1 GBP = 104.19

നിലപാടുകള്‍ ആവര്‍ത്തിച്ച് കാരാട്ടും യെച്ചൂരിയും നേര്‍ക്കുനേര്‍

നിലപാടുകള്‍ ആവര്‍ത്തിച്ച് കാരാട്ടും യെച്ചൂരിയും നേര്‍ക്കുനേര്‍

ഹൈദരാബാദ്: പാര്‍ട്ടികോണ്‍ഗ്രസില്‍ സ്വന്തം നിലപാടുകള്‍ക്കുവേണ്ടി ശക്തമായി വാദിച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നേര്‍ക്കുനേര്‍. കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരടുപ്രമേയം ആദ്യം കാരാട്ട് അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി വോട്ടിനിട്ടു തള്ളിയ ന്യൂനപക്ഷ കാഴ്ചപ്പാട് യെച്ചൂരിയും അവതരിപ്പിച്ചു. ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചുനിന്നതോടെ വോട്ടെടുപ്പിനുള്ള സാധ്യത കൂടി. ബുധനാഴ്ചയാണ് സി.പി.എമ്മിന്റെ 22-ാമത് പാര്‍ട്ടികോണ്‍ഗ്രസിന് ഹൈദരാബാദിലെ മൊഹമ്മദ് അമീന്‍ നഗറില്‍ തുടക്കമായത്. ബി.ജെ.പി.യെ അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിനുള്ള വാതില്‍ കൊട്ടിയടയ്ക്കരുതെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അതേസമയം, ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസുമായി ഒരു വിധത്തിലും കൈകോര്‍ക്കരുതെന്ന് കാരാട്ട് വാദിച്ചു. രാഷ്ട്രീയ അടവുനയവും തിരഞ്ഞെടുപ്പ് അടവുനയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഐക്യത്തിന് ഇടതുപക്ഷം മുന്‍കൈയെടുക്കണമെന്നായിരുന്നു യെച്ചൂരിയുടെ വാദം. ”കോണ്‍ഗ്രസിന്റെ വര്‍ഗ സ്വഭാവത്തെക്കുറിച്ച് നമുക്ക് നന്നായിട്ടറിയാം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് വാദിച്ചിട്ടില്ല.

എന്നാല്‍, കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന രാഷ്ട്രീയസമീപനം സ്വീകരിച്ചാല്‍ അതു തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തെ ബാധിക്കും. ദേശീയതലത്തില്‍ ബി.ജെ.പി.കരുത്താര്‍ജിച്ചു കഴിഞ്ഞു. ഇടതുപക്ഷത്തിന് ശക്തിയുള്ള കേരളത്തിലും ബംഗാളിലുമൊക്കെ ബി.ജെ.പി.യും ആര്‍.എസ്.എസും നടത്തുന്ന അക്രമങ്ങള്‍ നാം തിരിച്ചറിയണം” -യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി ഒരു സഹകരണവും വേണ്ടെന്നു നിലപാടെടുത്താല്‍ കര്‍ണാടക, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ വികാരം പ്രകടിപ്പിക്കുന്നതാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരടുപ്രമേയമെന്ന് കാരാട്ട് വാദിച്ചു. പാര്‍ട്ടിയിലെ ന്യൂനപക്ഷത്തിന്റെ നിലപാടാണ് യെച്ചൂരി പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റിയിലാണ് ന്യൂനപക്ഷമെന്നും പാര്‍ട്ടി കോണ്‍ഗ്രസാണ് പരമോന്നത സമിതിയെന്നും യെച്ചൂരി തിരിച്ചടിച്ചു.

കരടുപ്രമേയത്തില്‍ എല്ലാ മാറ്റവും വരുത്താനുള്ള അധികാരം പാര്‍ട്ടി കോണ്‍ഗ്രസിനുണ്ട്. ദേശീയരാഷ്ട്രീയത്തില്‍ മുഖ്യ ഭീഷണിയായ ബി.ജെ.പി.യെ അധികാരത്തില്‍ നിന്നു താഴെയിറക്കാനുള്ള രാഷ്ടീയസമീപനം പാര്‍ട്ടി കോണ്‍ഗ്രസ് കൈകൊള്ളണം. അതിനു നിലവിലെ പ്രമേയത്തില്‍ ഭേദഗതി വരുത്തണം -അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയനിലപാടില്‍ ഭാവിയില്‍ ഖേദിക്കേണ്ട സ്ഥിതിയുണ്ടാവരുതെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. കാരാട്ട് പക്ഷത്തിനൊപ്പം അടിയുറച്ചുനില്‍ക്കുന്ന കേരള ഘടകത്തെക്കൂടി സ്വാധീനിക്കുന്ന വിധത്തില്‍ ലളിതവും ദീര്‍ഘവീക്ഷണത്തോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ അവതരണം.

താന്‍ കോണ്‍ഗ്രസ് അനുകൂലിയല്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി. അത്തരമൊരു പ്രചാരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.ക്കെതിരേയുള്ള പോരാട്ടത്തില്‍ പാര്‍ട്ടി നിലപാടെന്ത് എന്നതിന് ഉത്തരം വേണം. ധാരണപോലും വേണ്ടെന്ന് അടവുനയത്തില്‍ എഴുതിവെച്ചിട്ട് പിന്നോട്ടുപോകാന്‍ കഴിയില്ല. കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്നു എഴുതിവെയ്‌ക്കേക്കേണ്ടതില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ യോജിപ്പുണ്ടാവണം. പാര്‍ട്ടി ഒറ്റക്കെട്ടായ നിലപാടെടുക്കണം -അദ്ദേഹം അഭ്യര്‍ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more