1 GBP = 103.12

ആഘോഷിച്ചു മറക്കാതിരിക്കാന്‍, എന്നും ഓര്‍മ്മിക്കാന്‍, ഒരു ദിനം .

ആഘോഷിച്ചു മറക്കാതിരിക്കാന്‍, എന്നും ഓര്‍മ്മിക്കാന്‍, ഒരു ദിനം .

ശ്രീജിത്ത് ശ്രീകുമാർ

ഇന്നലെ ലോക വനിത ദിനം ആഘോഷിച്ച അവസരത്തിൽ എൻ്റെ മനസ്സിൽ ഉദിച്ച ചില ചിന്തകൾ യുക്മന്യൂസ് വായനക്കാർക്കായി ഞാൻ ഇവിടെ കുറിക്കുന്നു.

“നമ്മുടെ വീട്ടിലെ ആകെയുള്ള പെണ്‍കുട്ടി അമ്മയാണ്…അവളെ നന്നായി നോക്കണം”

അഞ്ചാം ക്ളാസ്സിലോ മറ്റോ പഠിക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞതാണ് ഈ വാചകം. ഫെമിനിസം എന്നൊക്കെ കേള്‍ക്കുന്നതിനു വളരെ മുന്നെതന്നെ മനസ്സില്‍ കയറിയ ഒരു വാചകം. അച്ഛന്‍ ഫെമിനിസ്റ്റ് ആയിരുന്നോ എന്നൊക്കെ ചോദിച്ചാല്‍ ഒരു കൃത്യമായ ഉത്തരം ഇല്ല. അമ്മക്ക് തിരക്ക് കുറഞ്ഞ ജോലിസ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിച്ചും അതിനനുസരിച്ച് തന്‍റെ ട്രാന്‍സ്ഫര്‍ ശരിയാക്കിയും മറ്റും ഇഷ്ടപെട്ട ഒരാളുടെയൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ പല ബന്ധുക്കളും തിരിഞ്ഞുനോക്കാതെയിരുന്ന, കൂടെയിറങ്ങിവന്ന ആള്‍ക്ക് ഒരു കംഫേര്‍ട്ട് ഫീല്‍ കൊടുക്കാന്‍ അച്ഛന് ശ്രമിച്ചിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വീട്ടിലെ പണികള്‍ പലതും എല്ലാവരും ചേര്‍ന്നു ചെയ്യുക എന്ന അലിഖിത നിയമം, തുണി കഴുകലും, പാത്രം കഴുകലും , വീട് അടിച്ചുവാരി വൃത്തിയാക്കലുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി ഒരു വീട്ടില്‍ എല്ലാവരും ചെയ്യേണ്ട ഒരു വളരെ സ്വാഭാവികമായ കാര്യമായി ആദ്യകാലങ്ങളിലെ മനസ്സില്‍ പതിഞ്ഞിരുന്നു. ഒരു പരിധിവരെ ഫെമിനിസത്തിന്‍റെ ചില സ്വഭാവങ്ങള്‍ ജീവിതത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ തന്നെ അറിയാതെ ചിന്തകളില്‍ കുടുങ്ങിയതും ഇങ്ങനെയൊക്കെ തന്നെയായിരിക്കാം.

