1 GBP = 103.68
breaking news

ശ്രീകോവിലിൽ മഹാദേവനെ പൂജിച്ച് യദുകൃഷ്ണൻ ചരിത്രം കുറിച്ചു

ശ്രീകോവിലിൽ മഹാദേവനെ പൂജിച്ച് യദുകൃഷ്ണൻ ചരിത്രം കുറിച്ചു

തിരുവല്ല: ജാതിവ്യവസ്ഥയുടെ മതിൽക്കെട്ടുകൾ ഭേദിച്ച് തുറന്ന ശ്രീകോവിലിൽ മഹാദേവനെ പൂജിച്ച് യദുകൃഷ്ണൻ ചരിത്രം കുറിച്ചു. അബ്രാഹ്മണ ശാന്തിയായ യദുകൃഷ്ണന്റെ കാർമ്മികത്വത്തിലായിരുന്നു തിരുവല്ല വളഞ്ഞവട്ടം മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ഇന്നലെ പൂജ. ദേവസ്വംബോർഡ് നിയമിച്ച ആദ്യത്തെ പട്ടികജാതിക്കാരനായ ശാന്തിയാണ് യദുകൃഷ്ണൻ.
ഇന്നലെ രാവിലെ 9.30യോടെ താക്കോൽ കൈമാറിയതോടെ യദുകൃഷ്ണൻ ചുമതലയേറ്റെടുത്തു. യദുകൃഷ്ണനോടൊപ്പം സഹപാഠികളും എത്തിയിരുന്നു. ക്ഷേത്രോപദേശക സമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തിൽ പുതിയ ശാന്തിക്ക് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്. ഹാരമണിയിച്ച് പൂർണകുംഭം നൽകി ക്ഷേത്രത്തിലേക്ക്‌ ആനയിച്ചു. തുടർന്ന് ഗുരു കെ.കെ. അനിരുദ്ധൻ തന്ത്രിയുടെ അനുഗ്രഹം വാങ്ങി ശിവപൂജയ്ക്കായി ശ്രീകോവിലിലേക്ക് പ്രവേശിച്ചു.

പുലയ സമുദായത്തിൽ ജനിച്ച് താന്ത്രിക വിദ്യകൾ അഭ്യസിച്ച യദുകൃഷ്ണൻ തൃശൂർ ജില്ലയിലെ കൊരട്ടി നാലുകെട്ടിൽ പുലിക്കുന്നത്ത് പി.കെ. രവിയുടെയും ലീലയുടെയും മകനാണ്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയിൽ നാലാം റാങ്കുകാരനാണ് ഈ 22കാരൻ. കൊടുങ്ങല്ലൂർ വിദ്വൽപീഠത്തിൽ സംസ്‌കൃതം എം.എ അവസാന വർഷ വിദ്യാർത്ഥിയാണ്.

പുരാതനമായ മണപ്പുറം ശിവക്ഷേത്രത്തിൽ സാധകനാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് യദുകൃഷ്ണൻ പറഞ്ഞു. ഭക്തജനങ്ങളുടെ ഇത്രയുംവലിയ സ്വീകരണം പ്രതീക്ഷിച്ചില്ല. വളരെ സന്തോഷമുണ്ട്. എല്ലാവരോടും നന്ദി.
പമ്പയുടെയും മണിമലയുടെയും സംഗമസ്ഥലമായ വളഞ്ഞവട്ടം കീച്ചേരിവാൽക്കടവിലാണ് മണപ്പുറം ശിവക്ഷേത്രഭൂമി. കാടുമൂടിക്കിടന്ന സ്ഥലത്ത് ഒന്നരനൂറ്റാണ്ട് മുൻപ് വിഗ്രഹം തെളിഞ്ഞുവന്നതിനെ തുടർന്ന് പുനഃപ്രതിഷ്ഠ നടത്തി ക്ഷേത്രം നിർമ്മിക്കുകയായിരുന്നു. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ മുമ്പ് ഒരുനേരം മാത്രമായിരുന്നു പൂജ. എന്നാൽ ഒരു പതിറ്റാണ്ടിലേറെയായി രണ്ടുനേരവും പൂജയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more