1 GBP = 104.49

കാമുകന്റെ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ മലയാളി നേഴ്‌സിനെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു

കാമുകന്റെ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ മലയാളി നേഴ്‌സിനെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു

മല്ലപ്പള്ളി: ഡോക്ടറായ കാമുകന്റെ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ മലയാളി നഴ്സ് ടിന ജോൺസൺ യു.എസിൽ പിടിയിലാവാൻ ഇടയായത് കുറ്റകൃത്യങ്ങളെ സംബന്ധിച്ച ഒരു ടെലിവിഷൻ പരിപാടി. നവസാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പരിപാടിയുടെ ആധികാരികതയ്ക്കായി അമേരിക്കയിലെ ഒരു ടെലിവിഷൻ ചാനൽ ഉൾപ്പെടുത്തിയ രഹസ്യ ഫോൺ സംഭാഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്. മല്ലപ്പള്ളി കീഴ്‌വായ്പ്പൂരിൽ നിന്ന് അമേരിക്കയിൽ താമസമാക്കിയ ദമ്പതികളുടെ മകൾ ടിന ജോൺസണിനെ (31) ഇല്ലിനോയ്സ് ഡ്യുപേജ് കൗണ്ടി പൊലീസ് അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസമാണ് നാട്ടിൽ വിവരം ലഭിച്ചത്.

യു.എസ് മെയ് വുഡ് ലൊയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ നഴ്സാണ് ടിന. ഇവിടെ അനസ്തേഷ്യോളജിയിൽ റസിഡൻസി പൂർത്തിയാക്കിയ മലയാളി ഡോക്ടറാണ് കാമുകൻ. ടിന ക്വട്ടേഷൻ സംഘവുമായി നടത്തുന്ന ഫോൺ സംഭാഷണം ചോർത്തി ചാനൽ സംപ്രേഷണം ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അതിവിദഗ്ദ്ധമായി നടത്തിയ നീക്കത്തിൽ ടിനയെ മൂന്ന് മാസത്തോളം നിരീക്ഷിച്ച ശേഷം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ടിനയും വിവാഹിതയാണ്. 2016 സെപ്തംബർ 17ന് ചിക്കാഗോയിൽ വച്ചാണ് മല്ലപ്പള്ളി വാളക്കുഴി സ്വദേശിയെ ടിന വിവാഹം ചെയ്തത്. ഡോക്ടറായ കാമുകനെ സ്വന്തമാക്കാൻ അയാളുടെ ഭാര്യയെ വധിക്കുന്നതിന് ടിന ക്വട്ടേഷൻ സംഘത്തെ ഇന്റർനെറ്റിലൂടെ സമീപിക്കുകയായിരുന്നു. അഡ്വാൻസായി ബിറ്റ്കോയിൻ വഴി 10,000 ഡോളർ സംഘത്തിന് കൈമാറി.

സാമൂഹ്യപ്രവർത്തകയാണ് ഡോക്ടറുടെ ഭാര്യ. കൊലപാതകം ഒരു ആക്‌സിഡന്റാണെന്ന് തോന്നിപ്പിക്കണമെന്നായിരുന്നു ടിനയുടെ ആവശ്യം. 20 വർഷം വരെ തടവ് ലഭിക്കാം കോടതിയിൽ ഹാജരാക്കിയ ടിനയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2,50,000 ഡോളറാണ് ജാമ്യത്തുക. ഇതിന്റെ പത്തുശതമാനം ആദ്യം അടയ്ക്കണം. ടിനയുടെ പാസ്‌പോർട്ടും കോടതിയിൽ സറണ്ടർ ചെയ്തു. കുറ്റം തെളിഞ്ഞാൽ കുറഞ്ഞത് 20 വർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കുന്ന കൃത്യമാണ് യുവതി ചെയ്തത് എന്നതിനാൽ ഇരയായ സ്ത്രീയുമായും അവരുടെ ഭർത്താവുമായും ടിന യാതൊരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്നും കോടതി നിർദ്ദേശമുണ്ട്. മേയ് 25ന് കേസ് സംബന്ധിച്ച വാദം കോടതി കേൾക്കും. അതേസമയം കാമുകനെയും ക്വട്ടേഷൻ സംഘത്തെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more