1 GBP = 103.69
breaking news

ലോകം ഖത്തറിലേക്ക് ചുരുങ്ങുന്നു; ലോകകപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്

ലോകം ഖത്തറിലേക്ക് ചുരുങ്ങുന്നു; ലോകകപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്

അൽബെയ്ത്തിന്റെ പുൽനാമ്പുകൾ വിശ്വമേളയുടെ പദചലനങ്ങളിലമരാൻ മണിക്കൂറുകൾ മാത്രം. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് അൽഖോറിലെ കളിത്തട്ടിൽ നാലാണ്ടിന്റെ കാത്തിരിപ്പിന് ഒടുക്കമാകും. കാൽപന്തുകളിയുടെ മഹാപോരാട്ടങ്ങൾക്ക് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ആതിഥേയരായ ഖത്തറും തെക്കനമേരിക്കൻ കളിക്കൂട്ടമായ എക്വഡോറും അൽബെയ്ത്തിന്റെ വിഭിന്ന ധ്രുവങ്ങളിൽനിന്ന് നേർക്കുനേർ അങ്കത്തിനിറങ്ങും.

ബർസാൻ ടവറിന്റെ ഔന്നത്യത്തിൽനിന്ന് ഖത്തർ ലോകത്തെ ഉറ്റുനോക്കുകയാണ്. ഇത് കളിയുടെ വീരചരിതങ്ങളിലേക്ക് നീട്ടിയെറിഞ്ഞൊരു ത്രൂപാസ്. ടാക്ലിങ്ങിന്റെ പരുക്കൻ അടവുകളുമായി തടയാനെത്തിയവരുടെ കുതന്ത്രങ്ങളെ ഇച്ഛാശക്തിയിൽ കൊരുത്ത ഡ്രിബ്ലിങ്ങിലൂടെ വെട്ടിയൊഴിഞ്ഞു നേടിയ വിജയം. 

പടിഞ്ഞാറിന്റെ പ്രതിരോധ നീക്കങ്ങൾ മുനയൊടിഞ്ഞു തേഞ്ഞുപോയ ഗോൾമുഖത്ത് ഖത്തർ തുരുതുരാ ഗോളടിച്ചുകൊണ്ടിരിക്കുന്നു. സെക്രീതും അൽ റകയാത്തുമൊക്കെ കോട്ടകെട്ടിയ നാടിന്റെ ചങ്കുറപ്പിനുമുന്നിൽ അതു യാഥാർഥ്യമായി പുലരുകയാണ്. പന്തുകളിയുടെ മഹാപുണ്യമായി വീണ്ടുമൊരു ലോകകപ്പ്. ചരിത്രത്തിലെ 22ാം പെരുങ്കളിയാട്ടത്തിന്റെ തിരയിളക്കത്തിൽ അറേബ്യൻ ഉൾക്കടലിന്റെ തീരം ബഹുമാനിതരാവുന്നു. 

മലയാളികൾ ഉൾപ്പെടെ ഈ മണ്ണിൽ അധിവസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ആരവങ്ങളും ഈ ലോകകപ്പിന്റെ കരുത്താവുകയാണ്. തീരവും മരുഭൂവുമൊന്നാവുന്ന സീലൈനിൽനിന്ന് കാഴ്ചകൾ ഗോൾലൈനിലേക്ക് കൂടുമാറുന്നു. കോർണിഷിൽനിന്ന് ലക്ഷണമൊത്ത കോർണർ കിക്കുകൾപോലെ ആവേശം കളിമുറ്റങ്ങളിലേക്ക് ഏങ്കോണിച്ചിറങ്ങുകയാണ്. ആരവങ്ങൾക്ക് ചൂട്ടുപിടിച്ച് വാഖിഫും വക്രയും കതാറയുമടക്കമുള്ള ചേതോഹര തെരുവുകൾ. പെനിൻസുലയുടെ പുൽമേട്ടിൽ പെനാൽറ്റി സ്പോട്ടുകൾ പന്തിന്റെ മൃദുസ്പർശം കാത്തുകിടക്കുന്നു. 

എല്ലാ അർഥത്തിലും ലോകം ഖത്തറിലേക്ക് ചുരുങ്ങുകയാണ്. വിസ്മയിപ്പിക്കുന്ന വിസ്തൃതിയില്ലെങ്കിലും വിരുന്നുകാരെ സ്നേഹവും അഭിമാനവും ചേർത്ത് ഖത്തർ മാടിവിളിക്കുന്നു. എട്ടു സ്റ്റേഡിയങ്ങൾ, 29 ദിവസം, 32 ടീമുകൾ, 64 മത്സരങ്ങൾ, 832 കളിക്കാർ, 12 ലക്ഷം കാണികൾ…. പന്തിന്റെ പെരുന്നാൾപിറക്ക് കൺപാർക്കുകയാണ് ലോകം. ഡിസംബർ 18ന്റെ രാത്രിയിൽ, പ്രഭാപൂരിതമായ ലുസൈൽ സ്റ്റേഡിയത്തിൽ ആ സ്വർണക്കിരീടം മാറോടണക്കുന്ന പോർസംഘം ആരാകും? ആധിയും ആകാംക്ഷയും സ്വപ്നങ്ങളും ചാലിച്ച് ആറ്റിയും കുറുക്കിയുമുള്ള കണക്കുകൂട്ടലുകളുടെ കാലമാണിനി. അതുവരെ ലോകം ‘അൽരിഹ്‍ല’യെന്ന പന്തിനൊപ്പം പായും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more