1 GBP = 104.54
breaking news

ജീവിതം അടയാളപ്പെടുത്തുക: സണ്ണി സ്റ്റീഫന്‍

ജീവിതം അടയാളപ്പെടുത്തുക: സണ്ണി സ്റ്റീഫന്‍

ടെക്സസ്: ഓസ്റ്റിന്‍ സീറോമലബാര്‍ കത്തോലിക്ക ദേവാലയത്തില്‍ നടന്ന രണ്ടു ദിവസത്തെ കുടുംബ നവീകരണ ധ്യാനത്തില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, പ്രമുഖ ഫാമിലി കൌണ്‍സിലറും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും, സംഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ മനസ്സിന്‍റെ ആഴങ്ങളില്‍ തൊട്ട്, വചനപ്രഘോഷണത്തിലൂടെ നല്‍കിയ സന്ദേശങ്ങള്‍ ഉണര്‍വ്വും, ഊര്‍ജ്ജവും നല്‍കുന്ന പുതിയൊരനുഭവമായി.

“ ആഡംബരങ്ങള്‍ ആന്തരിക ശൂന്യതയുടെ സാക്ഷ്യപ്പെടുത്തലാണ്. ആന്തരിക പൊള്ളത്തരങ്ങള്‍ ഉപേക്ഷിച്ച് നല്ല മനുഷ്യരായി ആത്മാവില്‍ വളരാന്‍ നാം ബോധപൂര്‍വ്വം പ്രാര്‍ത്ഥനയോടെ ഒരുങ്ങണം. അല്ലെങ്കില്‍ വര്‍ത്തമാനകാല ജീവിതം ഉറ കെട്ട ഉപ്പായിപ്പോകും. മനുഷ്യ ജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്. മധുരമുള്ള ഒരോര്‍മ്മ പോലും സൂക്ഷിക്കാനോ, കൈമാറാനോ കഴിയാത്ത വിധം വ്യക്തി ബന്ധങ്ങളും, കുടുംബബന്ധങ്ങളും വല്ലാതെ ഉലഞ്ഞു പോകുന്നുവെന്നതാണ് ഈ കാലത്തിന്‍റെ ദുഃഖം. അതില്‍ നിന്നു മടങ്ങി വരുവാന്‍ ഹൃദയത്തിലെ കളയും വിളയുംവേര്‍തിരിക്കുക. ചെമ്മരിയാടുകളെയും കോലാടുകളെയും ഇരു വശങ്ങളിലേക്ക് മാറ്റി നിര്‍ത്തുക, ദൈവം നല്‍കിയ പ്രകാശവും പ്രസാദവും പ്രാര്‍ത്ഥനയോടെ വീണ്ടെടുത്ത് ശരീരത്തിന്‍റെ ഉയിര്‍പ്പിനും നിത്യമായ ജീവിതത്തിനും വേണ്ടി, ദൈവം ദാനമായി തന്ന ഈ ജീവിതം ഭൂമിയില്‍ അടയാളപ്പെടുത്തുക.അത്രമേല്‍ അഗാധമായി, ആത്മാര്‍ത്ഥമായിസ്നേഹിക്കുന്ന ദൈവത്തോട്‌ ചേര്‍ന്ന് നിന്ന്, സ്വര്‍ഗ്ഗം സന്തോഷിക്കുന്ന ഒരു ദൈവരാജ്യമായി ജീവിതം മാറ്റി ഭൂമിയില്‍ ജീവിതം സാക്ഷ്യപ്പെടുത്താം, അനുഗ്രഹീതമാക്കാം.” സണ്ണി സ്റ്റീഫന്‍ തന്‍റെ വചന സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.

ആഴമേറിയ തിരുവചന സന്ദേശങ്ങളും, മുപ്പത്തിയെട്ടു വര്‍ഷത്തെ ഫാമിലി കൌണ്‍സിലിംഗ് അനുഭവങ്ങളും, ശാന്തമായ ധ്യാനരീതികളും കൊണ്ട് വ്യത്യസ്തമായ ഈ ധ്യാനം, കുടുംബങ്ങള്‍ ഒന്നടങ്കം തിരിച്ചറിവിന്‍റെ തീരങ്ങളിലേക്ക് മടങ്ങിവരാനും, പുതിയൊരു ബോധ്യം നല്‍കി ആത്മാവില്‍ വളരുവാനും ഇടവന്നുവെന്ന് വികാരി റവ.ഫാ. ഡോമിനിക് പെരുനിലം വിശുദ്ധ ബലിയോടനുബന്ധിച്ച് നടന്ന കൃതജ്ഞത പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ട്രസ്റ്റിമാരായ ഡോ: അനീഷ്‌ ജോര്‍ജ്ജ്, ശ്രീ സണ്ണി തോമസ്‌ കൂടാതെ ശ്രീ ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ധ്യാനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി.

Email: [email protected]
www.worldpeacemission.net

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more