1 GBP = 103.92
breaking news

സംഗീതത്തിന്റെ വിസ്മയ വേദിയായ “Let’s Break It Together” ൽ ആലാപന സൌന്ദര്യത്തിന്റെ ആകാശ ദീപങ്ങളായി പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ച് ടെസ്സയും മെലീസ്സയും ജെൻസണും ജെസ്നയും …..

സംഗീതത്തിന്റെ വിസ്മയ വേദിയായ “Let’s Break It Together” ൽ ആലാപന സൌന്ദര്യത്തിന്റെ ആകാശ ദീപങ്ങളായി പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ച് ടെസ്സയും മെലീസ്സയും ജെൻസണും ജെസ്നയും …..

കുര്യൻ ജോർജ്ജ്

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ  ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയ കേംബ്രിഡ്ജിൽ നിന്നുള്ള ടെസ്സ സൂസൻ ജോണും മെലീസ്സ റോസ് ജോണും റെഡ്ഡിങ്ങിൽ നിന്നുള്ള ജെൻസൺ ജെറിയും ജെസ്ന മരിയ ജെറിയും ചേർന്നൊരുക്കിയത് രാഗവർണ്ണങ്ങളുടെ ഏഴഴക്. മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ളീഷ് ഭാഷകളിലെ ഒരു പിടി മനോഹര ഗാനങ്ങൾ കുട്ടികൾ പാടിയത് പ്രേക്ഷകർ  ഹൃദയങ്ങളിൽ ഏറ്റുവാങ്ങി. “Let’s Break It Together” ഷോയിൽ ഇതാദ്യമായി വീണയിൽ പെർഫോം ചെയ്ത് ടെസ്സ പ്രേക്ഷകരെ അമ്പരപ്പിച്ചപ്പോൾ കീബോർഡ് വായിച്ചും പാടിയും മെലീസ്സ പ്രേക്ഷകരുടെ ഓമനയായി മാറി. ഗിറ്റാറിലെ അതി മനോഹര പ്രകടനത്തിലൂടെ ജെൻസണും ആലാപന മികവിലൂടെ ജെസ്നയും പ്രേക്ഷകരുടെ പ്രശംസകൾ ഏറ്റ് വാങ്ങി.


“സ്വർഗ്ഗസ്ഥനായ പിതാവേ”  എന്ന പ്രാർത്ഥനാ ഗാനം വളരെ ഭംഗിയായി ആലപിച്ച് കൊണ്ട് ജെസ്ന ലൈവ് തുടങ്ങിയതിനെ തുടർന്ന് കുട്ടികളുടെ ഇഷ്ട ഗാനമായ  “തുമ്പീ വാ തുമ്പക്കുടത്തിൻ” ഗിറ്റാറിൽ മനോഹരമായി വായിച്ച് ജെൻസൺ ലൈവിലെത്തി. “മലർഗളേ” എന്ന സൂപ്പർ ഹിറ്റ് തമിഴ് ഗാനം ഭാവ സാന്ദ്രമായി ടെസ്സ പാടിയപ്പോൾ “സംവൺ യു ലവ്ഡ്” എന്ന ഇംഗ്ളീഷ് ഗാനം കൊച്ച്മെലീസ്സ വളരെ ഭംഗിയായി  കീബോർഡിൽ വായിക്കുകയും ടെസ്സയും ജെസ്നയും കൂട്ടത്തിൽ പാടുകയും ചെയ്തു. തന്റെ ആലാപന ഭംഗി മുഴുവൻ തെളിയിക്കുന്ന വിധത്തിൽ ജെസ്ന പാടിയ “വെണ്ണിലാ ചന്ദനക്കിണ്ണം” എന്ന പാട്ടിന് ശേഷം ജെസ്ന പാടുകയും ജെൻസൺ ഗിറ്റാറിൽ വായിക്കുകയും ചെയ്ത “മൈ ഹാർട്ട് വിൽ ഗോ ഓൺ” എന്ന വിശ്വ പ്രസിദ്ധമായ ടൈറ്റാനിക്കിലെ ഗാനം ആസ്വാദകർ ഹർഷാരവങ്ങളോടെ ഏറ്റ് വാങ്ങി.

