1 GBP = 103.81
breaking news

സെൽഫിയെടുത്ത ആരാധകനെതിരെ ഗാനഗന്ധർവ്വൻ; യേശുദാസിനെ യൂദാസിനോടുപമിച്ച് സോഷ്യൽ മീഡിയ

സെൽഫിയെടുത്ത ആരാധകനെതിരെ ഗാനഗന്ധർവ്വൻ; യേശുദാസിനെ യൂദാസിനോടുപമിച്ച് സോഷ്യൽ മീഡിയ

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് സംബന്ധിച്ച് വിവാദം പുകഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗായകന്‍ കെജെ യേശുദാസിന്റെ ആരാധകനോടുള്ള പെരുമാറ്റവും വിവാദമാകുന്നു. തനിക്കൊപ്പം യുവാക്കളിലൊരാള്‍ സെല്‍ഫിയെടുത്തതാണ് യേശുദാസിനെ പ്രകോപിപ്പിച്ചത്. ഫോണ്‍ തട്ടിക്കളഞ്ഞ ഗായകന്‍ പിന്നീട് തിരിഞ്ഞുനിന്ന് ഫോണ്‍ പിടിച്ചുവാങ്ങുകയും എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പുറപ്പെടുമ്പോഴാണ് ഗായകനോടുള്ള ആരാധനയില്‍ യുവാവ് അടുത്തെത്തി സെല്‍ഫിയെടുത്തത്. എന്നാല്‍ ആരാധനാപുരുഷന്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ചതോടെ ഞെട്ടിപ്പോയ യുവാവ് വേഗം പിന്മാറുകയും ചെയ്തു. പക്ഷേ എന്നിട്ടും ദേഷ്യം മാറാതെ ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷമാണ് യേശുദാസ് മുന്‍പോട്ട് നീങ്ങിയത്.

പതിനൊന്ന് അവാര്‍ഡ് ജേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചാല്‍ മതിയെന്ന തീരുമാനത്തെത്തുടര്‍ന്ന് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച യേശുദാസ് പിന്നീട് ചടങ്ങില്‍ പങ്കെടുക്കുകയും അവാര്‍ഡ് സ്വീകരിക്കുകയും ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനു പിന്നാലെയാണ് അപ്പോള്‍ ആരാധകനോടുള്ള പെരുമാറ്റവും വിവാദമാകുന്നത്.

11 പുരസ്‌കാരങ്ങള്‍ രാഷ്ട്രപതിയും മറ്റുള്ളവ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനിയും വിതരണം ചെയ്യുമെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് ഒരു വിഭാഗം അവാര്‍ഡ് ജേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി എഴുപതോളം പുരസ്‌കാരജേതാക്കളാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്.

മലയാളത്തില്‍ നിന്ന് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ച കെജെ യേശുദാസ്, സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ജയരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ആദ്യം വ്യക്തമാക്കിയിരുന്നു. എതിര്‍പ്പ് വ്യക്തമാക്കി വാര്‍ത്താവിതരണമന്ത്രാലയത്തിന് കൈമാറാനായി തയ്യാറാക്കിയ കത്തില്‍ ഇരുവരും ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു. അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാനച്ചടങ്ങില്‍ ഗായകന്‍ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു.

പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് യേശുദാസ് അവസാന നിമിഷം കാലുമാറിയ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ആരാധകനോടുള്ള ദയയില്ലാത്ത പെരുമാറ്റവും വിവാദമാകുകയാണ്. യേശുദാസിനെ യൂദാസിനോടുപമിച്ചാണ് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more