1 GBP =
breaking news

പ്രത്യാശ പകരുന്ന തിരുജനനനം

പ്രത്യാശ പകരുന്ന തിരുജനനനം

ഫാ.തോമസ് മടുക്കമൂട്ടിൽ (സീറോ മലങ്കര സഭയുടെ യുകെ കോഡിനേറ്റർ)

തിരുപ്പിറവിയുടെ നന്മ നിറഞ്ഞ ആശംസകൾ! കാലിത്തൊഴുത്തിന്റെ ലാളിത്യത്തിൽ പിറന്ന ലോകരക്ഷകൻ നൽകുന്ന സന്തോഷവും സമാധാനവും എല്ലാവർക്കും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സകല അജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ് വാർത്തയാണ് യേശുക്രിസ്തുവിന്റെ ജനനം. 2000 വർഷങ്ങൾക്കപ്പുറം ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ യേശുക്രിസ്തു പിറന്നു. കാലാകാലങ്ങളിലായി മനുഷ്യരാശി സന്തോഷപൂർവ്വം അനുസ്മരിക്കുന്ന യാഥാർഥ്യം ക്രിസ്തുമസ് എന്നും നിരവധി കാര്യങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. നാം ഓരോരുത്തരും ഓർത്തിരിക്കേണ്ടതും ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതുമായ കാര്യങ്ങൾ!

അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനത്തിന് ലഭിച്ച പ്രകാശമായിരുന്നു യേശുവിന്റെ ജനനം. ദൈവത്തിൽ നിന്നും അകന്നുപോയ മനുഷ്യന് നേർവഴികാട്ടിയ പ്രകാശം. അതു പോലെ പ്രത്യാശ നഷ്ടപ്പെട്ട സാധാരണ ജനത്തിന് പ്രത്യാശയും പകർന്നു നൽകി തിരുജനനനം. തന്റെ പരസ്യ ജീവിതത്തിലൂടെ പ്രത്യാശയുടെ അനുഭവം സകല മനുഷ്യർക്കും യേശു പകർന്നു നൽകി. സമൂഹത്തിൽ അവഗണിക്കപ്പെട്ടവർക്കും ഒറ്റപ്പെട്ടവർക്കും താങ്ങും തണലുമായി യേശു കടന്നു ചെന്ന്‌ പാപികളെന്ന പേരിൽ മുദ്ര കുത്തപ്പെട്ട് സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് മാറ്റിനിർത്തിയവരെ മാനസാന്തരത്തിന്റെ വഴിയിലേക്ക് ആനയിച്ച് ദൈവമക്കളാക്കി . രോഗികളായവർക്ക് സൗഖ്യം നൽകി, വിശക്കുന്നവർക്ക് യേശു അപ്പമായി മാറി. ഇവയെല്ലാം ക്രിസ്തുമസ് ഓർമ്മപ്പെടുത്തുന്നു.
സമാധാനത്തിന്റെ സദ് വാർത്തയായിരുന്നു ക്രിസ്തുവിന്റെ ജനനം. മാലാഖമാരുടെ സ്തുതി ഗീതം ഇതാണ് വ്യക്തമാക്കിയത്. അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം.” (ലൂക്കോ 2:14 ). അക്രമവും അനീതിയും സ്നേഹരാഹിത്യവും നിറഞ്ഞു നിൽക്കുന്ന ഈ കാലയളവ് നമ്മെ ഭയപ്പെടുത്തുന്നു. അസമാധാനം എവിടെയും നിറഞ്ഞു നിൽക്കുന്നു. അസമാധാനത്തിലൂടെ കടന്നു പോകുന്ന കുടുംബ ജീവിതവും സമൂഹ ജീവിതവും വേദന നിറഞ്ഞ യാഥാർത്ഥ്യങ്ങളാണ്. ഇവയെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളും വെല്ലുവിളികളുമായി നിലകൊള്ളുന്നു. ഇവിടെയാണ് തിരുപ്പിറവിയുടെ പ്രസക്തി. ഈ യാഥാർത്ഥ്യങ്ങളിലേക്ക് കടന്നുവരാൻ യേശു ആഗ്രഹിക്കുന്നു. യേശുവിന്റെ സാന്നിധ്യത്തിന് ഇവിടെയെല്ലാം മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും. അതിന് യേശുവിനെ നാം സ്വീകരിക്കണം. യേശുക്രിസ്തുവിനെ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് വരവേൽക്കുവാനുള്ള അവസരമാണ് ക്രിസ്തുമസ്. ആട്ടിടയന്മാരും പ്രജാ രാജാക്കന്മാരും വരവേറ്റത് പോലെ യേശുവിനെ നമുക്കും വരവേൽക്കാം. അതിലൂടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഉടമകളാകാം.

