1 GBP =
breaking news

കാൽപന്തുകളിയുടെ കാല്പനിക വസന്തത്തിന് ഇന്ന് റഷ്യയിൽ തിരി തെളിയും

കാൽപന്തുകളിയുടെ കാല്പനിക വസന്തത്തിന് ഇന്ന് റഷ്യയിൽ തിരി തെളിയും

കാൽപ്പന്തുകളിയുടെ കാല്പനിക വസന്തത്തിന് ഇന്ന് റഷ്യയിൽ തിരി തെളിയുന്നു. ഇനിയുള്ള ഒരുമാസക്കാലം എല്ലാ വൻകരകളും റഷ്യയിലുരുളുന്ന പന്തിന് പിന്നാലെ പായും. മോസ്കോയിലെ ലൂഴ്ഷ്‌നിക്കി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന ആദ്യമത്സരത്തിൽ ഏറ്റുമുട്ടുന്നത് ആതിഥേയരായ റഷ്യയും ഏഷ്യൻ കരുത്തരായ സൗദി അറേബ്യയും.
സൂപ്പർ ഫൈവ്
1. അർജന്റീന
1986 ൽ ഡീഗോ മറഡോണ ലോകകപ്പ് ഉയർത്തിയ ശേഷം അർജന്റീന ഇതുവരെ കിരീടത്തിൽ മുത്തമിട്ടിട്ടില്ല. എങ്കിലും ഫുട്ബാൾ ആരാധകരുടെ മനസിൽ ഒന്നാംസ്ഥാനത്ത് അർജന്റീനയാണ്. സാക്ഷാൽ ലയണൽ മെസിയെന്ന പടനായകന്റെ കീഴിലാണ് ഇക്കുറിയും അർജന്റീന അണിനിരക്കുന്നത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ജർമ്മനിയിൽ നിന്നേറ്റ തോൽവിക്ക് പകരംവീട്ടേണ്ടതുണ്ട് മറഡോണയുടെ പിൻഗാമികൾക്ക്.

2. ബ്രസീൽ
അഞ്ചുതവണ ലോകകപ്പ് ജേതാക്കളായവരാണ് കാനറികൂട്ടം. നെയ്‌മറും മഴ്സെലോയും ഫിർമിനോയും ഗബ്രിയേൽ ജീസസുമൊക്കെയായി റഷ്യയിലേക്ക് പറന്നെത്തിയ മഞ്ഞക്കിളികൾ സന്നാഹ മത്സരങ്ങളിലെ വൻ വിജയങ്ങൾ നൽകിയ ഉൗർജ്ജത്തിലാണ് . പരിക്ക് മാറി ഫോമിലേക്ക് എത്തിയ നെയ്‌മറാണ് കുന്തമുന.

3. ജർമ്മനി
നിലവിലെ ലോക ചാമ്പ്യൻമാരായ ജർമ്മനി കപ്പ് നിലനിറുത്താനെത്തുമ്പോൾ കഴിഞ്ഞ തവണത്തെ ശക്തിയുണ്ടോ എന്ന് സംശയത്തിലാണ്. ഒായ്‌സിൽ, മുള്ളർ, മാനുവൽ ന്യൂയർ തുടങ്ങിയ പഴയ പടക്കുതിരകൾ ഇപ്പോഴുമുണ്ട്. എന്നാൽ ഫിലിപ്പ് ലാം, ബാസ്റ്റിൻ ഷ്വെയ്ൻ സ്റ്റീഗർ, മിറോസ്ളാവ് ക്ളോസെ തുടങ്ങിയവർക്ക് പകരം വയ്ക്കാൻ പോന്നവർ കുറവ്.

4. പോർച്ചുഗൽ
കഴിഞ്ഞ യൂറോകപ്പ് ചമ്പ്യൻമാർ എന്നതാണ് ഇക്കുറി പോർച്ചുഗലിന് സാദ്ധ്യത കൽപ്പിക്കാൻ കാരണം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിദ്ധ്യം പറങ്കികൾക്ക് കരുത്തേകുന്നു. മെസിക്കൊപ്പം നിൽക്കുന്ന പ്രതിഭയാണ് ക്രിസ്റ്റ്യാനോ. യുവതാര നിരയുമായാണ് ക്രിസ്റ്റ്യാനോ ഇക്കുറി ലോകകപ്പിനെത്തുന്നത്.

