1 GBP = 103.91

റെസ്റ്റോറന്റ് മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യന്‍ ഷെഫുമാരെ വേണമെന്ന് ആവശ്യം

റെസ്റ്റോറന്റ് മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യന്‍ ഷെഫുമാരെ വേണമെന്ന് ആവശ്യം

ലണ്ടന്‍: ബ്രക്‌സിറ്റിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ റെസ്റ്റോറന്റ് മേഖലയെ രക്ഷിക്കാന്‍ വിന്താലു വിസ കൊണ്ടുവരണമെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഷെഫുമാരെ ബ്രിട്ടനിലേക്ക് എത്തിക്കാന്‍ വിന്താലു വിസ വഴി സാധിക്കുമെന്നും പാര്‍ട്ടി നേതാവ് സര്‍ വിന്‍സ് കേബിള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം തെരേസ മേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിന്‍സ് കേബിള്‍ പറഞ്ഞു.

ബ്രിട്ടനില്‍ 3.6 ബില്ല്യണ്‍ പൗണ്ട് വരുമാനമുള്ള വ്യവസായമേഖലയാണ് കറി റെസ്റ്റോറന്റുകളുടേത്. ഇന്ത്യ, പാകിസ്താന്‍,ബംഗ്‌ളാദേശ് രുചികള്‍ വിളമ്പുന്ന റെസ്റ്റോറന്റുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ബ്രക്‌സിറ്റിനെത്തുടര്‍ന്നുണ്ടായ വിസ വെട്ടിച്ചുരുക്കലുകളും നിയന്ത്രണങ്ങളും റെസ്റ്റോറന്റ് മേഖലയെ തകര്‍ത്തിരിക്കുകയാണ്. ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാല്‍ പല റെസ്റ്റോറന്റുകളും അടച്ചുപൂട്ടി. മറ്റ് ചിലതാവട്ടെ ആഴ്ച്ചയില്‍ മൂന്ന് ദിവസമേ തുറന്നു പ്രവര്‍ത്തിക്കുന്നുള്ളു.

ഈ സാഹചര്യത്തിലാണ് വിന്താലു വിസ അനുവദിച്ച് വ്യവസായമേഖലയെ രക്ഷിക്കണമെന്ന് വിന്‍സ് കേബിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ പ്രിയപ്പെട്ട രുചിഭേദങ്ങളെ നിലനിര്‍ത്താന്‍ ഒരു വര്‍ഷം നീളുന്ന താല്‍ക്കാലിക വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ബ്രക്‌സിറ്റ് അനുകൂലികള്‍ക്ക് തെരേസ മേ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും വിന്‍സ് കേബിള്‍ ആരോപിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാന്‍ ഒരു വോട്ട് നല്‍കിയാല്‍ റെസ്‌റ്റോറന്റ് മേഖലയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, വിസ നിയന്ത്രണം നിലവില്‍ വന്നതോടെ ബ്രക്‌സിറ്റ് വിപരീതഫലമാണ് ചെയ്തിരിക്കുന്നതെന്നും വിന്‍സ് കേബിള്‍ കുറ്റപ്പെടുത്തി.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത പത്ത് വര്‍ഷത്തിനകം ബ്രിട്ടനിലെ പകുതിയോളം കറി റെസ്‌റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നാണ് ലണ്ടനിലെ ബ്രിട്ടീഷ് കറി അവാര്‍ഡ്‌സ് ചടങ്ങിനോടനുബന്ധിച്ച് നടത്തിയ വിലയിരുത്തലില്‍ പുറത്തുവന്ന വിവരം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഷെഫുമാര്‍ക്ക് താല്‍ക്കാലിക വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കറി അവാര്‍ഡ്‌സ് സ്ഥാപകന്‍ എനാം അലിയും സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. ബ്രിട്ടനിലെ ഷെഫുമാര്‍ക്ക് പരിശീലനം നല്‍കാനെങ്കിലും ഈ വിസ ഉപകാരപ്പെടുമെന്നാണ് എനാം അലി അഭിപ്രായപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more