1 GBP = 103.96

ഉത്തർപ്രദേശിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അഞ്ച് പൊലീസുകാർ സസ്പെൻഷനിൽ

ഉത്തർപ്രദേശിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അഞ്ച് പൊലീസുകാർ സസ്പെൻഷനിൽ

കാൺപുർ: ഉത്തർപ്രദേശിൽ 28കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയ സഞ്ജീത് യാദവിനെ മോചിപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് പൊലീസിനെതിരെ നടപടിയെടുത്തതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ സംഭവത്തിൽ പൊലീസിന്‍റെ അനുമതിയോടെ മോചനതുകയായി 30 ലക്ഷം രൂപ ഒരു സംഘം കൈപ്പറ്റിയെന്നും എന്നിട്ടും സഞ്ജീതിനെ മോചിപ്പിക്കാൻ സാധിച്ചില്ലെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അഞ്ച് പൊലീസുകാർ സംശയത്തിന്‍റെ നിഴലിലായത്.  

30 ലക്ഷം രൂപ നൽകിയെന്നും സഞ്ജീതിനെ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് സഞ്ജീതിന്‍റെ കുടുംബം കാൺപൂർ പൊലീസ് മേധാവിയുടെ ഓപിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഒരു സംഘം പൊലീസുകാരാണ് തുക ഏർപ്പാടാക്കാൻ ആവശ്യപ്പെട്ടതെന്നും ആ തുക ജൂൺ 13ന് തട്ടിക്കൊണ്ടുപോയവർക്ക് കൈമാറിയെന്നും കുടുംബം പറഞ്ഞു. 

ജൂൺ 23നാണ് സഞ്ജീതിനെ കാണാതായെന്ന പരാതി കുടുംബം നൽകിയതെന്നും ഇതേക്കുറിച്ച് ജൂൺ 26ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നുമാണ് പൊലീസിന്‍റെ വാദം. അടുത്ത ദിവസങ്ങളിൽ തന്ന സഞ്ജീത് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും എസ്.പി ദിനേശ് കുമാർ പറഞ്ഞു. മൃതദേഹം കണ്ടുപിടിക്കാനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഒരു മാസത്തോളമായി കാണാതായ മകൻ കൊല്ലപ്പെട്ടതറിഞ്ഞ് കാണുന്നവരുടെ കരളലിയിക്കുന്ന രംഗങ്ങളാണ് എസ്.പി ഓഫിസിൽ അരങ്ങേറിയത്. മോചനതുക ആവശ്യപ്പെട്ടുകൊണ്ട് 15 ഫോൺവിളികളാണ് കുടുംബത്തിന് ലഭിച്ചതെന്ന് സഞ്ജീതിന്‍റെ സഹോദരി പറഞ്ഞു. “ഉടൻതന്നെ അപർണ ഗുപ്തയെന്ന ഐ.പി.എസ് ഓഫിസറുമായി കുടുംബം ബന്ധപ്പെട്ടു. 30 ലക്ഷം തയാറാക്കാനായിരുന്നു അപർണ ഗുപ്ത ആവശ്യപ്പെട്ടത്. പണം നൽകിയാലും അത് തിരിച്ചെടുക്കാമെന്ന് അപർണ ഗുപ്ത വാക്കു തന്നു. ഒരു പൊലീസ് ടീം ഞങ്ങളോടൊപ്പം എല്ലായ്പോഴും ഉണ്ടായിരുന്നു. മോചനതുക സ്വീകരിക്കുന്നതിന് തൊട്ടുമുൻപ് 30 മിനിറ്റോളം പിതാവിനോട് അവർ സംസാരിച്ചു. ഫ്ലൈ ഓവറിന് മുകളിൽ നിന്ന് റോഡിലേക്ക് പണമടങ്ങിയ ബാഗ് താഴോട്ടിടാനാണ് അവർ ആവശ്യപ്പെട്ടത്. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പൊലീസുകാർ ഇതൊന്നും പ്രതീക്ഷിച്ചില്ല എന്നാണോ കരുതേണ്ടത്?  പണം നൽകുകയും എന്നാൽ സഹോദരൻ കൊല്ലപ്പെടുകയുമാണുണ്ടായത്.” സഹോദരി പറഞ്ഞു.

എന്നാൽ അപർണ ഗുപ്ത കുടുംബത്തിന്‍റെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. മോചനതുക കൈമാറിയിട്ടില്ലന്നാണ് പൊലീസുകാരുടെ വാദം. പൊലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കുമെന്ന് കാൺപുർ റേഞ്ച് ഐ.ജി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more