5. ഫ്രാൻസ്
കഴിഞ്ഞ യൂറോകപ്പിൽ പോർച്ചുഗലിനോട് ഫൈനലിൽ തോറ്റ ഫ്രാൻസ് ഇക്കുറി ലോകകപ്പുയർത്തുമെന്ന പ്രതീക്ഷയിലാണ്. സ്പാനിഷ് ലീഗിലെ ഗോളടിവീരൻ അന്റോണിയോ ഗ്രീസ്മാൻ, യുവതാരം കൈലിയാൻ എംബാപ്പെ, ഉമിറ്റിറ്റി, പോഗ്ബ, മാത്യുഡി, ഒളിവർ ഗിറൗഡ് തുടങ്ങിയവരാണ് ഫ്രഞ്ച് സൈന്യത്തിലെ മുന്നണിപ്പോരാളികൾ.

. അവസാന നിമിഷം കോച്ചിനെ നഷ്ടമായെങ്കിലും മുൻ ചാമ്പ്യൻമാരായ സ്‌പെയ്ൻ, ഇംഗ്ളണ്ട്, ബെൽജിയം തുടങ്ങിയവരും കിരീടപ്രതീക്ഷയുള്ളവരാണ്.

കറുത്ത കുതിരകൾ
മുഹമ്മദ് സലാഹിന്റെ ചിറകിലേറിവരുന്ന ഇൗജിപ്‌ത്, യൂറോകപ്പിലെ വിസ്‌മയങ്ങളായ ഐസ്‌ലാൻഡ്, കഴിഞ്ഞ ലോകകപ്പിലെ അട്ടിമറി വീരൻമാരായ കോസ്റ്റാറിക്ക തുടങ്ങിയവരാണ് ഇക്കുറിയും കറുത്ത കുതിരകളാകാൻ സാദ്ധ്യതയുള്ളത്. ആഫ്രിക്കയിൽ നിന്ന് നൈജീരിയയും ഏഷ്യയിൽ നിന്ന് ജപ്പാനും ദക്ഷിണകൊറിയയും ഒക്കെ അട്ടിമറിക്ക് കാതോർക്കുന്നുണ്ട്.

വീരൻമാരാകാൻ ഇവർ
ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബാൾ പ്രതിഭകളുടെ പോരാട്ടത്തിനാകും ലോകകപ്പ് സാക്ഷ്യം വഹിക്കുക. അർജന്റീനയുടെ ലയണൽ മെസി, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീലിന്റെ നെയ്‌മർ, ഇംഗ്ളണ്ടിന്റെ ഹാരികേൻ, ബെൽജിയത്തിന്റെ ഏദൻ ഹസാർഡ്, ഫ്രാൻസിന്റെ ഗ്രീസ്‌മാൻ, ഇൗജിപ്തിന്റെ മൊഹമ്മദ് സലാഹ് തുടങ്ങിയവ ലോകോത്തരതാരങ്ങൾ റഷ്യയിൽ കാൽപ്പന്തിന്റെ വിസ്മയം സൃഷ്ടിക്കാൻ എത്തുന്നുണ്ട്.

21-ാമത് ലോകകപ്പാണ് റഷ്യയിൽ നടക്കുന്നത്.
32 -രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
64 – മത്സരങ്ങളാണ് ആകെയുള്ളത്.
5 -തവണ ചാമ്പ്യൻനായിട്ടുള്ള ബ്രസീലാണ് ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയിട്ടുള്ളത്.
4 – കിരീടങ്ങൾ വീതം ജർമ്മനിയും ഇറ്റലിയും നേടിയിട്ടുണ്ട്.
2- കിരീടങ്ങൾ വീതം അർജന്റീനയും ഉറുഗ്വേയും നേടിയിട്ടുണ്ട്.
1- കിരീടം വീതം ഫ്രാൻസ്, ഇംഗ്ളണ്ട്, സ്‌പെയ്ൻ എന്നീ രാജ്യങ്ങൾ നേടി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more