ഇതുകൊണ്ട്തന്നെ സ്ത്രീ തുല്യത, സ്ത്രീ ശാക്തീകരണം തുടങ്ങിയവ ഇത്രക്കും വലിയ ഒരു വിഷയമാണോ എന്ന് ആദ്യമായി ഇതിനെ പറ്റി കേള്‍ക്കുമ്പോള്‍ ചിന്തിച്ചിട്ടുണ്ട്.പിന്നീട് പലതും കാണുകയും, സ്ത്രീ സുഹൃത്തുക്കള്‍ പറഞ്ഞു പലതും കേള്‍ക്കുകയും ചെയ്തപ്പോള്‍ ആണ് സ്ത്രീ തുല്യത എന്നതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകകയും, എന്തുകൊണ്ട് അതൊരു അത്യാവശ്യമാണ് എന്ന് ബോധ്യപെടുകയും ചെയ്തത്. ഇത്തരം ചിന്തകളുടെ ഉത്പന്നമായിരുന്നു കൌമാര കാലങ്ങളില്‍ പൊങ്ങി വന്ന, പിന്നീട് ചിന്തിച്ചപ്പോള്‍ തീര്‍ത്തും ബാലിശമായി തോന്നിയ അന്ധയായ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കണം എന്ന ആഗ്രഹം! പിന്നീട് എപ്പോഴോ അത്തരം ഒരു ചിന്ത അത് നമ്മളെ ആശ്രയിച്ചു ജീവിക്കുന്ന ഒരാള്‍ എന്നതിന്‍റെ , “ഞാന്‍” എന്ന വ്യക്തിയുടെ സംരക്ഷണം എന്ന അഹങ്കാരത്തിന്‍റെ, വികാരോല്പന്നം മാത്രമാണെന്നും അതില്‍ സ്നേഹത്തിന്റെ അംശങ്ങളെതും ഇല്ലെന്നും മനസ്സിലാക്കി അതിനെ മനസ്സില്‍നിന്നും നുള്ളികളഞ്ഞതും രസമുള്ള ഓര്‍മ്മകളില്‍ ഒന്നാണ്.

എന്തുകൊണ്ട് വനിതാ ദിനങ്ങളും മറ്റും വേണമെന്ന് പലരും ചോദിക്കുന്നത്, അതിനെക്കുറിച്ച് കളിയാക്കുന്നത്, കേട്ടിട്ടുണ്ട്. നൂറ്റാണ്ടുകളായുള്ള പുരുഷകേന്ദ്രീകൃത മത രാഷ്ടീയ സാമൂഹിക വ്യവഹാരങ്ങളിലൂടെ വന്ന ഒരു സോഷ്യല്‍ കണ്ടീഷനിങ്ങിന്‍റെ ഏറ്റവും നീചമായ ഒരു മാനസികാവസ്ഥയാണ് ഇത്തരം പ്രതികരണങ്ങള്‍. അജ്ഞതയാണ് പലപ്പോഴും ഇത്തരം ചോദ്യങ്ങളുടെ പിന്‍ബലം. ഈ ചോദ്യകര്‍ത്താക്കള്‍ മനസ്സിലാക്കാത്ത അല്ലെങ്കില്‍ മനസ്സിലാകാന്‍ ശ്രമിക്കാത്ത ഒന്നാണ് സ്ത്രീകള്‍ക്കെതിരെ കാലങ്ങളായി നിലനിന്നുപോരുന്ന, ഇന്നും ചുറ്റിലും നിലനില്‍ക്കുന്ന വിവേചനങ്ങളും അസമത്വങ്ങളും അടിച്ചമര്‍ത്തലുകളും അവയുടെ ചരിത്രവും. മാതൃത്വം എന്ന ഒന്നിനെ എഴുത്തുകളിലും മറ്റും വികാരപരമായി പ്രകടിപ്പിക്കുകയും, ദൈവീകമായ സ്ത്രീ ശക്തിയെ ഉയര്‍ത്തികാട്ടുകയും, അതിന്‍റെ മുന്നില്‍ വണങ്ങുകയും ചെയ്യുന്ന ഒരു പുരുഷകേന്ദ്രീകൃത സമൂഹം തന്നെയാണ് വളരെ സമര്‍ത്ഥമായി സ്ത്രീയെ വീടുകളില്‍ ഒതുക്കുകയും പലപ്പോഴും ഒരു വില്പനചിരക്കാക്കി തന്‍റെ സാമൂഹിക വ്യവഹാരത്തിന്റെ ഭാഗമാക്കുകയും ചെയ്തത് എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കാണാം. പലയിടങ്ങളിലും ആദ്യകാല സമൂഹങ്ങളും പലതും സ്ത്രീ കേന്ദ്രീകൃതമായിരുന്നെന്നും പിന്നീടാണ് ഇന്ന് നമ്മള്‍ കാണുന്ന ഒരു രീതിയിലേക്ക് സ്തീയുടെ റോള്‍ ഒതുക്കപ്പെട്ടത് എന്നതും എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഒരുപക്ഷെ പുരോഗമനത്തിന്റെ വഴിയില്‍ സ്ഥിരമായി ഒരു സ്ഥലത്ത് വളര്‍ത്തു മൃഗങ്ങള്‍ , കൃഷി, ഭക്ഷണ ശേഖരം തുടങ്ങിയ കാര്യങ്ങളുമായി ഒതുങ്ങേണ്ടി വന്ന ഒരു ജനത മനുഷ്യ വികാസത്തിന്‍റെ ആധുനിക ഘട്ടങ്ങളില്‍ എപ്പോഴോ ആയിരിക്കാം കുട്ടികളെ വളര്‍ത്തലും, ഭക്ഷണപാചകവും, മറ്റു വീട്ടു പണികളുമായി ബന്ധപ്പെടുത്തി സ്ത്രീയെ സാമൂഹിക വ്യവഹാരങ്ങളില്‍ ഇന്ന് കാണുന്ന ഒരു സ്ഥാനത്ത് പ്രതിഷ്ടിച്ചത്. അതോടൊപ്പം വന്ന പുതിയ മതങ്ങളും മറ്റു സാമൂഹിക നിയമങ്ങളും ഇത്തരം ഒരു പിന്തള്ളപെടലിനെ ഇന്ന് കാണും വിധം ഒരു സ്വീകാര്യത നല്‍കി. അങ്ങനെ വേട്ടക്കാരനായ പുരുഷന്‍, അവനു ദിവസവും വേട്ട കിട്ടിയെല്ലെങ്കിലും, മുന്നിലും വീടും ഭക്ഷണ ശേഖരവും കാത്തും, കുട്ടികളെ പ്രസവിച്ചും, വളര്‍ത്തിയും , ഭക്ഷണമുണ്ടാക്കിയും ഒരു സമൂഹത്തെ അതിന്‍റെ അതിജീവനത്തിന് സഹായിക്കുന്ന സ്ത്രീ പിന്നിലേക്കും എന്ന ഒരു സാമൂഹിക ക്രമം എല്ലായിടത്തും രൂപപ്പെട്ടു എന്ന് കരുതാം.

