1 GBP = 103.12

‘ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല, എന്നെ ചെരിപ്പൂരി എറിഞ്ഞു’ – ആരോപണങ്ങൾ നിഷേധിച്ച് സൊമാറ്റോ ഡെലിവറി ബോയ്

‘ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല, എന്നെ ചെരിപ്പൂരി എറിഞ്ഞു’ – ആരോപണങ്ങൾ നിഷേധിച്ച് സൊമാറ്റോ ഡെലിവറി ബോയ്

ബംഗളൂരു: ഭക്ഷണം സൊമാറ്റോയിൽ ഓർഡർ ചെയ്ത യുവതിയെ ഡെലിവറി ബോയ് ആക്രമിച്ചെന്ന സംഭവത്തിൽ ആരോപണങ്ങൾക്ക് മറപടിയുമായി ഡെലിവറി ബോയ്. താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും യുവതി വാക്കുകൾ കൊണ്ട്‌ അധിക്ഷേപിക്കുകയും ചെരിപ്പൂരി തന്നെ എറിയുക ആയിരുന്നെന്നും ആരോപണങ്ങൾക്ക് വിധേയനായ ഡെലിവറി ബോയ് പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡെലിവറി ബോയ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഭക്ഷണം ഓർഡർ ചെയ്ത സ്ത്രീയാണ് ആദ്യം തന്നെ വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചത്. സൊമാറ്റോ ഡെലിവറി എക്സിക്യുട്ടീവ് തന്റെ വീട്ടിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചു എന്നായിരുന്നു ഹിതേഷ് ചന്ദ്രാനി എന്ന യുവതി ആരോപിച്ചത്. എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിച്ച ഡെലിവറി ബോയ് താൻ ആരെയും ആക്രമിച്ചിട്ടില്ലെന്നും തനിക്കു നേരെ വാക്കാൽ അധിക്ഷേപം ആരംഭിച്ചത് യുവതി ആണെന്നും വ്യക്തമാക്കി.

ഞാൻ അവരുടെ അപ്പാർട്മെന്റിന് മുമ്പിൽ എത്തിയതിനു ശേഷം ഭക്ഷണം അവർക്ക് കൈമാറുകയും പണം ലഭിക്കുന്നതിനായി കാത്തു നിൽക്കുകയും ചെയ്തു. കാഷ് ഓൺ ഡെലിവറി ആയിരുന്നു അവർ പണം അടയ്ക്കുന്നതിനായി തിരഞ്ഞെടുത്തിരുന്നത്.’ – ന്യൂസ് മിനിറ്റിനോട് സംസാരിക്കവെ കാമരാജ് വ്യക്തമാക്കി.

ഗതാഗതക്കുരുക്കും മോശം റോഡും കാരണം ഡെലിവറി എത്തിച്ചു നൽകാൻ വൈകിയതിൽ താൻ അവരോട് ക്ഷമ ചോദിച്ചെന്നും എന്നാൽ തന്നോട് വളരെ മോശമായാണ് ചന്ദ്രാനി പെരുമാറിയതെന്നും ഡെലിവറി ബോയ് പറഞ്ഞു.

‘നിങ്ങൾ എന്താണ് വൈകിയതെന്ന് അവർ എന്നോട് ചോദിച്ചു. ചില സിവിക് ജോലികൾ നടക്കുന്നുണ്ടെന്നും ഗതാഗതക്കുരുക്ക് ഉണ്ടെന്നും പറയുകയും വൈകിയതിൽ അവരോട് ക്ഷമായാചനം നടത്തുകയും ചെയ്തു. എന്നാൽ, ഓർഡർ 40 – 45 മിനിറ്റിനുള്ളിൽ നൽകണമെന്ന് അവർ നിർബന്ധിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ഞാൻ ഈ ജോലി ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു ഘട്ടത്തിലൂടെ എനിക്ക് കടന്നു പോകേണ്ടി വരുന്നത് ഇത് ആദ്യമായാണ്’ – ന്യൂസ് മിനിറ്റിനോട് ഡെലിവറി ബോയി ആയ കാമരാജ് പറഞ്ഞു.

ഓർഡർ കൈപ്പറ്റിയതിനു ശേഷം ചന്ദ്രാനി പണം നൽകാൻ തയ്യാറായില്ലെന്നും കാമരാജ് പറഞ്ഞു. ‘പണം നഷ്ടമാകുമോ എന്ന് ഞാൻ ഭയപ്പെട്ടു. ഓർഡറിന് പണം നൽകണമെന്ന് ഞാൻ അവരോട് അപേക്ഷിച്ചു. ആ സമയത്ത് അവരെന്ന് ‘അടിമ’ എന്നു വിളിക്കുകയും ‘നിനക്ക് എന്ത് ചെയ്യാൻ കഴിയു’മെന്ന് ചോദിക്കുകയും ചെയ്തെന്നും ഡെലിവറി ബോയ് പറയുന്നു.

‘ഇതേസമയം, ഈ ഓർഡർ ക്യാൻസൽ ചെയ്തതായി സൊമാറ്റോ സപ്പോർട്ട് എന്നെ അറിയിച്ചു. യുവതി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ഓർഡർ ക്യാൻസൽ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാൻ ഇവർ തയ്യാറായില്ല.’ – ഡെലിവറി ബോയ് വ്യക്തമാക്കി.

തുടർന്ന് അവിടെ നിന്ന് പോകാൻ താൻ തീരുമാനിച്ചതായി സൊമാറ്റോ ഡെലിവറി ബോയ് പറഞ്ഞു. എന്നാൽ, അവർ ഹിന്ദിയിൽ മോശമായി സംസാരിക്കുകയും ചെരിപ്പ് എറിയുകയും അടിക്കാൻ തുടങ്ങുകയും ചെയ്തു. യുവതിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കൈ കൊണ്ട് ഡെലിവറി ബോയ് തടഞ്ഞപ്പോൾ യുവതിയുടെ മോതിരവിരൽ അവരുടെ മൂക്കിൻമേൽ ഇടിക്കുകയും തുടർന്ന് രക്തം വരികയുമായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നടന്ന സംഭവങ്ങളെക്കുറിച്ച് ബുധനാഴ്ച യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

അതേസമയം, ഹിതേഷയുടെ ട്വീറ്റിന് സൊമാറ്റോ മറുപടി നൽകുകയും ചെയ്തിരുന്നു. ‘ഹിതേഷ, ഞങ്ങളോട് സംസാരിച്ചതിന് നന്ദി. ഞങ്ങളുടെ പ്രാദേശിക പ്രതിനിധി ഉടൻ തന്നെ നിങ്ങളുമായി ബന്ധപ്പെടും. പൊലീസ് അന്വേഷണത്തിനും വൈദ്യസഹായത്തിനുള്ള സഹായത്തിനും നിങ്ങളെ സഹായിക്കും. എങ്ങനെ ക്ഷമ പറയണമെന്ന് ഞങ്ങൾക്കറിയില്ല, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും എന്ന് ഉറപ്പ് നൽകുന്നു’.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more