1 GBP = 103.81
breaking news

“Let’s Break It Together” സംഗീത വിരുന്നിൽ പ്രേക്ഷകരെ ആവേശ ചിറകിലേറ്റി സ്റ്റോക്ക് ഓൺ ട്രെന്റിലെ രജത നക്ഷത്രങ്ങൾ …. തെരേസയും ജോർജ്ജും ലിസ് മരിയയും റോസ് മേരിയും ചേർന്നൊരുക്കിയത് തകർപ്പൻ വാദ്യമേളപ്പൂരം ….

“Let’s Break It Together” സംഗീത വിരുന്നിൽ പ്രേക്ഷകരെ ആവേശ ചിറകിലേറ്റി സ്റ്റോക്ക് ഓൺ ട്രെന്റിലെ രജത നക്ഷത്രങ്ങൾ …. തെരേസയും ജോർജ്ജും ലിസ് മരിയയും റോസ് മേരിയും ചേർന്നൊരുക്കിയത് തകർപ്പൻ വാദ്യമേളപ്പൂരം ….

കുര്യൻ ജോർജ്ജ്

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)


കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയ  സ്റ്റോക്കിലെ നാൽവർ സംഘം തീർത്തത് അവിശ്വസനീയതയുടെ പൂരക്കാഴ്ചകളായിരുന്നു. തെരേസ വയലിനിലും ജോർജ്ജ് പിയാനോയിലും  ലിസ് മരിയ ചെല്ലോ / ഗിറ്റാറിലും റോസ് മേരി ഫ്‌ളൂട്ടിലും ഒരുക്കിയത് ഒരു മണിക്കൂറിലേറെ നീണ്ട് നിന്ന വാദ്യ സംഗീതത്തിന്റെ മായക്കാഴ്ചകൾ. ഇതിനോടകം ആയിരക്കണക്കിന് സംഗീത പ്രേമികൾ ആസ്വദിച്ച ഷോയിൽ, ലൈവിൽ വന്നത് പ്രേക്ഷകരുടെ ആവേശഭരിതമായ നൂറ് കണക്കിന് കമന്റുകളാണ്.

LET’S BREAK IT TOGETHER – ൽ ഇന്നലെ നടന്ന പരിപാടി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പീറ്റർ ചേരാനല്ലൂരിന്റെ സംഗീതത്തിൽ കെ.ജി. മാർക്കോസ് പാടി എക്കാലത്തേയും സൂപ്പർ ഹിറ്റ് ക്രിസ്ത്യൻ ഭക്തി ഗാനം ” ഇസ്രായേലിൻ നാഥനായ്” പാടി തുടങ്ങിയ ഷോയിൽ കുട്ടികൾ അടുത്തതായി പാടിയത് ജെഫ് ബക്ക്‌ലി 1994 ൽ ഗ്രെയ്സ് എന്ന ആൽബത്തിന് വേണ്ടി പാടിയ “ഹല്ലേലൂയ്യ” എന്ന സൂപ്പർ ഹിറ്റ് ഗാനമാണ്.ഇസ്രയേൽ കമാക്ക വിവോലോലെയുടെ പ്രശസ്ത ഗാനം “ഓവർ ദി റയിൻബോ” കുട്ടികൾ നാല് പേരും ചേർന്ന് ഏറെ മനോഹാരിതയോടെ വായിച്ചതിനെ തുടർന്ന് മലയാളത്തിലെ പ്രശസ്തമായ “ആയിരം കണ്ണുമായ്” എന്ന ഗാനം റോസ് മേരി ഫ്ളൂട്ടിൽ ശ്രുതിമധുരമായി വായിച്ചു.”മൈ ഹാർട്ട് വിൽ ഗോ ഓൺ” എന്ന ടൈറ്റാനിക് ഗാനം, എഡ് ഷീരന്റെ ” പെർഫെക്ട്”, ജെയിംസ് കിൽബേൻ ഹാർട്ട് റ്റു ഹാർട്ട് എന്ന ആൽബത്തിൽ പാടിയ ” ആസ് ഐ നീൽ ബിഫോർ യു” എന്നീ അതിപ്രശസ്ത ഗാനങ്ങളാണ് കുട്ടികൾ തുടർന്ന് വായിച്ചത്. പ്രേക്ഷകരുടെ മുക്തകണ്ഠമായ  പ്രശംസകൾ ഏറ്റ് വാങ്ങി മുന്നേറിയ ഷോയിൽ “ആൾ ഓഫ് മീ” എന്ന ഗാനമാണ് കുട്ടികൾ തുടർന്ന് വായിച്ചത്.

 
റോസ് മേരി ഫ്ളൂട്ടിൽ സോളോ വായിച്ച “കണ്ണാന കണ്ണേ” എന്ന തമിഴ് സൂപ്പർ ഹിറ്റ് ഗാനം പ്രേക്ഷകർ ഏറെ ആസ്വദിച്ചു. “ഓൺ ഈഗിൾസ് വിംഗ്സ്” (Psalms 91) എന്ന മൈക്കിൾ ജോൺകാസ് ഗാനം, ലൂയിസ് കപ്പാർഡിക്ക് 2019 ലെ ബ്രിട്ട് അവാർഡ് ഫോർ സോങ് ഓഫ് ദ ഇയർ നേടിക്കൊടുത്ത “സം വൺ യു ലവ്ഡ്”, ഇമാജിൻ ഡ്രാഗൺസിന്റെ “ബിലീവർ”, ലൂയിസ് ഫോൺസിയുടെ  വിദ എന്ന ആൽബത്തിലെ “ഡെസ്പസീറ്റോ” എന്നീ ഗാനങ്ങളുമായി കുട്ടികൾ നിറഞ്ഞാടിയപ്പോൾ യുക്മ സാംസ്കാരിക വേദി ലൈവ് ഷോ “Let’s Break It Together” ൽ ഒരു പുതു ചരിത്രം രചിക്കപ്പെടുകയായിരുന്നു.ദേശഭക്തരുടെ എക്കാലത്തേയും ആവേശമായ  “വന്ദേമാതരം” പാടി ഷോ അവസാനിപ്പിക്കുമ്പോൾ ഷോ വളരെ വേഗം തീർന്നുവെന്ന പരിഭവത്തിലായിരുന്നു പ്രേക്ഷകർ.


“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, ലൈവിൽ വന്ന തെരേസ, ജോർജ്ജ്, ലിസ് മരിയ സഹോദരങ്ങളുടെ മാതാപിതാക്കൾ മാത്യു ജോർജ്ജും മരിയ മാത്തച്ചനും റോസ് മേരിയുടെ മാതാപിതാക്കളായ ബെന്നി ജേക്കബ്ബും സെല്ലി ബെന്നിയും കുട്ടികൾക്ക് വേണ്ടി ഇതു പോലൊരു ലൈവ് ഷോ ഒരുക്കിയതിന് നന്ദി പറയുകയും കുട്ടികളെ പ്രോൽസാഹിപ്പിക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും  ചെയ്തു.

 പഠനത്തോടൊപ്പം കലാ പരിപാടികളിലും ഒരു പോലെ താല്പര്യവും കഴിവും പ്രകടിപ്പിക്കുന്ന തെരേസ, ജോർജ്ജ്, ലിസ് മരിയ, റോസ് മേരി എന്നിവർക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 30/07/2020 വ്യാഴം വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.


കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.

 
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more