എന്നാല്‍ ഈ നൂറ്റാണ്ടിന്‍റെ ആദ്യകാലങ്ങളില്‍ വന്ന വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക തൊഴില്‍ മുന്നേറ്റങ്ങള്‍ പലയിടത്തും സ്ത്രീയെ മെല്ലെ മെല്ലെ സമൂഹത്തിന്‍റെ മുഖ്യധാരാ വിനിമയ മണ്ഡലങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കാരണമാക്കി. ഇതോടൊപ്പം വന്ന വ്യാവസായിക വിപ്ലവങ്ങളും മറ്റും മൂലം ജോലിരീതികളില്‍ വന്ന മാറ്റങ്ങള്‍ പുരുഷനോടൊപ്പം ഏതു ജോലിയും ചെയ്യാന്‍ സ്ത്രീയേയും പ്രാപ്തയാക്കി. പക്ഷെ അവിടെയാണ് മറ്റൊരു പ്രശ്നം പൊങ്ങി വന്നത്. സ്ത്രീയെ കാലങ്ങളായി ഒരു പുരുഷ കേന്ദ്രീകൃത മത സാമൂഹിക ചുറ്റുപാടുകളുടെ നിര്‍മ്മിച്ച കണ്ണുകൊണ്ട് കണ്ട് ശീലിച്ച പുരുഷന് പല മേഖലകളിലും ഉള്ള സ്ത്രീയുടെ മുന്നേറ്റം അംഗീകരിക്കുവാനോ, മനസ്സിലാക്കാനോ ഇനിയും കഴിയുന്നില്ല. മാത്രവുമല്ല മതങ്ങളുടെയും സാമൂഹിക നിയമങ്ങളുടെയും കാലത്തിനനുസരിച്ച് വേഗത്തില്‍ മാറാന്‍ ഉള്ള കഴിവില്ലായ്മ,സ്വാഭാവികമായ മാറ്റങ്ങളോടുള്ള മനുഷ്യന്‍റെ എതിര്‍പ്പ് തുടങ്ങിയവ ഈ പ്രശ്നത്തെ ഇന്ന് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. അതുകൊണ്ട് തന്നെ ഇന്നും സ്ത്രീ തുല്യതയെന്ന വിഷയത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ആവാതെ, അതിന്‍റെ ആവശ്യത്തെക്കുറിച്ച് സംസാരിക്കുന്നവരെ നമ്മള്‍ കളിയാക്കിയും, മത-സാമൂഹിക നിയമങ്ങളള്‍ പറഞ്ഞ് സ്ത്രീസ്വാതന്ത്ര്യത്തിനു പരിധിവെച്ചും നേരിടുന്നു.