 
വാദ്യ സംഗീതത്തിന് പ്രാധാന്യം നൽകുന്ന “Let’s Break It Together”ൽ ഇതാദ്യമായി വീണയിൽ പെർഫോം ചെയ്യാനെത്തിയ ടെസ്സ “വാതിൽക്കലെ വെള്ളരിപ്രാവ്” എന്ന സൂപ്പർ ഹിറ്റ് ഗാനം ശ്രുതി മധുരമായി വായിച്ചത് അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ അമ്പരപ്പിച്ചു. ഒരു ഗായികയെന്ന നിലയിൽ യു കെ മലയാളികൾക്ക് സുപരിചിതയായ ടെസ്സ, വീണ, കീബോർഡ് എന്നീ സംഗീതോപകരണങ്ങളിലെ തന്റെ മികവ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ലൈവായിരുന്നു ഇന്നലെ നടന്നത്. “മൊറാക്ക മട്റാക്കാ” എന്ന അടിപൊളി കുട്ടിപാട്ടുമായി എത്തിയ മെലീസ്സ പ്രേക്ഷകരെ ഹരം പിടിപ്പിച്ചപ്പോൾ, ക്രിസ്ത്യൻ ഭക്തി ഗാനശാഖയിലെ എക്കാലത്തേയും സൂപ്പർ ഹിറ്റുകളിലൊന്നായ “ഇസ്രായേലിൻ നാഥനായ്” ഗിറ്റാറിൽ വായിച്ച ജെൻസൺ താനൊരു പ്രഫഷണൽ ഗിറ്റാറിസ്റ്റായി മാറിക്കഴിഞ്ഞുവെന്ന് തെളിയിച്ചു. “സംജവാര ഗമന” എന്ന മനോഹര തെലുങ്ക് ഗാനവുമായി എത്തിയ ടെസ്സ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചപ്പോൾ “ബിലീവർ” എന്ന ഇംഗ്ളീഷ് ഗാനവുമായി എത്തിയ ജെസ്ന ആസ്വാദകരെ ആഹ്ളാദചിത്തരാക്കി. ഏറെ പ്രശസ്തമായ “മൌന സരോവരമാകെയുണർന്ന്” ടെസ്സ തന്റെ മധുര ശബ്ദത്തിൽ പാടിയതിനെ തുടർന്ന് ജെൻസൺ ഗിറ്റാറിൽ വായിച്ച “ആടി വാ കാറ്റേ പാടി വാ കാറ്റേ” എന്ന ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. മലയാളം ഹിറ്റ് ചാർട്ടുകളിലെ സ്ഥിര സാന്നിദ്ധ്യമായ “പിന്നെയും പിന്നെയും ആരോ കിനാവിന്റെ” എന്ന ഗാനം ഏറെ നന്നായി ജെസ്ന പാടിയതിനെ തുടർന്ന്, ജോൺ ലെന്നന്റെ “ഇമാജിൻ” എന്ന പ്രശസ്ത ഗാനം കീബോർഡിൽ വായിച്ച് പാടിയ ടെസ്സ ഒന്നര മണിക്കൂറോളം നീണ്ട് നിന്ന ഷോ  അവസാനിപ്പിച്ചു. ഷോ പ്രേക്ഷകർക്ക് എത്രമാത്രം ആസ്വാദ്യകരമായിരുന്നു എന്നതിന്റെ തെളിവായി മാറി ലൈവിൽ വന്ന കമന്റുകൾ.


സംഗീതത്തെ ഹൃദയ താളം പോലെ കരുതുന്ന ഈ കുരുന്ന് പ്രതിഭകളുടെ  പ്രകടനം ഇതിനോടകം ആയിരക്കണക്കിന് പ്രേക്ഷകർ കണ്ടു കഴിഞ്ഞു. “LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, ഷോയുടെ അവസാനം ലൈവിൽ വന്ന മാതാപിതാക്കൾ  കുട്ടികൾക്കായി ഇത് പോലൊരു വേദി ഒരുക്കി കുട്ടികളുടെ കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം യു കെ യിലെ ഇൻഡ്യൻ സമൂഹത്തിനും പ്രത്യേകിച്ച് മലയാളികൾക്കായി യുക്മ നടത്തുന്ന സാമൂഹിക, സാംസ്കാരിക സംരഭങ്ങളെ അഭിനന്ദിക്കുകയും യുക്മയ്ക്കും യുക്മ സാംസ്കാരിക വേദിക്കും നന്ദി അറിയിക്കുകയും ചെയ്തു.

പഠനത്തിലും സംഗീതത്തിലും ഒരുപോലെ മികവ് തെളിയിച്ച് മുന്നേറുന്ന ടെസ്സ, മെലീസ്സ, ജെൻസൺ, ജെസ്ന എന്നീ കൌമാര പ്രതിഭകൾക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

ടെസ്സയും സംഘവും “Let’s Break It Together” ൽ അവതരിപ്പിച്ച പരിപാടി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 25/08/2020 ചൊവ്വ വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.


കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 


എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 


യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more