ക്രിസ്തുമസ് സ്നേഹത്തിന്റെ തിരുന്നാളും കൂടിയാണ്. പിതാവായ ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമായിരുന്നു തിരുജനനത്തിലൂടെ വ്യക്തമായത്. യേശുക്രിസ്തു ഈ ലോകത്തിലേക്ക് കടന്നുവന്നതും സ്നേഹത്തിന്റെ വലിയ സന്ദേശമായിട്ടായിരുന്നു. എല്ലാവരെയും സ്നേഹിച്ചു; ഏറ്റവും വലിയ കല്പന സ്നേഹമാണെന്നു പഠിപ്പിച്ചു; ശത്രുക്കളെ സ്നേഹിച്ചു; കാൽവരി കുന്നിൽ അത് വ്യക്തമാക്കി തന്നു. അടുത്തു വന്ന എല്ലാവർക്കും സ്നേഹത്തിന്റെ അനുഭവം നൽകി. ചുരുക്കത്തിൽ ക്രിസ്തുമസിന്റെ ഏറ്റവും വലിയ സന്ദേശവും സ്നേഹിക്കുവാനുള്ള ആഹ്വാനമാണ്. ഇതൊരു വെല്ലുവിളിയാണ്. 2017 ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ എല്ലാവർക്കും സ്നേഹം പകർന്നു നൽകുവാനുള്ള തീരുമാനം എടുക്കാം. എല്ലാവരും ആഗ്രഹിക്കുന്നു സ്നേഹം ലഭിക്കുവാൻ. പക്ഷെ ആത്മാർത്ഥമായ സ്നേഹം കൊടുക്കുവാൻ മടിക്കുന്നു. സ്വാർത്ഥതയുടെ പര്യായങ്ങളായി പലപ്പോഴും നമ്മുടെ സ്നേഹപ്രവർത്തികൾ മാറുന്നു. അത് കൊണ്ട് തന്നെ നമ്മുടെ ഇടയിൽ അസ്വസ്ഥതകളും അഭിപ്രായ ഭിന്നതകളും അസമാധാനവും എന്നും നിലനിൽക്കുന്നു. എല്ലാവർക്കും സ്നേഹം പകർന്നു നൽകുന്ന മെഷ്യരാകു. വി. മദർ തെരേസ പറഞ്ഞത് പോലെ “കുഷ്ഠ രോഗിയിലും ദരിദ്രനിലും യേശുവിനെ ഞാൻ കാണുന്നു. അവന്റെ കണ്ണുകളിൽ യേശുവിനെ ഞാൻ കാണുന്നു.” ചുറ്റുപാടുകളിലും നമ്മുടെ ഭവനത്തിലുമുള്ള എല്ലാവരിലും ക്രിസ്തുവിനെ ദർശിക്കാം. അതിലൂടെ യേശുവിന്റെ കല്പന, – സ്നേഹത്തിന്റെ കല്പന പ്രാവർത്തികമാക്കാം.
എല്ലാവർക്കും അനുഗ്രഹപൂർണ്ണമായ ക്രിസ്തുമസും സമൃദ്ധി നിറഞ്ഞ പുതുവത്സരവും ആശംസിക്കുന്നു. സമാധാനത്തിന്റെ സന്തോഷത്തിന്റെ ദിനങ്ങൾക്കായി ആഗ്രഹിക്കാം, പ്രവർത്തിക്കാം. …

Post Your Comments Here ( Click here for malayalam )

Press Esc to close
show more