ഇത്തരം ഒരു സാഹചര്യത്തില്‍ ആണ് ഇന്നത്തെ സ്ത്രീമുന്നേറ്റങ്ങളുടെ പ്രസക്തിയെറുന്നതും. പുരുഷനോടൊപ്പം നില്‍ക്കുവാനുള്ള ത്രാണിയുണ്ടെന്ന് തെളിയിക്കുന്നതിനോടൊപ്പം തന്നെ ഓരോ സ്ത്രീക്കും പുരുഷകേന്ദ്രീകൃത സമൂഹത്തിന്‍റെ അവഗണനകളോടോപ്പവും, ശീലങ്ങളോടോപ്പവും പോരാടി മുന്നേറെണ്ട ഒരു സ്ഥിതിവിശേഷം ഇന്നത്തെ സ്തീകളുടെ ജീവിതം പലപ്പോഴും ഒരേ സമയം പല തലങ്ങളിലുള്ള ഒരു യുദ്ധമാക്കി മാറ്റുന്നു. ഇന്നു ജീവിതത്തില്‍ മുന്നേറുന്ന ഓരോ സ്ത്രീയും ഒരേ സമയം തന്‍റെ വീട്ടിലും , തന്‍റെ സമൂഹത്തിലും , തന്‍റെ ജോലിസ്ഥലത്തും വ്യതസ്തങ്ങളായ പുരുഷാധിപത്യ-മത-സാമൂഹിക നിയമങ്ങളുമായി അറിഞ്ഞും അറിയാതെയും സംഘട്ടനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. പുരോഗമന വാദികള്‍ എന്ന് പറയുന്നവര്‍പ്പോലും ഒരു സ്ത്രീയുടെ ഈ വിവിധതലങ്ങളിലുള്ള പോരാട്ടങ്ങളും അതിന്‍റെ ബുദ്ധിമുട്ടുകളും മനസ്സിലാക്കാതെ പോകുന്നു എന്നതും സ്ത്രീ തുല്യത എന്നത് പുരോഗമന സമൂഹങ്ങളിലടക്കം ലോകത്ത് പലയിടത്തും ഇന്നും പൂര്‍ണ്ണമായ രീതിയില്‍ കാണാന്‍ കഴിയാത്ത ഒരു വസ്തുതയാക്കി മാറ്റുന്നു. സര്‍ക്കാരുകളിലും, കോര്‍പറെറ്റ് ബോര്‍ഡ് റൂമുകളിളും തുടങ്ങി സമൂഹത്തില്‍ പലയിടത്തും എന്തിനേറെ തുല്യജോലി ചെയ്യുമ്പോള്‍ കിട്ടുന്ന ശമ്പളത്തിലടക്കം ഈ വ്യത്യാസം, ഈ അവഗണന നമുക്ക് കാണാന്‍ പറ്റും. ഇത്തരം ഒരു അവസ്ഥ നിലനിര്‍ത്തുന്നതില്‍, അല്ലെങ്കില്‍ അതിനു വളം പകരുന്നതാണ് നമ്മള്‍ നിര്‍ദ്ദോഷമെന്നു കരുതി പറയുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഉള്ള കമന്റുകള്‍, നമ്മുടെ വീട്ടിലെ പെരുമാറ്റ ശീലങ്ങള്‍, അഭിമാനത്തോടെ കൊണ്ടുനടക്കുന്ന സ്ത്രീ വിരുദ്ധ മത-സാമൂഹിക കാഴ്ചപാടുകള്‍ തുടങ്ങിയവയെല്ലാം. കാരണം അതെല്ലാം നമ്മുടെ ചുറ്റിലും ഉള്ള സ്ത്രീ എന്ന ഇമേജിനെ അതേപടി നിലനിര്‍ത്താനും, അറിഞ്ഞോ അറിയാതെയ്യോ സ്ത്രീയെ നമ്മളേക്കാള്‍ ഒരു പടി താഴെനില്‍കുന്ന ഒരു സൃഷ്ടിയെന്ന രീതിയില്‍ കാണുവാനുള്ള ഒരു സ്വാഭാവികമായ അനുഭവതലം നിലനിര്‍ത്തികൊണ്ടുപോകാനും കാരണമാക്കുന്നു. നമ്മുടെ ചുറ്റും അതുകൊണ്ട് തന്നെ ഭരണഘടനാപരമായോ നിയമപരമായോ പരിരക്ഷയുള്ള പുരോഗമനമെന്നു പറയുന്ന സമൂഹങ്ങളില്‍പ്പോലും സ്ത്രീ സാമൂഹ്യമായ വിവേചനങ്ങള്‍ അനുഭവിക്കുന്നു. ചുറ്റിലും വളര്‍ന്നു വരുമ്പോള്‍ ശീലിച്ച മത സാമൂഹിക നിയമങ്ങളുടെ ഭ്രമത്തില്‍ പെടുന്ന സ്ത്രീകളും പലപ്പോഴും ഇത്തരം വിവേചനം നിലനിര്‍ത്തുന്നതിനു ഒരു നല്ല പങ്ക് വഹിക്കുന്നു. ഇവരില്‍ പലരും പലകാര്യങ്ങളിലും പുരുഷന്‍മാരെക്കാള്‍ തീവ്രമായ സ്ത്രീവിരുദ്ധ നിലപാടുകള്‍ ഉള്ളവരാണെന്നതാണ് വാസ്തവം.

