1 GBP = 104.49

തിരുസഭയിലെ കൂദാശകളിലൂടെ ഈശോ ഇന്നും കാൽ കഴുകുന്നു; മാർ ജോസഫ് സ്രാമ്പിക്കൽ…..പ്രസ്റ്റൺ കത്തീഡ്രൽ തിങ്ങി നിറഞ്ഞു വിശ്വാസികൾ…

തിരുസഭയിലെ കൂദാശകളിലൂടെ ഈശോ ഇന്നും കാൽ കഴുകുന്നു; മാർ ജോസഫ് സ്രാമ്പിക്കൽ…..പ്രസ്റ്റൺ കത്തീഡ്രൽ തിങ്ങി നിറഞ്ഞു വിശ്വാസികൾ…

പ്രസ്റ്റൺ: ഈശോ തന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ കാൽ കഴുകി വിശുദ്ധ കുർബാനയും പൗരോഹിത്യവും സ്ഥാപിച്ച പെസഹാ ദിനത്തിന്റെ അനുസ്മരണം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ വി. കുർബ്ബാന സെന്ററുകളിൽ ഭക്തിയോടെ ആചരിച്ചു. പ്രസ്റ്റൺ കത്തീഡ്രലിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായിരുന്നു. കത്തീഡ്രൽ വികാരി റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ സഹകാർമ്മികനായിരുന്നു.
ദൈവപുത്രനായ ഈശോയുടെ മുൻപിൽ പാപം ഒരിക്കൽ കൂടി തോറ്റ അവസരമായിരുന്നു ഈശോയുടെ കാൽ കഴുകൽ കർമ്മത്തിലൂടെ വെളിവായതെന്ന് സുവിശേഷ സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. തിരുസഭയിൽ വിവിധ കൂദാശകളിലൂടെ ഈശോ ഇന്നും ഈ കാൽ കഴുകൽ കർമ്മം നടത്തി നമ്മെ വിശുദ്ധീകരിക്കുന്നു. ക്ഷമ എന്ന മഹത്തായ പുണ്യത്തിന്റെ പ്രകാശനവും പ്രതിഫലനവുമാണ് കാൽ കഴുകിയതിലൂടെ ഈശോ കാണിച്ചു തന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവാലയം നിറഞ്ഞു കവിഞ്ഞു വിശ്വാസികൾ ശുശ്രൂഷകളിൽ സംബന്ധിച്ചു.
ബഹു. സിസ്റ്റേഴ്സ്, വൈദിക വിദ്യാർത്ഥികൾ, ഗായക സംഘം തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. അൾത്താര ശുശ്രൂഷികളായ പന്ത്രണ്ടു കുട്ടികളാണ് പന്ത്രണ്ട് ശ്ലീഹന്മാരുടെ പ്രതിനിധികളായി കാൽ കഴുകൽ ശുശ്രൂഷയ്ക്ക് എത്തിയത്. ദുഃഖവെള്ളിയുടെ തിരുക്കർമ്മങ്ങൾ ഇന്ന് രാവിലെ 10 മണിക്ക് കത്തീഡ്രൽ ദേവാലയത്തിൽ ആരംഭിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more