1 GBP = 104.19
breaking news

മനുഷ്യ മനസുകളില്‍ യേശുക്രിസ്തു പുനര്‍ജനിക്കട്ടെ …

മനുഷ്യ മനസുകളില്‍ യേശുക്രിസ്തു പുനര്‍ജനിക്കട്ടെ …

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി വീണ്ടും ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു.മഞ്ഞിന്റെ മേലങ്കിയണിഞ്ഞ സുന്ദര രാവുകളിലെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം ലോകരക്ഷകന്‍ ഭൂവില്‍ അവതരിച്ചതിന്റെ ഓര്‍മ പുതുക്കല്‍ ആണല്ലോ ക്രിസ്മസ്.അനശ്വര സത്യവും വെളിച്ചവുമായ ദൈവത്തെ ആത്മാവില്‍ അറിയാനും അനുഭവിക്കുവാനും അനുസരിക്കാനും ഭാഗ്യം ലഭിച്ച മനുഷ്യന്‍ ദൈവത്തില്‍ നിന്നകന്ന് സ്വന്തം ഇഛാശക്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും അഹങ്കാരത്തിന്റെയും പുറകെ പോയപ്പോള്‍ അവനെ വീണ്ടും തന്നിലേക്ക് അടുപ്പിക്കുവാന്‍
ദൈവം യേശു ക്രിസ്തുവിലൂടെ ഭൂമിയില്‍ അവതരിച്ചു.

ദൈവം എന്ന ശാശ്വത പ്രകാശത്തിലേക്ക് അവനെ തിരികെ അടുപ്പിക്കാന്‍ അവിടുന്ന് തന്നെ തിരുമനസ് കാണിച്ചു.. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ആതായത് ദൈവം തന്നെ ഒരു മനുഷ്യനായി ജന്മമെടുത്തു.

‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം’
‘ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ് വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു .ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ഇന്ന് ജനിച്ചിരിക്കുന്നു.’

രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ഒഴുകിയെത്തിയ ഈ ദിവ്യസന്ദേശത്തിന് കാലിക പ്രസക്തി ഏറെയാണ്.യുദ്ധങ്ങളുടെയും കലാപങ്ങളുടെയും പട്ടിണിയുടെയും പാലായനങ്ങളുടെയും അരാജകത്വത്തിന്റെയും വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുമ്പോള്‍ അസമാധാനം എങ്ങും കൊടികുത്തി വാഴുമ്പോള്‍ യഥാര്‍ത്ഥത്തില്‍ രക്ഷകന്റെ രണ്ടാം വരവിനായി ലോകം കാതോര്‍ക്കുകയാണ്.

നക്ഷത്ര വിലക്കുകളും ദീപാലങ്കാരങ്ങളും സമ്മാനപ്പൊതികളുമായി ലോകം ക്രിസ്മസ് ആഘോഷമായി കൊണ്ടാടുമ്പോള്‍ ഇതൊന്നും അനുഭവിക്കാന്‍ യോഗമില്ലാതെ മരം കോച്ചുന്ന തണുപ്പില്‍ ഉടുതുണിക്ക് മറു തുണി ഇല്ലാതെ മരുഭൂമിയിലെ അഭയാര്‍ഥി ക്യാമ്പുകളിലും യുദ്ധഭൂമിയിലും തീവ്രവാദികളുടെ തടങ്കലിലും കഴിയുന്ന ഒരു ജനത ഇവിടെയുണ്ടെന്ന കാര്യം നാം വിസ്മരിക്കരുത്.അവരും നമ്മുടെ സഹോദരങ്ങള്‍ ആണ്.നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ലോകരക്ഷകന്റെ തിരുപ്പിറവി ആഘോഷം അന്വര്‍ത്ഥമാകണമെങ്കില്‍
സഹജീവികളുടെ സങ്കടങ്ങളില്‍ പങ്കു ചേരുവാന്‍ അവരെ നമ്മളാല്‍ ആവും വിധം സഹായിക്കുവാന്‍ നമുക്ക് കഴിയണം.നമ്മുടെ മനസുകളില്‍ ക്രിസ്തു പുനര്‍ജനിക്കണം.

എല്ലാ മാന്യ വായനക്കാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.

ക്രിസ്മസ് അവധി ആയതിനാല്‍ യുക്മ ന്യൂസിന്‍റെ പൂര്‍ണ തോതിലുള്ള അപ്ഡേഷന്‍ ഇന്ന് ഉണ്ടായിരിക്കുന്നതല്ല

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more