ഇതിനോരു പ്രതിവിധി നമ്മള്‍ ഓരോരുത്തരും എടുകേണ്ട ഉറച്ച ചില നിലപാടുകള്‍ ആണ്. എന്ത് വന്നാലും തന്‍റെ വീട്ടില്‍, താന്‍ ഇടപെടുന്ന ചുറ്റുപാടുകളില്‍ ഉള്ള സ്ത്രീക്ക് തന്നോളം പരിഗണന ഞാന്‍ നല്‍കും എന്ന വളരെ ലളിതമായ എന്നാല്‍ വ്യക്തമായ ഒരു തീരുമാനം മാത്രമേ ഇതിനാവശ്യമുള്ളു. സ്ത്രീ സമത്വം എന്നത് പുരുഷ സമൂഹം കൊടുക്കേണ്ട ഒരു ഔദാര്യം അല്ല മറിച്ചു നമ്മാല്‍ കാലങ്ങളായി നിഷേധിക്കുന്ന , നമ്മളെ ഒരോരുത്തരെയും ബീജവസ്ഥ മുതല്‍ മനുഷ്യാവസ്ഥ ആവുന്നത് വരെ സ്വന്തം ശരീരത്തില്‍ കൊണ്ടുനടക്കുന്ന ഒരു സഹജീവിയുടെ നൂറ്റാണ്ടുകളായി നമ്മള്‍ തടഞ്ഞുനിര്‍ത്തുന്ന അവകാശം ആണ് എന്ന ഒരു ചിന്ത മാത്രം മതി അത്തരം ഒരു തീരുമാനമെടുക്കാന്‍. ഒരു പക്ഷെ അതുമാത്രമാണ് നൂറ്റാണ്ടുകളായി നമ്മള്‍ ചെയ്തുവരുന്ന സ്ത്രീവിരുദ്ധതക്കുള്ള പ്രായശ്ചിത്തം.

കണ്ണാടി നോക്കി വാക്കുകളിലും പ്രവര്‍ത്തികളും എത്രത്തോളം സ്ത്രീ വിരുദ്ധനാണ് ഞാന്‍ എന്ന ചോദ്യത്തിന്‍റെ സത്യസന്ധമായ ഉത്തരം ആവട്ടെ ഇന്നത്തെ ദിനം മുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നമ്മുടെ പ്രേരണ. മാറ്റം എഴുതുന്ന വക്കുകളില്‍ മാത്രം നില്‍കാതെ ദിനവും ചെയ്യുന്ന പ്രവര്‍ത്തികളിലേക്കും പടരട്ടെ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more