്‍ മൊഹന്തി, കുമാര്‍ സാനു തുടങ്ങിയ സംഗീത പ്രതിഭകളുടെ പരിപാടികള്‍ കൂടാതെ ചലച്ചിത്ര – സീരിയല്‍ നിര്‍മ്മാണ​ രംഗത്തും മുംബൈ മലയാളികളുടെ നാടക-ടെലിവിഷന്‍ രംഗങ്ങളിലും സജീവമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മഹാരാഷ്ട്രാ ഘടകം കള്‍ച്ചറല്‍ സെല്ലിന്റെ അധ്യക്ഷസ്ഥാനത്ത് തുടര്‍ച്ചയായി പത്ത് വര്‍ഷം സേവനമനുഷ്ഠിച്ചതോടെ മഹാരാഷ്ട്രയിലെ കലാരംഗത്ത് ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ച് ശ്രദ്ധേയനായ വ്യക്തിയാണ് ഗുരു നായര്‍.

കര്‍ണാടക രാഗങ്ങളെ അവയുടെ തനിമ നഷ്ടപ്പെടുത്താതെ പാശ്ചാത്യ സംഗീതവുമായി ഇഴ ചേര്‍ത്ത് അവതരിപ്പിക്കുന്നതിലൂടെ ലോകമെങ്ങും പ്രശസ്തിയാര്‍ജിച്ച ബാന്‍ഡാണ് ബാംഗ്ലൂരില്‍ നിന്നുള്ള അഗം. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ബാന്‍ഡുകളിലൊന്നായ അഗം ഇന്ന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും  വിവിധ വിദേശ രാജ്യങ്ങളിലും യുവ   തലമുറയെ ഹരം കൊള്ളിപ്പിക്കുന്ന പരിപാടികള്‍ അവതരിപ്പിച്ച് വരുന്നു. മലയാളിയായ ഹരീഷ് ശിവരാമകൃഷ്ണനാണ് അഗത്തിന്റെ മുഖ്യഗായകന്‍.

ഈ വര്‍ഷം യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ട്രെന്റിങ്ങ് ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്ന ആല്‍ബമാണ് കൂത്ത് ഓവര്‍ കോഫി എന്ന അഗം ബാന്റിന്റെ ഗാനം. മലയാളത്തില്‍ ഇതു വരെ കേട്ടിട്ടില്ലാത്ത സംഗീത ശൈലിയാണ്  ഈ ആല്‍ബത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.  തമിഴ്നാടിന്റെ തനി നാടന്‍ താളത്തില്‍ ഒരുക്കിയിരിക്കുന്ന കൂത്ത് ഓവര്‍ കോഫി ആദ്യ കേള്‍വിയില്‍ തന്നെ നമ്മുടെ മനസിലേയ്ക്ക് ഗാനത്തിന്റെ സംഗീതവും വരികളും പതിയും. ന്യൂ ജെന്‍ സംഗീതത്തോടൊപ്പം തമിഴ്നാട് തനി നാടന്‍ സംഗീത ശൈലിയും കൂട്ടിയിണക്കിയാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. പാട്ടിന്റെ ആലാപന ശൈലിയും തികച്ചും വ്യത്യസ്തമാണ്.ഇതിനു മുന്‍പ് പുറത്തിറങ്ങിയ എ ഡ്രീം റ്റു റിമെംബര്‍ എന്ന ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.

ഹരീഷ് ശിവരാമകൃഷ്ണന്‍ (വയലിന്‍ , ആലാപനം), ഗണേഷ് റാം നാഗരാജന്‍ (ഡ്രംസ്, പിന്നണി സംഗീതം), സ്വാമി സീതാരാമന്‍ (കീബോര്‍ഡ്, ഗാനരചന), ടി. പ്രവീണ്‍കുമാര്‍ (ലീഡ് ഗിറ്റാര്‍), ആദിത്യ കശ്യപ് (ബാസ് ഗിറ്റാര്‍, പിന്നണി സംഗീതം), ശിവകുമാര്‍ നാഗരാജന്‍ ( (പെര്‍ക്കഷന്‍​), ജഗദീഷ് നടരാജന്‍ ( റിഥം ഗിറ്റാര്‍), യദുനന്ദന്‍ (ഡ്രംസ്) എന്നിവരാണ് അഗം ബാന്റ് ടീമില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

യുകെയിൽ ആദ്യമായി ഓപ്പൺ എയറിൽ നടക്കുന്ന ഈ ലൈവ് ഒർക്കസ്ട്രാ ഗാനമേള ഏവർക്കും ഒരു പുത്തൻ അനുഭവം ആയിരിക്കുമെന്നത് നിസംശയം പറയാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more